എല്‍ഐസി ഐപിഒ: അപേക്ഷിക്കാനൊരുങ്ങുന്ന പോളിസി ഉടമകള്‍ തീര്‍ച്ചയായും അറിയേണ്ട 5 കാര്യങ്ങള്‍
എല്‍ഐസി ഐപിഓയില്‍ മെയ് നാല് മുതല്‍ ഒമ്പതുവരെയാണ് അപേക്ഷിക്കാന്‍ കഴിയുക. പോളിസി ഉമകള്‍ക്ക് 10 ശതമാനംവരെ ഓഹരികളാണ് നീക്കിവെച്ചിട്ടുള്ളത്. ജീവനക്കാര്‍ക്ക് അഞ്ച് ശതമാനവും. ജീവനക്കാര്‍ക്ക് 45 രൂപ കിഴിവുള്ളതു പോലെ പോളിസി ഉടമകള്‍ക്ക് 60 രൂപ കിഴിവുമുണ്ട്.
ഐപിഒയ്ക്ക് അപേക്ഷിക്കുന്നതിന് ഡീമാറ്റ് അക്കൗണ്ട് ഉണ്ടായിരിക്കണമെന്നറിയാമല്ലോ. പാന്‍ വിവരങ്ങള്‍ എല്‍ഐസിയില്‍ അപ്ഡേറ്റ് ചെയ്തിട്ടുമുണ്ടാകണം. 2022 ഫെബ്രുവരി 28നു മുമ്പ് പാന്‍ അപ്ഡേറ്റ് ചെയ്യണമെന്നായിരുന്നു നിര്‍ദേശം.
മെഗാ ഐപിഒയില്‍ നിക്ഷേപിക്കുംമുമ്പ് അറിയേണ്ട 5 കാര്യങ്ങള്‍ :
1.ഐപിഒയില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിഭാഗം പോളിസി ഉടമകള്‍
ഇന്ത്യയില്‍ താമസിക്കാത്തവര്‍ക്ക് പോളിസി ഉടമകള്‍ക്കായുള്ള വിഭാഗത്തില്‍ അപേക്ഷിക്കാനാവില്ല. ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കുമാത്രമെ ഈ വിഭാഗത്തില്‍ നിക്ഷേപിക്കാന്‍ കഴിയൂ എന്ന് ചുരുക്കം. അതേസമയം, റീറ്റെയ്ല്‍ വിഭാഗത്തില്‍ അപേക്ഷിക്കാന്‍ അവസരമുണ്ട്.
2. ആക്ടീവ് അല്ലാത്ത പോളിസിക്കാര്‍
മെച്ചൂരിറ്റി, പോളിസി ഉടമയുടെ മരണം, പോളിസി സറണ്ടര്‍ തുടങ്ങിയ കാരണം എല്‍ഐസിയുടെ രേഖകളില്‍നിന്ന് പുറത്തുകടക്കാത്ത എല്ലാവര്‍ക്കും അപേക്ഷിക്കാന്‍ യോഗ്യതയുണ്ട്. അതായത് ഇതുവരെ പോളിസിയിലെ നിക്ഷേപം തിരിച്ചടുക്കാത്തവരായിരിക്കണമെന്ന് ചുരുക്കം. അതിനാല്‍ തന്നെ സജീവമല്ലാത്ത പോളിസികളുള്ളവര്‍ക്കും പോളിസി ഉടമകള്‍ക്ക് നീക്കിവെച്ചിട്ടുള്ള വിഭാഗത്തില്‍ അപേക്ഷിക്കാം.
3.സംയുക്ത ഉടമകള്‍
പോളിസിയില്‍ ജോയന്റ് ഹോള്‍ഡര്‍ ആണെങ്കില്‍ രണ്ടില്‍ ഒരാള്‍ക്കുമാത്രമെ ഓഹരികള്‍ക്ക് (പോളിസി ഹോള്‍ഡര്‍ റിസര്‍വേഷന്‍ വിഭാഗത്തില്‍) അപേക്ഷിക്കാനാകൂ. അപേക്ഷിക്കുന്ന വ്യക്തിയുടെ പാന്‍ വിവരങ്ങള്‍ എല്‍ഐസിയുടെ പോളിസി രേഖകളില്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ടാകണം.
4. ഗ്രൂപ്പ് പോളിസിക്കാര്‍ക്ക് പറ്റില്ല
ഗ്രൂപ്പ് പോളസികളിലൂടെ എല്‍ഐസി പോളിസി ലഭ്യമായവര്‍ക്ക് പോളിസി ഉടമകള്‍ക്കുള്ള വിഭാഗത്തില്‍ അപേക്ഷിക്കാന്‍ യോഗ്യതയില്ല.
5. പ്രൈസ്ബാന്‍ഡും ലോട്ടും
എല്‍ഐസി ഐ.പി.ഒയ്ക്ക് നിശ്ചിയിച്ചിട്ടുള്ള പ്രൈസ് ബ്രാന്‍ഡ് 902-949 രൂപ നിരക്കിലാണ്. അവസാനം നിശ്ചയിക്കുന്ന വിലയില്‍ 60 രൂപ കിഴിവ് പോളിസി ഉടമകള്‍ക്ക് ലഭിക്കും. 15 ഓഹരികളുടെ ഒരു ലോട്ടിനാണ് അപേക്ഷിക്കാന്‍ കഴിയുക. ഓരോ ക്വാട്ടയിലും പരമാവധി നിക്ഷേപിക്കാവുന്നതുക രണ്ടു ലക്ഷം രൂപയാണ്. അവസാനം നിശ്ചയിക്കുന്ന ഓഹരി വിലയേക്കാള്‍ കൂടുതല്‍ നല്‍കിയിട്ടുണ്ടെങ്കില്‍ ബാക്കിതുക ബാങ്ക് അക്കൗണ്ടിലേയ്ക്ക് തിരികെ നിക്ഷേപിക്കും.