

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (NSE) നിലവിൽ 10.72 ശതമാനം ഓഹരി പങ്കാളിത്തമുള്ള ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC), എക്സ്ചേഞ്ചിന്റെ വരാനിരിക്കുന്ന ഐപിഒയ്ക്ക് (IPO) ശേഷം തങ്ങളുടെ വിഹിതം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചേക്കുമെന്ന് എൽഐസി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ആർ ദൊരൈസ്വാമി. ഓഫർ ഫോർ സെയിൽ (OFS) വഴി തങ്ങളുടെ ഓഹരികൾ വിൽക്കേണ്ടതില്ലെന്നാണ് എൽഐസിയുടെ തീരുമാനം.
ഇത് എൻഎസ്ഇയുടെ ദീർഘകാല മൂല്യത്തിലുള്ള എൽഐസിയുടെ ശക്തമായ വിശ്വാസത്തെയാണ് കാണിക്കുന്നത്. വിപണി സാഹചര്യങ്ങളും വാല്യുവേഷനും വിലയിരുത്തിയ ശേഷം പ്രധാന ധനകാര്യ സ്ഥാപനമെന്ന നിലയില്‍ വിപണി സ്റ്റെബിലൈസറായി പ്രവർത്തിച്ച് ഓഹരികൾ വാങ്ങാൻ എൽഐസിക്ക് സാധിക്കുമെന്നും ദൊരൈസ്വാമി ദി ഹിന്ദു ബിസിനസ് ലൈനിനോട് പറഞ്ഞു.
എൽഐസിയുടെ പ്രധാന പ്രവർത്തന ലക്ഷ്യം ഇന്ത്യയിലുടനീളം ലൈഫ് ഇൻഷുറൻസ് സാന്നിധ്യം ശക്തമാക്കുക എന്നതാണ്. നിലവിൽ രാജ്യത്തെ 92 ശതമാനം ജില്ലകളിലും ഏകദേശം 56 ശതമാനം ഗ്രാമപഞ്ചായത്തുകളിലും എൽഐസിക്ക് സാന്നിധ്യമുണ്ട്. ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ എല്ലാ പഞ്ചായത്തുകളിലും എൽഐസി ഏജന്റുമാരുടെ സാന്നിധ്യം ഉറപ്പാക്കാൻ കമ്പനി ലക്ഷ്യമിടുന്നു. ഇതിനായി എൽഐസിയുടെ ഏജൻസി ശൃംഖലയെയും 'ബീമാ സഖി' (Bima Sakhi) പദ്ധതിയെയും ഉപയോഗപ്പെടുത്തും. നിലവിൽ ഈ പദ്ധതിക്ക് കീഴിൽ 2.8 ലക്ഷം സജീവ വനിതാ ഏജന്റുമാരുണ്ട്. പുതിയ തലമുറയെ ആകർഷിക്കാൻ കൂടുതൽ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള പ്രവർത്തന രീതിയും കമ്പനി നടപ്പിലാക്കുന്നുണ്ട്.
ഉയർന്ന ലാഭവിഹിതം നൽകുന്ന നോൺ-പാർട്ടിസിപ്പേറ്റിങ് ഉൽപ്പന്നങ്ങളിലേക്ക് (non-participating products) കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ലിസ്റ്റിംഗ് സമയത്ത് ഇവയുടെ വാർഷിക പ്രീമിയം വിഹിതം വെറും 7-8 ശതമാനമായിരുന്നത് ഇപ്പോൾ 30 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്. ഇത് 30-35 ശതമാനത്തിൽ നിലനിർത്താനാണ് കമ്പനി ആഗ്രഹിക്കുന്നത്. ഇതോടൊപ്പം തങ്ങളുടെ സബ്‌സിഡിയറികൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയുടെ പ്രകടനം വിലയിരുത്തി അവയുടെ ലാഭക്ഷമത വർദ്ധിപ്പിക്കാനും എൽഐസിക്ക് പദ്ധതിയുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine