ചരിത്ര നിമിഷം, എല്‍ഐസി ഓഹരി വിപണിയിലേക്ക് അരങ്ങേറ്റം കുറിച്ചത് 8.6 ശതമാനം കിഴിവോടെ

ഇന്ത്യന്‍ ഓഹരി വിപണിയിലെ ചരിത്രനിമിഷങ്ങള്‍ക്കൊടുവില്‍ എല്‍ഐസി (LIC) ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ചു. ലിസ്റ്റിംഗ് പ്രൈസായ (LIC Ipo Listing Price) 949 രൂപയില്‍നിന്ന് 8.6 ശതമാനം കിഴിവോടെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഗ്രേയ് മാര്‍ക്കറ്റിലെ തകര്‍ച്ചയുടെയും ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിന്റെയും പശ്ചാത്തലത്തില്‍ എല്‍ഐസിയുടെ ലിസ്റ്റിംഗ് കിഴിവോടെയായിരിക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.

ബിഎസ്ഇയില്‍ ഇഷ്യു വിലയായ 949 രൂപയ്ക്കെതിരെ 867.20 രൂപയില്‍ ആരംഭിച്ച സ്റ്റോക്ക് ഏറ്റവും താഴ്ന്ന നിലയായ 860.10 രൂപയിലുമെത്തി. പിന്നീടു 918 രൂപ വരെ കയറിയിട്ട് താണു.രാവിലെ 10.05 ന്, ബിഎസ്ഇയില്‍ 883.40 രൂപയിലാണ് വ്യാപാരം നടക്കുന്നത്. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (എന്‍എസ്ഇ) 8.11 ശതമാനം താഴ്ന്ന് 872.00 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്.
എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്‍പ്പന 2.95 മടങ്ങാണ് സബ്‌സ്‌ക്രൈബ് ചെയ്തത്. എല്ലാ വിഭാഗത്തിലും കൂടുതലായി സബ്സ്‌ക്രിപ്ഷന്‍ കാണപ്പെട്ടപ്പോള്‍ പോളിസി ഉടമകളുടെ വിഭാഗം ആറ് മടങ്ങാണ് സബ്സ്‌ക്രൈബ് ചെയ്തത്. റീറ്റെയ്ല്‍ നിക്ഷേപകരുടെ വിഭാഗം 1.99 തവണയും ജീവനക്കാരുടെ വിഭാഗം 4.39 തവണയും സബ്സ്‌ക്രൈബ് ചെയ്തു. നോണ്‍-ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ വിഭാഗത്തില്‍ 2.91 മടങ്ങ് അപേക്ഷകളുണ്ടായപ്പോള്‍ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ വിഭാഗത്തില്‍ 2.83 മടങ്ങ് സബ്സ്‌ക്രിപ്ഷന്‍ ലഭിച്ചു. റീട്ടെയ്ല്‍, പോളിസി ഉടമകള്‍ക്ക് യഥാക്രമം 45 രൂപയും 60 രൂപയും അധിക കിഴിവും എല്‍ഐസി നല്‍കിയിരുന്നു.
എല്‍ഐസി ഐപിഒയോടെ (LIC Ipo) ഇന്ത്യന്‍ ഓഹരി വിപണിയിലെ എക്കാലത്തെയും വലിയ ഐപിഒ ആയി ഇത് മാറി. നേരത്തെ, 2021ല്‍ 18,300 കോടി രൂപ സമാഹരിച്ച പേടിഎം ആയിരുന്നു തുകയുടെ കാര്യത്തില്‍ ഐപിഒകളുടെ മൂന്നിലുണ്ടായിരുന്നത്. 15,500 കോടി രൂപ സമാഹരിച്ച കോള്‍ ഇന്ത്യയുടെയും 11,700 കോടി രൂപ സമാഹരിച്ച റിലയന്‍സ് പവറുമാണ് ഐപിഒകളിലെ മറ്റ് മുന്‍നിരക്കാര്‍.


Related Articles
Next Story
Videos
Share it