

രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര നിക്ഷേപക സ്ഥാപനമായ(domestic institutional investor) ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (LIC) ഇക്കഴിഞ്ഞ ജൂണ്‍പാദത്തിലെ ഡേറ്റ അനുസരിച്ച് നിക്ഷേപിച്ചിരിക്കുന്നത് 277 കമ്പനികളില്‍. മൊത്തം പോര്‍ട്ട്‌ഫോളിയോ മൂല്യമാകട്ടെ 15.5 ലക്ഷം കോടിയും.
ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ജനപ്രിയ ഓഹരികളട81 ലിസ്റ്റഡ് കമ്പനികളിലെ നിക്ഷേപത്തിലാണ് എല്‍.ഐ.സി മാറ്റം വരുത്തിയിരിക്കുന്നത്. പ്രതിരോധ, ടെക്നോളജി, ധനകാര്യ സേവന രംഗങ്ങളിലെ കമ്പനികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിയപ്പോള്‍ ചില ജനപ്രിയ ഓഹരികളിലെ നിക്ഷേപം കുറയ്ക്കുകയും ചെയ്തു.
ജൂണ്‍ പാദത്തില്‍ നാല് പൊതുമേഖല പ്രതിരോധ ഓഹരികള്‍ക്കാണ് എല്‍.ഐ.സി പ്രാധാന്യം കൊടുത്തിരിക്കുന്നത്. മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സില്‍ (Mazagon Dock Shipbuilders ) 3,857 കോടി രൂപ നിക്ഷേപിച്ച് 3.27 ശതമാനം ഓഹരികള്‍ സ്വന്തമാക്കി. കൂടാതെ മറ്റ് നാല് പ്രതിരോധ ഓഹരികളില്‍ നിക്ഷേപം ഉയര്‍ത്തുകയും ചെയ്തു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ 0.13 ശതമാനം അധിക ഓഹരികള്‍ സ്വന്തമാക്കിക്കൊണ്ട് ഓഹരി വിഹിതം 3.05 ശതമാനമാക്കി. ഭാരത് ഇലക്ട്രോണിക്‌സില്‍ 0.10 ശതമാനം ഓഹരികള്‍ കൂടി വാങ്ങി മൊത്തം പങ്കാളിത്തം 1.99 ശതമാനമാക്കിയപ്പോള്‍ ഹിന്ദുസ്ഥാന്‍ ഏയ്‌റോനോട്ടിക്കല്‍സില്‍ 0.5 ശതമാനം ഉയര്‍ത്തി 2.77 ശതമാനവുമാക്കി.
ഓപ്പറേഷന്‍ സിന്ദൂറും നാറ്റോയുടെ പ്രതിരോധ ചെലവഴിക്കല്‍ ലക്ഷ്യങ്ങളും അടക്കമുള്ള ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പ്രതിരോധ ഓഹരികളെ കഴിഞ്ഞ പാദത്തില്‍ ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ നിഫ്റ്റി ഡിഫെന്‍സ് സൂചിക 34 ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്.
പ്രതിരോധ മേഖല കഴിഞ്ഞാല്‍ ടെക്‌നോളജി, ഫിനാന്‍സ് രംഗത്താണ് എല്‍.ഐ.സി ശ്രദ്ധ നല്‍കിയത്. ഐ.ടി കമ്പനിയായ ഇന്‍ഫോസിസിലെ ഓഹരി വിഹിതം 0.43 ശതമാനം ഉയര്‍ത്തി 10.88 ശതമാനാക്കി. ഇതോടെ ഇന്‍ഫോസിലെ എല്‍.ഐ.സിയുടെ മൊത്തം നിക്ഷേപ മൂല്യം 63,400 കോടിയായി. എച്ച്.സി.എല്‍ ടെക്‌നോളജീസില്‍ 0.04 ശതമാനം ഓഹരി കൂടി വാങ്ങിയതോടെ പങ്കാളിത്തം 5.31 ശതമാനമായി. 21,900 കോടി രൂപ മൂല്യം വരുന്ന എച്ച്.സി.എല്‍ ഓഹരികളാണ് എല്‍.ഐ.സിയുടെ കൈവശമുള്ളത്.
മുകേഷ് അംബാനിയുടെ ധനകാര്യ സേവന കമ്പനിയായ ജിയോഫിനാന്‍ഷ്യല്‍ സര്‍വീസസ്, ടാറ്റ മോട്ടോഴ്‌സ് എന്നിവയിലും നിക്ഷേപം ഉയര്‍ത്തി.
അതേസമയം ബാങ്കിംഗ് ഓഹരികളില്‍ വളരെ ശ്രദ്ധയോടെയുള്ള സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ എന്നിവയില്‍ പങ്കാളിത്തം കുറച്ചു. പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക് എന്നിവയില്‍ നിക്ഷേപം നേരിയ തോതില്‍ ഉയര്‍ത്തി.
ഇക്കാലയളവില്‍ ഐ.ആര്‍.ഇ.ഡി.എയില്‍ 2.21 ശതമാനം ഓഹരികള്‍ സ്വന്തമാക്കിക്കൊണ്ട് പുനരുപയോഗ ഊര്‍ജ മേഖലയിലും നിക്ഷേപം നടത്തിയിരിക്കുകയാണ് എല്‍.ഐ.സി. ഇതുകൂടാതെ ആര്‍.വി.എന്‍.എല്‍, പതഞ്ജലി ഫുഡ്‌സ് എന്നിവയിലും നിക്ഷേപം ഉയര്‍ത്തിയിട്ടുണ്ട്.
ചെറുകിട നിക്ഷേപകര്‍ക്ക് മള്‍ട്ടിബാഗര്‍ നേട്ടം നല്‍കിയിട്ടുള്ള റിലയന്‍സ് പവര്‍, വേദാന്ത, സുസ്‌ലോണ്‍ എനര്‍ജി എന്നിവ അടക്കമുള്ള ഓഹരികളില്‍ ലാഭമെടുപ്പും നടത്തിയിട്ടുണ്ട് എല്‍.ഐ.സി. ഏറ്റവും കൂടുതല്‍ വിറ്റഴിച്ചത് ഹിറോമോട്ടോകോര്‍പ് ഓഹരികളാണ്. നവീന്‍ ഫ്‌ളൂറോയിന്‍, ഡിവീസ് ലാബ്‌സ്, മാരികോ, അപ്പോളോ ഹോസ്പിറ്റല്‍സ്, ഐഷര്‍ മോട്ടോഴ്‌സ്, ജെ.എസ്.ഡബ്ല്യു എനര്‍ജി, കോട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയര്‍ടെല്‍, എസ്.ബി.ഐ എന്നിവയിലും ഓഹരി വിഹിതം കുറച്ചു.
എല്‍.ഐ.സിക്ക് നിലവില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളിലാണ്. കഴിഞ്ഞ പാദത്തില്‍ 0.19 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കി. ഇതോടെ 1.3 ലക്ഷം രൂപ മൂല്യം വരുന്ന 6.93 ശതമാനം ഓഹരികളാണ് എല്‍.ഐ.സിക്ക് രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യമായ റിലയന്‍സിലുള്ളത്. രണ്ടാം സ്ഥാനത്ത് എഫ്.എം.സി.ജി കമ്പനിയായ ഐ.ടി.സിയാണ്. കഴിഞ്ഞ പാദത്തില്‍ 0.28 ശതമാനം ഓഹരികള്‍ കൂടിവാങ്ങിയതോടെ മൊത്തം നിക്ഷേപ വിഹിതം 15.8 ലക്ഷവും നിക്ഷേപ മൂല്യം 82,200 കോടി രൂപയുമായി.
എച്ച്.ഡി.എഫ്.സി ബാങ്ക് (68,600 കോടി രൂപ), എസ്.ബി.ഐ (66,300 കോടി രൂപ), എല്‍ ആന്‍ഡ് ടി (64,100 കോടി രൂപ) എന്നിവയാണ് തൊട്ടു പിന്നില്‍. എല്‍.ഐ.സിയുടെ പോര്‍ട്ട്‌ഫോളിയോയിലെ ആദ്യ പത്ത് ഓഹരികളുടെ മാത്രം മൂല്യം ആറ് ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്.
Read DhanamOnline in English
Subscribe to Dhanam Magazine