എല്‍ ഐ സിയുടെ ഐപിഒ: വരുന്നു; ഓഹരി വിപണിയിലേക്ക് കോടിക്കണക്കിന് റീറ്റെയ്ല്‍ നിക്ഷേപകര്‍!

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ മെഗാ ലിസ്റ്റിംഗ് രാജ്യത്തെ ഓഹരി വിപണിയിലേക്ക് കോടിക്കണക്കിന് പുത്തന്‍ കൂറ്റുകാരായ നിക്ഷേപകരെ ആകര്‍ഷിക്കും. ലിസ്റ്റിംഗ് നടപടികളുടെ മുന്നോടിയായി എല്ലാ പോളിസി ഉടമകളോടും ഡി മാറ്റ് എക്കൗണ്ടുകള്‍ എടുക്കാന്‍ കോര്‍പ്പറേഷന്‍ തന്നെ അഭ്യര്‍ത്ഥിക്കുന്നുണ്ട്. എല്‍ ഐ സിയുടെ കോടിക്കണക്കിന് പോളിസി ഉടമകളില്‍ ദശലക്ഷക്കണക്കിനാളുകള്‍ ഇപ്പോളും ഓഹരി വിപണിയില്‍ നിക്ഷേപം നടത്താത്തവരാണ്; ഡീമാറ്റ് എക്കൗണ്ടില്ലാത്തവരും.

എല്‍ ഐ സിയുടെ ഐപിഒയുമായി ബന്ധപ്പെട്ട് ഓഹരി നിക്ഷേപത്തിലേക്ക് കണ്ണെറിയുന്ന പുത്തന്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പ്രത്യേക ഓഫറുകളുമായി ബ്രോക്കിംഗ് കമ്പനികളും രംഗത്തുണ്ട്.

എല്‍ ഐ സിക്ക് 15 ലക്ഷം കോടി രൂപയുടെ മൂല്യമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പത്തുശതമാനം ഓഹരി വില്‍പ്പന നടത്തി ഈ സാമ്പത്തിക വര്‍ഷം ഓഹരി വില്‍പ്പനയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ട തുകയുടെ പരമാവധി സമാഹരിക്കാനാകും കേന്ദ്രം നീക്കങ്ങള്‍ നടത്തുക.

അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഐ പി ഒയ്ക്ക് അനുമതി തേടി എല്‍ ഐ സി സെബിയില്‍ രേഖകള്‍ സമര്‍പ്പിച്ചേക്കും. ഈ സാഹചര്യത്തില്‍ ഒരു കോടി മുതല്‍ മൂന്ന് കോടി വരെ പുതിയ ഡിമാറ്റ് എക്കൗണ്ടുകള്‍ രാജ്യത്ത് പുതുതായി ഓപ്പണ്‍ ചെയ്‌തേക്കുമെന്നാണ് വിലയിരുത്തല്‍.

രാജ്യത്തെ വമ്പന്‍ ടെക് സ്റ്റാര്‍ട്ടപ്പുകളുടെ ഐപിഒകള്‍ വന്നത് കോടിക്കണക്കിനാളുകളെ ഓഹരി വിപണിയിലേക്ക് ആകര്‍ഷിക്കാന്‍ ഒരു കാരണമായിട്ടുണ്ട്. എല്‍ ഐ സി പോളിസി ഉടമകളില്‍ 4-5 കോടിയോളം പേര്‍ക്ക് ഡിമാറ്റ് എക്കൗണ്ടുകളില്ലെന്നാണ് സൂചന.

ലിസ്റ്റിംഗ് കഴിയുന്നതോടെ എല്‍ ഐ സി പോളിസികള്‍ ഡിമാറ്റ് രൂപത്തില്‍ സൂക്ഷിക്കണമെന്ന നിര്‍ദേശം വന്നേക്കുമെന്ന സൂചനയും ബ്രോക്കര്‍മാര്‍ നല്‍കുന്നുണ്ട്. ഇതും ഡിമാറ്റ് എക്കൗണ്ടുകള്‍ വന്‍തോതില്‍ ഓപ്പണ്‍ ചെയ്യുന്നതിന് കാരണമായേക്കും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it