എല്‍ ഐ സിയുടെ മൂല്യം 15 ലക്ഷം കോടി രൂപ?

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ( എല്‍ ഐ സി) യുടെ മൂല്യം 15 ലക്ഷം കോടി രൂപയായേക്കുമെന്ന സൂചനകള്‍. എല്‍ ഐ സിയുടെ മൂല്യം തീരുമാനിച്ചുകൊണ്ടുള്ള അന്തിമ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെങ്കിലും കേന്ദ്രം 15 ലക്ഷം കോടി രൂപയെന്ന മൂല്യത്തിലേക്കാണ് നോട്ടമിടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എല്‍ ഐ സിയുടെ എംബഡഡ് വാല്യു നാല് ലക്ഷം കോടി രൂപയായാണ് കണക്കാക്കിയിരിക്കുന്നത്. ഭാവി ലാഭത്തിന്റെ ഇപ്പോഴത്തെ മൂല്യവും ആസ്തികളുടെ അറ്റമൂല്യവും ചേര്‍ന്നുള്ളതാണ് എംബഡഡ് വാല്യു. ഇന്‍ഷുറന്‍സ് കമ്പനികളെ സംബന്ധിച്ചിടത്തോളം ഇത് സുപ്രധാനമായ കണക്കാണ്. പൊതുവേ, ഇന്‍ഷുറന്‍സ് കമ്പനികളുടെ എംബഡഡ് വാല്യുവിന്റെ 3-5 മടങ്ങായിരിക്കും ആ കമ്പനിയുടെ മൂല്യം.

അങ്ങനെയെങ്കില്‍ നാല് ലക്ഷം കോടി രൂപ എംബഡഡ് വാല്യുവുള്ള എല്‍ ഐ സിക്ക് അതിന്റെ നാല് മടങ്ങെടുത്താല്‍ പോലും 15 ലക്ഷം കോടി രൂപ മൂല്യം കല്‍പ്പിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍.

നിക്ഷേപകര്‍ ഈ മൂല്യനിര്‍ണയത്തെ പിന്തുണച്ചാല്‍, മൂല്യത്തില്‍ എല്‍ ഐ സി, ടി സി എസ്സിനെ പിന്തള്ളിയേക്കും. നിലവില്‍ ടി സി എസ്സിന് 14.3 ലക്ഷം കോടി രൂപ വാല്വേഷനാണുള്ളത്. റിലയന്‍സിന് 17 ലക്ഷം കോടി രൂപ മൂല്യവും.


Related Articles
Next Story
Videos
Share it