Begin typing your search above and press return to search.
ലയനം പൂര്‍ത്തിയായി: ഐ.ഡി.ബി.ഐയുടെ 20 മ്യൂച്വല്‍ ഫണ്ടുകൾ ഇനി എല്‍.ഐ.സിയിൽ
രാജ്യത്തെ പ്രധാന ആസ്തി കൈകാര്യ സ്ഥാപനങ്ങളിലൊന്നായ എല്‍.ഐ.സി മ്യൂച്വല്‍ ഫണ്ട്, ഐ.ഡി.ബി.ഐ മ്യൂച്വല്‍ ഫണ്ടിനെ ഏറ്റെടുക്കുന്ന നടപടി പൂര്‍ത്തിയായി. ഇതോടെ ഐ.ഡി.ബി.ഐ മ്യൂച്വല്‍ഫണ്ടിന്റെ 20 പദ്ധതികളില്‍ 10 എണ്ണം എല്‍.ഐ.സി മ്യൂച്വല്‍ ഫണ്ടിന്റെ സമാന പദ്ധതികളുമായി ലയിക്കും. ബാക്കിയുള്ള 10 എണ്ണം പ്രത്യേക പദ്ധതികളായി എല്‍.ഐ.സി ഏറ്റെടുക്കും.
ലയനത്തോടെ എല്‍.ഐ.സി മ്യൂച്വല്‍ ഫണ്ടിനു കീഴിലുള്ള മൊത്തം പദ്ധതികളുടെ എണ്ണം 38 ആയി. ഐ.ഡി.ബി.ഐ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചിട്ടുള്ളവര്‍ക്ക് എല്‍.ഐ.സി മ്യൂച്വല്‍ ഫണ്ടിന്റെ ഓഹരി, വായ്പ, പരിഹാര പദ്ധതികള്‍, ഹൈബ്രിഡ്, സൂചികാ ഫണ്ടുകള്‍, ഇടിഎഫ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെ പ്രയോജനവും ലഭിക്കും.
എൽ.ഐ.സി ആസ്തി 18,400 കോടി രൂപ
2023 ജൂലൈ 29 നാണ് ഇരു സ്ഥാപനങ്ങളും ഫലത്തില്‍ ഒന്നായത്. 2023 ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് എല്‍.ഐ.സി മ്യൂച്വല്‍ ഫണ്ട് 18,400 കോടി രൂപയുടെ ആസ്തികളും ഐ.ഡി.ബി.ഐ മ്യൂച്വല്‍ ഫണ്ട് 3,650 കോടി രൂപയുടെ ആസ്തികളുമാണ് കൈകാര്യം ചെയ്യുന്നത്.
ഉത്പന്ന വൈവിധ്യം ഉറപ്പാക്കാൻ
എല്‍.ഐ.സി മ്യൂച്വല്‍ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ വര്‍ധിപ്പിക്കുന്നതിനും ഉത്പന്ന വൈവിധ്യം ഉറപ്പാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഐ.ഡി.ബി.ഐ മ്യൂച്വല്‍ഫണ്ട് ഏറ്റെടുത്തത്.
വിപണിയിലെ സാന്നിധ്യം കൂടുതല്‍ വിശാലമാക്കാനും നിക്ഷേപകര്‍ക്ക് വൈവിധ്യമാര്‍ന്ന പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കാനും ലയനം സഹായിക്കും. രാജ്യത്തെ മുഖ്യ വിപണികളിലെ നിക്ഷേപാവശ്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള തയാറെടുപ്പില്‍ സുപ്രധാന നാഴികക്കല്ലാണ് ലയനത്തിലൂടെ പിന്നിട്ടതെന്ന് എല്‍.ഐ.സി മ്യൂച്വല്‍ ഫണ്ട് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ടി.എസ്. രാമകൃഷ്ണന്‍ പറഞ്ഞു.
Next Story
Videos