എല്‍ഐസി ഐപിഒ, വലുപ്പം 21,000 കോടിയായി വെട്ടിക്കുറച്ചേക്കും

എല്‍ഐസി ഐപിഒയിലൂടെ (LIC IPO) സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന തുക കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചേക്കും. 63000 കോടി സമാഹരിക്കാന്‍ ലക്ഷ്യമിട്ട സ്ഥാനത്ത്, ഐപിഒയുടെ വലുപ്പം 21,000 കോടിയായി കുറയ്ക്കുമെന്നാണ് വിവരം. ഗ്രീന്‍ഷൂ ഓപ്ഷനിലൂടെ 9,000 കോടി രൂപ കൂടി ഐപിഒയിലൂടെ സമാഹരിച്ചേക്കും. അങ്ങനെയെങ്കില്‍ ഐപിഒയിലൂടെ ലക്ഷ്യമിടുന്ന ആകെ തുക 30,000 കോടി രൂപയായി ഉയരും.

നേരത്തെ നിശ്ചയിച്ചതിലും കൂടുതല്‍ ഓഹരികള്‍ ഐപിഒയിലൂടെ വില്‍ക്കാന്‍ അനുവദിക്കുന്നതാണ് ഗ്രീന്‍ഷൂ ഓപ്ഷന്‍. ഐപിഒയിലൂടെ എല്‍ഐസിയുടെ 5 ശതമാനം ഓഹരികള്‍ വില്‍ക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഗ്രീന്‍ഷൂ ഓപ്ഷന്‍ കൂടി പരിഗണിക്കുമ്പോള്‍ വില്‍ക്കുന്ന ഓഹരികളുടെ എണ്ണം വര്‍ധിക്കാം. വിപണി സാഹചര്യവും ഡിമാന്‍ഡും അനുസരിച്ച് കൂടുതല്‍ ഓഹരികള്‍ വില്‍ക്കാന്‍ ഗ്രീന്‍ഷൂ ഓപ്ഷന്‍ സഹായിക്കും.
എല്‍ഐസിയുടെ (LIC) വിപണി മൂല്യം 12 ലക്ഷം കോടിയില്‍ നിന്ന് 6 ലക്ഷം കോടിയായി കുറച്ചാവും ഐപിഒയുടെ പ്രൈസ് ബാന്‍ഡ് തീരുമാനിക്കുക. അമിതവിലയില്‍ വന്ന പല കമ്പനികളുടെയും ദുരനുഭവം ഉണ്ടാകാതിരിക്കാനാണു വില താഴ്ത്തി നിശ്ചയിക്കുന്നത് എന്നാണു വ്യാഖ്യാനം. ഇന്‍ഷ്വറന്‍സ് ഭീമന്റെ ഓഹരികള്‍ കുറഞ്ഞ വിലയ്ക്കു കൈയടക്കാന്‍ പറ്റുന്ന അവസരമായി ഐപിഒയെ അവതരിപ്പിക്കാനും ശ്രമമുണ്ട്.
ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് മെയ് രണ്ടിനാവും ഐപിഒ ആരംഭിക്കുക. സമാഹരിക്കുന്ന തുക 21000 കോടിയായി കുറച്ചാലും രാജ്യത്തെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോര്‍ഡ് എല്‍ഐസിയ്ക്ക് നഷ്ടമാവില്ല. 18,300 കോടി രൂപയുടെ പേയ്ടിഎം ഐപിഒയ്ക്കാണ് നിലവിലെ റെക്കോര്‍ഡ്.


Related Articles
Next Story
Videos
Share it