എല്‍ഐസി ഓഹരി ഇപ്പോള്‍ വാങ്ങണോ, വില്‍ക്കണോ? പ്രിന്‍സ് ജോര്‍ജ് പറയുന്നു

ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും വലിയ ഐപിഒ നടത്തിയാണ് എല്‍ഐസി (LIC) ഓഹരി വിപണിയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ലിസ്റ്റിംഗ് പ്രൈസായ 949 രൂപയില്‍നിന്ന് 8.6 ശതമാനം ഇടിവോടെയാണ് രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഗ്രേയ് മാര്‍ക്കറ്റിലെ തകര്‍ച്ചയുടെയും ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിന്റെയും പശ്ചാത്തലത്തില്‍ എല്‍ഐസിയുടെ ലിസ്റ്റിംഗ് ഇടിവോടെയായിരിക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്ന ആശങ്ക പല എല്‍ഐസി നിക്ഷേപകര്‍ക്കുമുണ്ട്, അതുപോലെ തന്നെ എല്‍ഐസി ഓഹരികള്‍ വാങ്ങാന്‍ പറ്റിയ സമയമിതാണോ എന്ന് ആലോചിക്കുന്ന ഓഹരി വിപണി നിക്ഷേപകരുമുണ്ട്.

നിലവില്‍ എല്‍ഐസിയില്‍ നിക്ഷേപിച്ചവര്‍ പരിഭ്രാന്തരാവേണ്ടതില്ലെന്നാണ് ഓഹരി വിപണി വിദഗ്ധനും ഡിബിഎഫ്എസ് സെക്യൂരിറ്റീസ് (DBFS Securities) സ്ഥാപകനുമായ പ്രിന്‍സ് ജോര്‍ജ് പറയുന്നത്. ''7-8 ശതമാനം ഇടിവോടെയാണ് എല്‍ഐസി വിപണിയില്‍ ലിസ്റ്റ് ചെയതത്. ഇതിന് കാരണം നിലവിലെ വിപണി അനിശ്ചിതത്വം തന്നെയാണ്. ഈയൊരു ഇടിവ് കണ്ട് എല്‍ഐസി നിക്ഷേപകര്‍ പരിഭ്രാന്തരാകേണ്ടതില്ല'' പ്രിന്‍സ് ജോര്‍ജ് ധനത്തോട് പറഞ്ഞു.
അടുത്ത ഏതാനും മാസങ്ങളില്‍ വിപണി വീണ്ടും ഇടിവിലേക്ക് വീഴാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന പണപ്പെരുപ്പവും അത് കാരണമുണ്ടായേക്കാവുന്ന പലിശ നിരക്ക് വര്‍ധനവും വിപണിയില്‍ പ്രതിഫലിക്കും. വിപണിയില്‍ ഇടിവുണ്ടാകുമ്പോള്‍ എല്‍ഐസി ഓഹരി വിലയും താഴ്ചയിലേക്ക് പോകും. എല്‍ഐസി ഓഹരി വില 800 ലേക്ക് എത്തുമെങ്കില്‍ അത് വാങ്ങാന്‍ പറ്റിയ അവസരമാണ്. അതിന് താഴേക്ക് ഓഹരി വില പോവില്ലെന്നാണ് കരുതുന്നത്. കാരണം എല്‍ഐസി ഓഹരി വില 800ല്‍ എത്തുമ്പോള്‍ വാങ്ങലുകള്‍ വര്‍ധിക്കും. ഇത് എല്‍ഐസിയുടെ ഓഹരി വിലയെ ഉയര്‍ത്തും - അദ്ദേഹം പറയുന്നു.
അതേസമയം, വിപണി ഇടിവില്‍നിന്ന് തിരിച്ചുകയറുമ്പോള്‍ എല്‍ഐസിയുടെ ഓഹരി വില 1000-1100 രൂപയിലെത്തുമെന്നും പ്രിന്‍സ് ജോര്‍ജ് പറയുന്നു. എല്‍ഐസി ഓഹരി വിലയില്‍ ഒരു വലിയ റാലി പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഓഹരി വില 1000 കടന്നേക്കും. നിലവിലെ വിപണി സാഹചര്യം അനുസരിച്ച് ഷോര്‍ട്ട് ടേം ട്രേഡിംഗ് റിസ്‌കാണ്. എന്നാല്‍ ലോങ് ടേം നിക്ഷേപകര്‍ക്ക് യാതൊരു ആശങ്കയും വേണ്ട.
എല്‍ഐസിയുടെ പി/ഇ അനുപാതം വെച്ച് നോക്കുമ്പോള്‍ വലിയ ഇടിവുണ്ടാവില്ലെന്നാണ് വിപണി വിദഗ്ധരും വിലയിരുത്തുന്നത്. ഓഹരി വിലയില്‍ ചെറിയൊരു ഇടിവുണ്ടാകുമെങ്കിലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഓഹരി വില ആയിരം കടന്നേക്കും. ഇന്ന് (18-05-2022, 11.00) 880.90 രൂപ എന്ന തോതിലാണ് എല്‍ഐസി വിപണിയില്‍ വ്യാപാരം നടത്തുന്നത്.


Ibrahim Badsha
Ibrahim Badsha  

Related Articles

Next Story

Videos

Share it