20000 കോടി രൂപയുടെ ഓഹരികള്‍ വിറ്റൊഴിഞ്ഞ് എല്‍ഐസി

രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനങ്ങളിലൊന്നായ എല്‍ഐസി സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ വിറ്റൊഴിഞ്ഞത് 20000 കോടി രൂപയുടെ നിക്ഷേപങ്ങള്‍. രാജ്യത്തെ ഏറ്റവും വലിയ ഓട്ടോമൊബീല്‍ നിര്‍മാതാക്കളായ മാരുതി സുസുകി ഇന്ത്യയുടെ ഓഹരികളും അതില്‍പ്പെടുന്നു.

മാരുതി സുസുകിയുടെ 43.2 ലക്ഷം ഓഹരികളാണ് എല്‍ഐസി വിറ്റത്. ഏകദേശം 3814 കോടി രൂപ വില വരുന്നതാണ്. ഇതോടെ എല്‍ഐസിയുടെ കൈവശമുള്ള മാരുതി സുസുകിയുടെ ഓഹരികള്‍ 4.86 ശതമാനത്തില്‍ നിന്ന് 3.43 ശതമാനമായി. സെമി കണ്ടക്ടര്‍ ക്ഷാമം കുറഞ്ഞു വരുന്നതും വിപണിയില്‍ ഡിമാന്‍ഡ് കൂടിയതും മൂലം കഴിഞ്ഞ ആറു മാസത്തിനിടെ മാരുതി സുസുകിയുടെ ഓഹരി വിലയില്‍ 26 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ മുന്‍ പാദത്തേക്കാള്‍ നാലിരട്ടി വര്‍ധിച്ച് 2062 കോടി രൂപയിലും എത്തിയിരുന്നു.

പവര്‍ഗ്രിഡ് കോര്‍പറേഷന്‍: പൊതുമേഖലാ സ്ഥാപനമായ പവര്‍ ഗ്രിഡ് കോര്‍പറേഷന്റെ 2452 കോടി രൂപ വിലമതിക്കുന്ന ഓഹരികളും എല്‍ഐസി വിറ്റവയില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഈ ഓഹരിയുടെ വിലയില്‍ 8 ശതമാനം ഇടിവ് നേരിട്ടിരുന്നു.

സണ്‍ഫാര്‍മ: സണ്‍ ഫാര്‍മയുടെ 2356 കോടി രൂപ വില വരുന്ന ഓഹരികളാണ് വിറ്റത്.

എന്‍ടിപിസി: എന്‍ടിപിസിയുടെ ഭാഗിക ഓഹരികള്‍ എല്‍ഐസി വിറ്റു. ഇതോടെ ഓഹരി വിഹിതം 9.97 ശതമാനത്തില്‍ നിന്ന് 8.61 ശതമാനമായി കുറഞ്ഞു. 2066 കോടി രൂപ വിലമതിക്കുന്ന ഓഹരികളാണ് എല്‍ഐസി വിറ്റത്.

എച്ച് യു എല്‍: പ്രമുഖ എഫ്എംസിജി കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന്റെ 2033 കോടി രൂപയുടെ ഓഹരികളും വിറ്റവയില്‍ ഉള്‍പ്പെടുന്നു.

എച്ച് എ എല്‍: പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ 1940 കോടി രൂപ വില മതിക്കുന്ന ഓഹരികളാണ് എല്‍ഐസി വിറ്റത്.

അള്‍ട്രാ ടെക് സിമന്റ്: ആദിത്യബിര്‍ള ഗ്രൂപ്പിന് കീഴിലുള്ള മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അള്‍ട്രാ ടെക് സിമന്റിന്റെ ഓഹരികളും എല്‍ഐസി വിറ്റഴിച്ചവയിലുണ്ട്. 1482 കോടി രൂപയുടെ ഓഹരികളാണ് എല്‍ഐസി വിറ്റത്.

സീമന്‍സ്: ജര്‍മന്‍ ബഹുരാഷ്ട്ര കമ്പനിയായ സീമന്‍സിന്റെ 1435 കോടി രൂപ വിലവരുന്ന ഓഹരികള്‍ എല്‍ഐസി വിറ്റൊഴിഞ്ഞു.

ബ്രിട്ടാനിയ: നുസ്ലി വാഡിയയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ 1235 കോടി രൂപ വിലമതിക്കുന്ന ഓഹരികളും എല്‍ഐസി വിറ്റവയിലുണ്ട്.

ബജാജ് ഓട്ടോ: മോട്ടോര്‍ സൈക്കിള്‍, ഓട്ടോ റിക്ഷ, സ്‌കൂട്ടര്‍ തുടങ്ങിയവയുടെ രാജ്യത്തെ മുന്‍നിര നിര്‍മാണക്കമ്പനിയായ ബജാജ് ഓട്ടോയുടെ 1005 കോടി രൂപയുടെ ഓഹരികളാണ് എല്‍ഐസി വിറ്റൊഴിഞ്ഞത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it