വിപണിയിലെ തിരിച്ചടികള്‍ക്കിടയിലും കമ്പനികളിലെ ഓഹരി പങ്കാളിത്തമുയര്‍ത്തി എല്‍ഐസി

രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര സ്ഥാപന നിക്ഷേപകരിലൊന്നായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) നിക്ഷേപമുള്ള കമ്പനികളിലെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചു. കാപ്രി ഗ്ലോബല്‍ ക്യാപിറ്റല്‍ ലിമിറ്റഡിന്റെ ഓഹരി 5.04 ശതമാനത്തില്‍ നിന്ന് 7.06 ശതമാനമായാണ് ഉയര്‍ത്തിയത്. ഹീറോ മോട്ടോകോര്‍പ് ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം 9.163 നിന്ന് 11.256 ശതമാനമായും വര്‍ധിപ്പിച്ചു. ചൊവ്വാഴ്ച സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.

ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് ഭീമനായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം 4.995 ശതമാനത്തില്‍ നിന്ന് 5.008 ശതമാനമായും വര്‍ധിപ്പിച്ചു. കാപ്രി ഗ്ലോബല്‍ ക്യാപിറ്റല്‍ ലിമിറ്റഡിലെ ഓഹരികള്‍ ശരാശരി 624.61 രൂപയ്ക്കും ഹീറോ മോട്ടോകോര്‍പ്പ് ലിമിറ്റഡിലെ ഓഹരികള്‍ 3,050.14 രൂപയ്ക്കുമാണ് എല്‍ഐസി ഏറ്റെടുത്തത്.
അതേസമയം, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ഓഹരികള്‍ തുടര്‍ച്ചയായ 10 ദിവസത്തെ ഇടിവിന് ശേഷം ഇന്ന് രാവിലെ ഉയര്‍ന്നു. 9.45ന് 2.67 ശതമാനം ഉയര്‍ന്ന് 692.30 രൂപ എന്ന നിലയിലാണ് എല്‍ഐസിയുടെ ഓഹരികള്‍ വ്യാപാരം നടത്തുന്നത്. അടുത്തിടെ ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ച എല്‍ഐസി ഓഹരി ഇടിവിലേക്ക് വീണത് നിക്ഷേപകര്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു. ലിസ്റ്റിംഗ് പ്രൈസായ 949 രൂപയില്‍നിന്ന് 8.6 ശതമാനം കിഴിവോടെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്‍പ്പന 2.95 മടങ്ങാണ് സബ്സ്‌ക്രൈബ് ചെയ്തത്.



Related Articles
Next Story
Videos
Share it