എല്‍ഐസി ഐപിഒ, നിരസിച്ചത് 20 ലക്ഷത്തിലധികം അപേക്ഷകള്‍

എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്‍പ്പനയില്‍ നിരസിക്കപ്പെട്ടത് 20 ലക്ഷത്തിലധികം അപേക്ഷകള്‍. ഐപിഒ അപേക്ഷ കൃത്യമാകാത്തതിനാലാണ് അപേക്ഷകള്‍ നിരസിക്കപ്പെട്ടത്. മെയ് 9 ന് അവസാനിച്ച ആറ് ദിവസത്തെ പ്രാഥമിക ഓഹരി വില്‍പ്പനയില്‍ ആകെ 73.37 ലക്ഷം അപേക്ഷകളായിരുന്നു ലഭിച്ചത്. എന്നാല്‍ കമ്പനി അലോട്ട്‌മെന്റില്‍ പരിഗണിച്ചത് 61.33 ലക്ഷം അപേക്ഷകള്‍ മാത്രമാണ്.

സാങ്കേതിക കാരണങ്ങളാല്‍ നിരസിക്കപ്പെട്ട അപേക്ഷകള്‍ കൂടാതെയാണിത്. അതുകൂടി കണക്കിലെടുത്താല്‍ സാധുവായ അപേക്ഷകളുടെ എണ്ണം 52.98 ലക്ഷമാകും. അതായത്, 27.8 ശതമാനം അപേക്ഷകളാണ് വിവിധ കാരണങ്ങളാല്‍ നിരസിക്കപ്പെട്ടു. പിഴവുകള്‍ വരുത്തുന്ന അപേക്ഷകള്‍ തള്ളിക്കളയുന്നത് ഐപിഒയില്‍ പതിവാണ്. കഴിഞ്ഞ വര്‍ഷം നടന്ന സൊമാറ്റോ ഐപിഒയില്‍ റിട്ടെയില്‍ നിക്ഷേപകരില്‍ 30 ശതമാനത്തിന്റേതും ഇത്തരത്തില്‍ പിഴവുകള്‍ മൂലം തള്ളിക്കളഞ്ഞിരുന്നു.
പേര്, യുപിഐ, പാന്‍ കാര്‍ഡ് വിവരങ്ങള്‍ തെറ്റായി നല്‍കുന്നത്, മള്‍ട്ടിപ്പിള്‍ എന്‍ട്രി തുടങ്ങിയവ ഐപിഒ അപേക്ഷ അസാധുവാകാന്‍ കാരണമാവുമെന്ന് ഇന്‍വെസ്റ്റ്മെന്റ് ബാങ്കേഴ്സ് ചൂണ്ടിക്കാണിക്കുന്നു. യുപിഐ ഉപയോഗിച്ച് പേയ്മെന്റ് നടത്തുമ്പോള്‍ ബാങ്കുകളുടെ സെര്‍വര്‍ മൂലമുണ്ടാകുന്ന തടസങ്ങളും അപേക്ഷകള്‍ അസാധുവാകാന്‍ കാരണമാകും.


Related Articles

Next Story

Videos

Share it