എല്‍.ഐ.സി കുതിക്കുന്നു, ഐ.സി.ഐ.സി.ഐ ബാങ്കിനേക്കാള്‍ വമ്പന്‍ കമ്പനിയാകാന്‍

ഇന്ത്യയിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനികളുടെ പട്ടികയില്‍ നാലാംസ്ഥാനത്തിനായുള്ള പോരാട്ടം ഉഷാറാക്കി എല്‍.ഐ.സി (Life Insurance Corporation of India). നിലവില്‍ നാലാമതുള്ള ഐ.സി.ഐ.സി.ഐ ബാങ്കിനെ കടത്തിവെട്ടാനുള്ള മുന്നേറ്റമാണ് ഇന്ത്യയിലെ ഈ ഏറ്റവും വലിയ ഇന്‍ഷ്വറന്‍സ് കമ്പനിയും കേന്ദ്ര പൊതുമേഖലാ സ്ഥാപനവുമായ എല്‍.ഐ.സി കാഴ്ചവയ്ക്കുന്നത്.
ഈയാഴ്ചയിലെ വ്യാപാരാന്ത്യ കണക്കുപ്രകാരം 6.83 ലക്ഷം കോടി രൂപയാണ് എല്‍.ഐ.സിയുടെ വിപണിമൂല്യം (Market-Cap). ഇന്നലെ വ്യാപാരത്തിനിടെ ഓഹരിവില 52-ആഴ്ചത്തെ ഉയരമായ 1,152 രൂപയിലെത്തുകയും വിപണിമൂല്യം ഏഴ് ലക്ഷം കോടി രൂപ കടക്കുകയും ചെയ്തിരുന്നു. എല്‍.ഐ.സി ഓഹരികളുടെ എക്കാലത്തെയും ഉയരവുമാണിത്. വ്യാപാരാന്ത്യത്തില്‍ ഓഹരിവില പക്ഷേ, 1,080.85 രൂപയിലേക്ക് കുറഞ്ഞു.
കടുത്ത പോരാട്ടം
ഐ.സി.ഐ.സി.ഐ ബാങ്കിന്റെ വിപണിമൂല്യം നിലവില്‍ 7.09 ലക്ഷം കോടി രൂപയാണ്. ഇക്കാര്യത്തില്‍ ഇന്നലെ എല്‍.ഐ.സിയില്‍ നിന്ന് കടുത്ത മത്സരം വ്യാപാരത്തിനിടെ ഐ.സി.ഐ.സി.ഐ ബാങ്ക് നേരിടുകയും ചെയ്തു. 6.92 ലക്ഷം കോടി രൂപയുമായി ഇന്‍ഫോസിസ് അഞ്ചാമതുണ്ട്.
ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ ഐ.സി.ഐ.സി.ഐ ബാങ്ക് ഓഹരി നേട്ടത്തിലും എല്‍.ഐ.സി നഷ്ടത്തിലുമായിരുന്നു. ഇത്, വിപണിമൂല്യത്തില്‍ അഞ്ചാംസ്ഥാനം നിലനിറുത്താന്‍ ഐ.സി.ഐ.സി.ഐ ബാങ്കിന് സഹായകമായി. ഓഹരിവില അല്‍പം കുറഞ്ഞെങ്കിലും വിപണിമൂല്യത്തില്‍ എല്‍.ഐ.സിക്ക് മുന്നില്‍ നില്‍ക്കാന്‍ ഇന്‍ഫോസിസിനും കഴിഞ്ഞു.
അതേസമയം, കഴിഞ്ഞ ഏതാനും ആഴ്ചകളായി വലിയ കുതിപ്പാണ് എല്‍.ഐ.സി ഓഹരികള്‍ കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ രണ്ടരമാസത്തിനിടെ മാത്രം വിപണിമൂല്യത്തില്‍ 3.2 ലക്ഷം കോടി രൂപയ്ക്കടുത്ത് വര്‍ധനയുണ്ടായി.
2022 മേയ് 17നായിരുന്നു എല്‍.ഐ.സിയുടെ ലിസ്റ്റിംഗ്. 949 രൂപയ്ക്കായിരുന്നു ഇഷ്യൂ (IPO). ഇത് പിന്നീട് വന്‍തോതില്‍ ഇടിഞ്ഞെങ്കിലും ഈ അടുത്തകാലത്താണ് ഐ.പി.ഒ വിലയേക്കാള്‍ മുകളില്‍ എല്‍.ഐ.സി ഓഹരി വില എത്തിയതും. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 76 ശതമാനം, ഒരുമാസത്തിനിടെ 30 ശതമാനം എന്നിങ്ങനെ മുന്നേറ്റമാണ് എല്‍.ഐ.സി ഓഹരികള്‍ നടത്തിയത്.
വമ്പന്‍ കമ്പനികള്‍
19.77 ലക്ഷം കോടി രൂപയുമായി വിപണിമൂല്യത്തില്‍ ഒന്നാമതുള്ള ഇന്ത്യന്‍ ലിസ്റ്റഡ് കമ്പനി ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി.സി.എസ്) ആണ് രണ്ടാമത് (15.12 ലക്ഷം കോടി രൂപ).
10.65 ലക്ഷം കോടി രൂപയുമായി എച്ച്.ഡി.എഫ്.സി ബാങ്ക് മൂന്നാമതും 7.09 ലക്ഷം കോടി രൂപയുമായി ഐ.സി.ഐ.സി.ഐ ബാങ്ക് നാലാമതുമാണ്. ഇന്‍ഫോസിസ് (6.92 ലക്ഷം കോടി രൂപ), എല്‍.ഐ.സി (6.83 ലക്ഷം കോടി രൂപ), എസ്.ബി.ഐ (6.46 ലക്ഷം കോടി രൂപ), ഭാരതി എയര്‍ടെല്‍ (6.31 ലക്ഷം കോടി രൂപ) എന്നിവയാണ് യഥാക്രമം തൊട്ടുപിന്നാലെയുള്ളത്.
Related Articles
Next Story
Videos
Share it