എല്‍ഐസി ഐപിഒ 2022 മാര്‍ച്ചില്‍ നടന്നേക്കുമെന്ന് സര്‍ക്കാര്‍; കാത്തിരിപ്പ് ലിസ്റ്റില്‍ ആറോളം പി എസ് യുകള്‍

രാജ്യം ഏറെ കാത്തിരിക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എല്‍ഐസി) യുടെ പ്രാഥമിക പബ്ലിക് ഓഫര്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. സിഐഐ ഗ്ലോബല്‍ ഇക്കണോമിക് പോളിസി സമ്മിറ്റില്‍ സംസാരിക്കവെ നിക്ഷേപ പബ്ലിക് അസറ്റ് മാനേജ്മെന്റ് (ഡിപാം) വകുപ്പ് സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ ആണ് മാര്‍ച്ച് - ഏപ്രില്‍ 2022 ല്‍ എല്‍ഐസി ഐപിഒ നടന്നേക്കുമെന്ന കാര്യം പറഞ്ഞത്.

''എല്‍ഐസി ഐപിഒയ്ക്ക് വേണ്ടിയുള്ള കഠിന പരിശ്രമം നടക്കുകയാണ്. മൂലധന വിപണിയെ സംബന്ധിച്ചിടത്തോളം ഇത് 2022 ന്റെ ആദ്യ പാദത്തില്‍ വളരെ വലിയ സംഭവമായിരിക്കും,'' പാണ്ഡെ പറഞ്ഞു. ബിപിസിഎല്‍, ബിഇഎംഎല്‍, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ എന്നിവയുള്‍പ്പെടെ ആറ് സിപിഎസ്ഇകള്‍ സ്വകാര്യവത്കരിക്കുന്നതിനുള്ള സാമ്പത്തിക ബിഡ്ഡുകള്‍ ജനുവരിയോടെ സര്‍ക്കാര്‍ ക്ഷണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം എല്‍ഐസി ഐപിഓയും ബിപിസിഎല്ലിന്റെ വില്‍പ്പനയും ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ അവസാനിപ്പിക്കാന്‍ സര്‍ക്കാരിന് കഴിയുമോ എന്ന കാര്യത്തില്‍ ബിഡ്ഡര്‍മാര്‍ക്കും മറ്റ് പങ്കാളികള്‍ക്കും സംശയമുണ്ടെന്നതാണ് പല ദേശീയ മാധ്യമങ്ങളുടെയും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള വൈകലിനോടൊപ്പം വളരെ വലിയ ഉത്തരവാദിത്തങ്ങളാണ് എല്‍ഐസി, ബിപിസിഎല്‍ എന്നിവയുടെ വില്‍പ്പനയുമായി സംബന്ധിച്ച് പൂര്‍ത്തിയാക്കാനുള്ളതെന്നും റിപ്പോര്‍ട്ടുകള്‍.
ആറോളം പൊതുമേഖലാ യൂണിറ്റുകള്‍ വിറ്റഴിക്കുമെന്ന് സര്‍ക്കാരിന് വിശ്വാസമുണ്ടെങ്കിലും, എല്‍ഐസി ഐപിഒയുടെ മൂല്യനിര്‍ണ്ണയത്തില്‍ അവര്‍ ഇതുവരെ എത്തിയിട്ടില്ല, ഈ സാമ്പത്തിക വര്‍ഷം അത് സംഭവിക്കാനിടയില്ലെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ ഭയപ്പെടുന്നു.
1.75 ലക്ഷം കോടി രൂപയുടെ നിക്ഷേപം വിറ്റഴിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഐഡിബിഐ ബാങ്ക്, ബിപിസിഎല്‍, ഷിപ്പിംഗ് കോര്‍പ്പറേഷന്‍, കണ്ടെയ്നര്‍ കോര്‍പ്പറേഷന്‍, നീലാചല്‍ ഇസ്പാത്ത്, പവന്‍ ഹാന്‍സ്, എയര്‍ ഇന്ത്യ തുടങ്ങിയ കമ്പനികളുടെ തന്ത്രപരമായ വില്‍പ്പന ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞിരുന്നു. ഇതില്‍ എയര്‍ഇന്ത്യ വില്‍പ്പനയാണ് കഴിഞ്ഞ പാദത്തില്‍ പൂര്‍ത്തിയാക്കാനായത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it