

രാജ്യത്തെ പ്രധാന ഫണ്ട് ഹൗസുകളിലൊന്നായ എല്‍.ഐ.സി മ്യൂച്വല്‍ ഫണ്ട് ഉപഭോഗം ലക്ഷ്യമാക്കിയുള്ള ഓഹരികളില്‍ നിക്ഷേപിക്കുന്ന കണ്‍സംപ്ഷന്‍ ഫണ്ട് പുറത്തിറക്കുന്നു. പദ്ധതിയുടെ പുതിയ ഫണ്ട് ഓഫര്‍ (എന്‍.എഫ്.ഒ) ഒക്ടോബര്‍ 31നു തുടങ്ങി നവംബര്‍ 14ന് അവസാനിക്കും. പിന്നീട് തുടര്‍ച്ചയായ വില്‍പനയ്ക്കും വാങ്ങലിനുമായി നവംബര്‍ 25 മുതല്‍ വീണ്ടും ആരംഭിക്കുകയും ചെയ്യും. നിഫ്റ്റി ഇന്ത്യയുടെ കണ്‍സംപ്ഷന്‍ ടോട്ടല്‍ റിട്ടേണ്‍ സൂചിക ആധാരമാക്കിയുള്ള ഈ ഫണ്ട് കൈകാര്യം ചെയ്യുന്നത് സുമിത് ഭട്നഗര്‍, കരണ്‍ ദോഷി എന്നിവര്‍ ചേര്‍ന്നാണ്.
എഫ്.എം.സി.ജി, അനുബന്ധ മേഖലയുമായി ബന്ധപ്പെട്ട കമ്പനികളുടെ സജീവമായ ഓഹരികളുടേയും കടപ്പത്രങ്ങളുടേയും പോര്‍ട്ഫോളിയോ ആണ് ഫണ്ട് ലക്ഷ്യമിടുന്നത്. ആഭ്യന്തര ഉപഭോഗ രംഗത്തെ ഡിമാന്‍ഡിന്റെ ഗുണഭോക്താക്കളായ കമ്പനികളുടെ ഓഹരികളിലും കടപ്പത്രങ്ങളിലുമായിരിക്കും ഫണ്ടിന്റെ 80 മുതല്‍ 100 ശതമാനം വരെ നിക്ഷേപിക്കുക. ഉപഭോഗ മേഖലയിലല്ലാതെയുള്ള 20 ശതമാനം നിക്ഷേപത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം ഫണ്ട് മാനേജര്‍ക്കാണ്. വിപണി മൂലധനത്തിനനുസരിച്ച് ഗുണപരമായ നിക്ഷേപങ്ങളിലാണ് ഏര്‍പ്പെടുക.
പുതിയ ഫണ്ട് ഓഫറിന് അപേക്ഷിക്കാനുള്ള കുറഞ്ഞ തുക 5,000 രൂപയും ഒരു രൂപ ചേര്‍ത്തുള്ള അതിന്റെ ഗുണിതങ്ങളുമായിരിക്കും. പ്രതിദിന എസ്.ഐ.പിയുടെ കുറഞ്ഞ വിഹിതം 100 രൂപയും പ്രതിമാസ എസ്.ഐ.പി 200 രൂപയും കുറഞ്ഞ പാദവാര്‍ഷിക എസ്.ഐ.പി 1,000 രൂപയുമാണ്. പദ്ധതി പുനരാരംഭിക്കുന്ന തിയതിക്കു ശേഷമായിരിക്കും എസ്.ഐ.പി തുടങ്ങുന്ന തിയതി കണക്കാക്കുക.
വരും വര്‍ഷങ്ങളില്‍ രാജ്യത്ത് വന്‍തോതിലുള്ള ഉപഭോഗ വളര്‍ച്ചയുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നതിനാലാണ് പുതിയ കണ്‍സംപ്ഷന്‍ ഫണ്ട് ആരംഭിക്കുന്നതെന്ന് എല്‍.ഐ.സി മ്യൂച്വല്‍ ഫണ്ട് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ആര്‍.കെ ഝാ പറഞ്ഞു. ശക്തമായ സാമ്പത്തിക സ്ഥിതിയും ഘടനാപരമായ മാറ്റങ്ങളും കാരണം രാജ്യത്തെ ഉപഭോഗ വളര്‍ച്ച പതിറ്റാണ്ടിലധികം നിലനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine