വൻതോതിലുള്ള ഓഹരി വിൽപന: അദാനി കമ്പനിയിലെ 3.89 കോടി ഓഹരികൾ വിറ്റഴിച്ച് എൽ.ഐ.സി, വിപണിയിൽ ഈ ഓഹരിക്ക് മുന്നേറ്റം

അദാനി ഗ്രൂപ്പിലെ 10 ലിസ്റ്റഡ് കമ്പനികളിൽ ഏഴെണ്ണത്തിലും എൽഐസിക്ക് ഓഹരി പങ്കാളിത്തം
LIC, Adani ports
Image courtesy: Canva
Published on

ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപന നിക്ഷേപകരായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC), അദാനി ഗ്രൂപ്പ് കമ്പനിയായ അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ (APSEZ) ലെ തങ്ങളുടെ ഓഹരി പങ്കാളിത്തം കുറച്ചു. 2025 നവംബർ 11 നും ഡിസംബർ 10 നും ഇടയിലുള്ള ഒരു മാസത്തിനിടെ ഓപ്പൺ മാർക്കറ്റ് വഴി എൽഐസി 3.89 കോടി ഓഹരികളാണ് വിറ്റഴിച്ചത്. ഇത് കമ്പനിയിലെ മൊത്തം ഓഹരി പങ്കാളിത്തത്തിൻ്റെ 2.007% വരും.

ഏഴെണ്ണത്തിലും ഓഹരി പങ്കാളിത്തം

ഈ വിൽപ്പനയ്ക്ക് ശേഷം, അദാനി പോർട്ട്‌സിലെ എൽഐസിയുടെ ഓഹരി 9.35 ശതമാനം എന്നതിൽ നിന്ന് 7.34 ശതമാനം ആയി കുറഞ്ഞു. നിലവിൽ അദാനി പോർട്ട്‌സിലെ 15.86 കോടി ഓഹരികളാണ് എൽഐസിയുടെ കൈവശമുള്ളത്. അദാനി ഗ്രൂപ്പിലെ 10 ലിസ്റ്റഡ് കമ്പനികളിൽ ഏഴെണ്ണത്തിലും എൽഐസിക്ക് ഓഹരി പങ്കാളിത്തമുണ്ട്. ഇതിൽ എസിസി (ACC, 9.95%), അംബുജ സിമൻ്റ്സ് (Ambuja Cements, 7.31%) എന്നിവയിലാണ് ശതമാനക്കണക്കിൽ ഏറ്റവും കൂടുതൽ ഓഹരികള്‍.

അദാനി എൻ്റർപ്രൈസസ് (4.16%), അദാനി എനർജി സൊല്യൂഷൻസ് (3.42%), അദാനി ഗ്രീൻ എനർജി (1.30%), അദാനി ടോട്ടൽ ഗ്യാസ് (6.02%) എന്നിവയാണ് എല്‍.ഐ.സി ക്ക് ഓഹരി പങ്കാളിത്തമുളള മറ്റ് അദാനി കമ്പനികള്‍.

ഓഹരി

അദാനി പോർട്ട്‌സിന്റെ ഓഹരി വില സമീപകാലത്ത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഈ വർഷം ഇതുവരെ ഓഹരി 24 ശതമാനം വർധിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിക്ഷേപകർക്ക് 225 ശതമാനം മൾട്ടിബാഗർ റിട്ടേൺ നൽകിയിട്ടുള്ള ഈ ഓഹരി, എൽഐസി ഓഹരി വിറ്റഴിച്ച ദിവസങ്ങളിലും നേരിയ മുന്നേറ്റം നിലനിർത്തിയിരുന്നു. കഴിഞ്ഞ പാദത്തിൽ അദാനി പോർട്ട്‌സ് 3,120 കോടി രൂപയുടെ ഏകീകൃത അറ്റാദായമാണ് നേടിയത്. നിക്ഷേപങ്ങൾ തന്ത്രപരമായി ക്രമീകരിക്കുന്നതിൻ്റെ ഭാഗമായാണ് എൽഐസി ഈ ഓഹരി വിറ്റഴിച്ചതെന്നാണ് സൂചന.

ഓഹരി ഇന്ന് ഉച്ചകഴിഞ്ഞുളള സെഷനില്‍ 1.13 ശതമാനം നേട്ടത്തില്‍ 1,521 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

LIC sold 3.89 crore shares of this Adani company.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com