എല്‍ഐസി ഐപിഒ; ഇഷ്യൂ വില ഒരു ഓഹരിക്ക് 1,693-2,962 രൂപയായി നിശ്ചയിച്ചേക്കും

ഇന്ത്യ കാത്തിരിക്കുന്ന ഏറ്റവും വലിയ ഐ പി ഒ ആണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി)യുടേത്. ഇക്കഴിഞ്ഞ ദിവസമാണ് (ഫെബ്രുവരി 13 ന്) എല്‍ ഐ സി ഐ പി ഒയ്ക്കായി സെബിയില്‍ പേപ്പര്‍ സമര്‍പ്പിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തിലെ 78,000 കോടി രൂപ എന്ന പുതുക്കിയ ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം കൈവരിക്കുന്നതിലേക്ക് വലിയൊരു തുകയെത്താന്‍ ഈ ഇഷ്യു സര്‍ക്കാരിനെ സഹായിക്കുമെന്നാണ് കരുതുന്നത്.

632 കോടി ഷെയറിന്റെ മൊത്തം ഇക്വിറ്റി മൂലധനത്തെ അടിസ്ഥാനമാക്കി, വില്‍പ്പനയ്ക്കുള്ള 5% ഓഫറിനുള്ള ഇഷ്യു വലുപ്പം 53,500 കോടി മുതല്‍ 93,625 കോടി രൂപ വരെയായേക്കാമെന്നാണ് റിപ്പോര്‍ട്ട്. ഇഷ്യൂ വില ഒരു ഓഹരിക്ക് 1,693-2,962 രൂപയായിരിക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.
100 ശതമാനം ഓഹരികളും സര്‍ക്കാര്‍ കൈവശം വെച്ചിരിക്കുന്ന എല്‍ഐസിയുടെ ഐപിഒ പൂര്‍ണമായും സെക്കന്ററി ഓഹരികളുടെ വില്‍പ്പനയിലൂടെയാണ്. ഏകദേശം 11-12 ട്രില്യണ്‍ രൂപയുടെ മൂല്യമാണ് എല്‍ഐസിയ്ക്ക് കണക്കാക്കിയിരിക്കുന്നത്.
എല്‍ഐസിയുടെ വിപണി മൂല്യം 12 ട്രില്യണ്‍ രൂപ ആണെങ്കില്‍ കുറഞ്ഞത് 10 ശതമാനം അല്ലെങ്കില്‍ 1.02 ട്രില്യണ്‍ രൂപയുടെ ഓഹരികള്‍ ഐപിഒയില്‍ എത്തിക്കണം. അതേസമയം കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച പുതിയ നിയമ പ്രകാരം കുറഞ്ഞത് 5.4 ശതമാനം ഓഹരികള്‍ ഐപിഒയിലൂടെ വില്‍ക്കാം.
സാധാര രീതിയില്‍ ഐപിഒയ്ക്ക് പേപ്പറുകള്‍ സമര്‍പ്പിച്ചാല്‍ സെബി അനുമതി ലഭിക്കാന്‍ കുറഞ്ഞത് ഒരു മാസമെങ്കിലും എടുക്കും. എന്നാല്‍ എല്‍ഐസിയുടെ കാര്യത്തില്‍ മൂന്നാഴ്ചക്കുള്ളില്‍ അനുമതി നല്‍കിയേക്കാം. മാര്‍ച്ച് 31ന് ഉള്ളില്‍ എല്‍ഐസി ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.

പോളിസി ഉടമകള്‍ക്കും വരാനിരിക്കുന്ന ഐപിഓയില്‍ പങ്കെടുക്കാം എന്ന് എല്‍ഐസി അറിയിച്ചിരുന്നു. ഇളവുകളും പോളിസി ഉടമകള്‍ക്ക് ലഭിച്ചേക്കാമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിപാം) സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it