എല്‍ഐസി ഐപിഒ; ഓഹരികളുടെ എണ്ണം കുറച്ചും നേട്ട സാധ്യതകള്‍ മുന്നില്‍ കണ്ടും മൂല്യ നിര്‍ണയം

രാജ്യത്തെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്ന എല്‍ഐസി, വില്‍ക്കുന്ന ഓഹരികളുടെ എണ്ണം പുതുക്കി നിശ്ചയിച്ചു. 3.5 ശതമാനം ഓഹരികളുടെ വില്‍പ്പനയിലൂടെ 21,000 കോടി രൂപയാണ് എല്‍ഐസി സമാഹരിക്കുക. നേരത്തെ 5 ശതമാനം ഓഹരികള്‍ വില്‍ക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരുന്നത്.

3.5 ശതമാനത്തിനൊപ്പം 1.5 ശതമാനം ഓഹരികള്‍ കൂടി അധികമായി വില്‍ക്കാനുള്ള സാധ്യതയും എല്‍ഐസി പരിഗണിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന തുക 30,000 കോടി രൂപയാവും. നേട്ട സാധ്യതകള്‍, ആഗോള തലത്തിലെ ഇന്‍ഷുറന്‍സ് കമ്പനികളുടെ മൂല്യം തുടങ്ങിയവ പരിഗണിച്ചാണ് എല്‍ഐസിയുടെ വിപണി മൂല്യം കേന്ദ്രം നിശ്ചയിച്ചത്. 6 ട്രില്യണ്‍ രൂപയായാണ് എല്‍ഐസിയുടെ മൂല്യം.
പുതിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച draft red herring prospectus സെബിക്ക്, എല്‍ഐസി സമര്‍പ്പിച്ചു. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമ്പോള്‍ എല്‍ഐസിയുടെ വിപണി മൂല്യം ഉയരുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. യുക്രെയ്ന്‍- റഷ്യ യുദ്ധത്തെ തുടര്‍ന്ന് വിപിണിയിലുണ്ടായ ഏറ്റക്കുറച്ചിലുകളുടെ പശ്ചാത്തലത്തില്‍, ആഭ്യന്തര നിക്ഷേപകരെ ഐപിഒയിലേക്ക് ആകര്‍ഷിക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നത്. മാര്‍ച്ച് മാസം പുറത്തുവന്ന എല്‍ഐസിയുടെ വളര്‍ച്ച നിരക്കുകള്‍ വിദേശ നിക്ഷേപകരില്‍ താല്‍പ്പര്യം കുറച്ചെന്ന വിലയിരുത്തലും ഉണ്ട്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുമായുള്ള മത്സരത്തില്‍ എല്‍ഐസിയുടെ വിപണി വിഹിതം ഇടിഞ്ഞിരുന്നു.
അതേ സമയം പന്ത്രണ്ടോളം ആഭ്യന്തര-വിദേശ അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ ഐപിഒയില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യം അറിയിച്ചതായി ദേശീയ മാധ്യമമായ മിന്റ് റിപ്പോര്‍ട്ട് ചെയ്തു. മെയ് ആദ്യവാരം ഐപിഒ നടത്താനുള്ള തയ്യാറെടുപ്പിലാണ് എല്‍ഐസി. ഐപിഒ നടത്താന്‍ സെബി നല്‍കിയിരിക്കുന്ന സമയ പരിധി മെയ് 12ന് ആണ് അവസാനിക്കുന്നത്.


Related Articles

Next Story

Videos

Share it