എല്‍ഐസി ഐപിഒ; സെബിയുടെ അനുമതി ലഭിച്ചു, ഇനി കാത്തിരിപ്പ് തിയതി പ്രഖ്യാപനത്തിന്‌

രാജ്യത്തെ ഇന്‍ഷുറന്‍സ് ഭീമന്‍ എല്‍ഐസിയുടെ പ്രാരംഭ ഓഹരി (LIC IPO) വില്‍പ്പനയ്ക്ക് സെബി അനുമതി ലഭിച്ചു. എല്‍ഐസി ഐപിഒയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ച് സിഎന്‍ബിസി ടിവി18 ആണ് വാര്‍ത്ത പുറത്ത് വിട്ടത്. എല്‍ഐസി ഐപിഒയ്ക്കായി സമര്‍പ്പിച്ച ഡ്രാഫ്റ്റ് പേപ്പര്‍ അനുസരിച്ച് 31 കോടി ഓഹരികളാണ് വില്‍ക്കുന്നത്. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയിലിലൂടെയാണ് ഐപിഒ.

ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയ്യേഴ്‌സിന് 50 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 35 ശതമാനവും സംവരണം ഐപിഒയില്‍ ഉണ്ടാവും. നോണ്‍-ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്ക് 15 ശതമാനം സംവരണവും ലഭിക്കും. കൂടാതെ പോളിസി ഉടമകള്‍ക്കും എല്‍ഐസി ജീവനക്കാര്‍ക്കും പ്രത്യേകമായി ഓഹരികള്‍ നീക്കിവെച്ചിട്ടുണ്ട്. എല്‍ഐസിയുടെ അഞ്ച് ശതമാനം ഓഹരി വില്‍പ്പനയിലൂടെ ഏകദേശം 63,000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആവും എല്‍ഐസിയുടേത്.
അനുമതി കിട്ടിയെങ്കിലും ഐപിഒ എന്ന് നടത്തണം എന്ന കാര്യത്തില്‍ കേന്ദ്രം ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. റഷ്യ-യുക്രെയ്ന്‍ (Russia-Ukraine) പ്രതിസന്ധി കണക്കിലെടുത്ത് ഐപിഒ നീട്ടിവെച്ചേക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ വിപണി സാഹചര്യങ്ങള്‍ നോക്കി പുതിയ തീയതികള്‍ പരിഗണിക്കാന്‍ സാധ്യതയുള്ളതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ അധികരിച്ച് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിലവിലെ സാഹചര്യത്തില്‍ എല്‍ഐസി ഓഹരി വില്‍പ്പനയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്ന തുക ലഭിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. 2100-2000 എന്ന നിലയില്‍ നിന്ന് ഓഹരി വിലയും 2000ന് താഴെ നിശ്ചയിക്കേണ്ടി വരും. മാര്‍ച്ചിനുള്ളില്‍ എല്‍ഐസി ലിസ്റ്റ് ചെയ്യുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. നടപ്പ് സാമ്പത്തിക വര്‍ഷം ഓഹരി വില്‍പ്പനയിലൂടെ 78000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതുവരെ 12,424 കോടി രൂപ മാത്രമാണ് കേന്ദ്രത്തിന് സമാഹരിക്കാനായത്.




Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it