ആർക്കൊക്കെ കിട്ടും? സൗജന്യ ഓഹരികളും ക്യാഷ് ഡിവിഡന്റും പ്രഖ്യാപിച്ച് എൽ.ഐ.സി; ഓഹരി വിലയിൽ വൻ മുന്നേറ്റം

എൽ.ഐ.സിയുടെ ഓഹരി ഉടമകൾക്ക് 1:1 അനുപാതത്തിൽ ബോണസ് ഷെയറുകൾ സൗജന്യമായും പ്രതിയോഹരി 10 രൂപ വീതം ക്യാഷ് ഡിവിഡന്റും ലഭിക്കും. റെക്കോ‍ഡ് തീയതികൾ പ്രഖ്യാപിച്ചു
LIC Corporate Actions
Canva
Published on

രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയും പൊതുമേഖല സ്ഥാപനവുമായ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ അഥവാ എൽ.ഐ.സിയുടെ ഓഹരി ഉടമകൾക്കായി ബോണസ് ഷെയറും ക്യാഷ് ഡിവിഡന്റും പ്രഖ്യാപിച്ചു. കഴിഞ്ഞ ​ദിവസം പ്രസിദ്ധീകരിച്ച മാർച്ച് സാമ്പത്തിക പാദഫലത്തിനൊപ്പമാണ് (Q4 Result), കമ്പനിയുടെ ചരിത്രത്തിലെ ആദ്യത്തെ ബോണസ് ഇഷ്യൂ പ്രഖ്യാപിച്ചത്.

കമ്പനിയുടെ വരുമാനത്തിലും ലാഭത്തിലും വർധന കൂടി രേഖപ്പെടുത്തിയതോടെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങൾ എൽ.ഐ.സി ഓഹരിയിൽ കുതിപ്പിനുള്ള സാധ്യത പ്രവചിക്കുന്ന "ബുള്ളിഷ്" കാഴ്ചപ്പാട് പങ്കുവെച്ചു. തുടർന്ന് വെള്ളിയാഴ്ച (മേയ് 22) രാവിലത്തെ വ്യാപാരത്തിൽ എൽ.ഐ.സി ഓഹരി വിലയിൽ 5% വരെ വർധന കുറിച്ചു. നിലവിൽ 820 രൂപ നിലവാരത്തിലാണ് എൽ.ഐ.സി (BSE: 543526, NSE: LICI) ഓഹരിയുടെ വ്യാപാരം പുരോ​ഗമിക്കുന്നത്.

ബോണസ് ഇഷ്യൂ 1:1

എൽ.ഐ.സിയുടെ ഓഹരി ഉടമകൾക്ക് 1:1 അനുപാതത്തിൽ ബോണസ് ഇഷ്യൂ (സൗജന്യ ഓഹരി വിതരണം) ചെയ്യുമെന്നാണ് അറിയിപ്പ്. ഇതുപ്രകാരം നിക്ഷേപകർക്ക് കൈവശമുള്ള ഓരോ എൽ.ഐ.സി ഓഹരിക്കും അധികമായി ഒരു സൗജന്യ ഓഹരി വീതം ലഭിക്കും. ഇതിന്റെ ഭാ​ഗമായി അർഹരായ നിക്ഷേപകരെ കണ്ടെത്തുന്നതിനായുള്ള റെക്കോഡ് തീയതിയായി 2026 മേയ് 29 നിശ്ചയിച്ചു. ഇതിന്റെ തലേദിവസമെങ്കിലും ഡീമാറ്റ് അക്കൗണ്ടിൽ എൽ.ഐ.സി ഓഹരി കൈവശമുള്ള നിക്ഷേപകർക്ക് ബോണസ് ഷെയറിനുള്ള അർഹതയുണ്ടാകും.

ക്യാഷ് ഡിവിഡന്റ് 10 രൂപ

മാർച്ച് പാദത്തിൽ കമ്പനി മികച്ച പ്രകടനം കാഴ്ചവെച്ചതോടെ എൽ.ഐ.സിയുടെ നിക്ഷേപകർക്ക് ക്യാഷ് ഡിവിഡന്റും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിയോഹരി 10 രൂപ വീതമാണ് 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ഫൈനൽ ഡിവിഡന്റ് ഇനത്തിൽ നിക്ഷേപകർക്ക് കൈമാറുന്നത്. ഇതിന്റെ ഭാ​ഗമായി അർഹരായ നിക്ഷേപകരെ കണ്ടെത്തുന്നതിനായുള്ള റെക്കോ‍ഡ് തീയതിയായി 2026 ജൂൺ 25 നിശ്ചയിച്ചു. അതേസമയം ബോണസ് ഷെയർ ലഭിച്ചതിനുശേഷവും എൽ.ഐ.സി ഓഹരികൾ കൈവശം നിലനിർത്തുന്നവരാണെങ്കിൽ ഇത്തവണ നേടുന്ന മൊത്തം ക്യാഷ് ഡിവിഡന്റിൽ വർധനയുണ്ടാകും. കാരണം ബോണസ് ഇഷ്യൂവിലൂടെ സൗജന്യ ഓഹരികൾ അധികമായി ലഭിച്ചതിന്റെ ​ഗുണഫലമാണിത്.

മാർച്ച് പാദഫലം

2026 ജനുവരി — മാർച്ച് ത്രൈമാസ കാലയളവിൽ എൽ.ഐ.സിയുടെ സംയോജിത അറ്റാദായം (Net Profit) 23,467 കോടി രൂപയാണ്. വാർഷികമായി 23 ശതമാനം വളർച്ച രേഖപ്പെടുത്തി. മാർച്ച് പാദത്തിനിടെ ഇൻഷുറൻസ് പോളിസികളുടെ പ്രീമിയം ഇനത്തിൽ എൽ.ഐ.സി നേടിയ വരുമാനം 1.64 ലക്ഷം കോടി രൂപയാണ്. വാർഷികമായി 11 ശതമാനം വർധനയും തൊട്ടുമുമ്പത്തെ ഡിസംബർ പാദവുമായി തട്ടിച്ചുനോക്കുമ്പോൾ 30 ശതമാനം വർധനയുമാണിത്. അതുപോലെ കമ്പനിയുടെ അസറ്റ് ക്വാളിറ്റിയിലും നില മെച്ചപ്പെടുത്തി. എൽ.ഐ.സിയുടെ മൊത്തം നിഷ്ക്രിയ ആസ്തി (GNPA) 1.21 ശതമാനത്തിലേക്ക് താഴ്ന്നു. കഴിഞ്ഞ വർഷം മാർച്ച് പാദത്തിൽ ഇത് 1.46 ശതമാനമായിരുന്നു.

ബുള്ളിഷ് കാഴ്ചപ്പാട്

നിലവിൽ മുൻനിര ബ്രോക്കറേജ് സ്ഥാപനങ്ങളുടെ 26 അനലി​സ്റ്റുമാരാണ് എൽ.ഐ.സി ഓഹരിയെ സൂക്ഷ്മമായി പിന്തുടരുന്നത്. ഇവരിൽ 22 പേരും സമീപഭാവിയിലേക്ക് എൽ.ഐ.സി ഓഹരിക്ക് നൽകിയ 'ബൈ റേറ്റിം​ഗ്' നിലനിർത്തി. പുതിയ നിക്ഷേപവും പരി​ഗണിക്കാമെന്ന സൂചനയാണ് ബൈ റേറ്റിം​ഗിൽ ഉദ്ദേശിക്കുന്നത്. അതേസമയം മൂന്ന് അനലി​സ്റ്റുമാർ കൈവശം നിലനിർത്താമെന്ന സൂചനയുള്ള 'ഹോൾഡ് റേറ്റിം​ഗ്' മാറ്റിയില്ല. ഒരു അനലി​സ്റ്റ് ഓഹരി വിറ്റൊഴിയാം എന്ന സൂചിപ്പിക്കുന്ന 'സെൽ റേറ്റിം​ഗ്' എൽ.ഐ.സി ഓഹരിയിൽ നിലനിർത്തി.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com