ഇനി രണ്ടു ദിവസം മാത്രം, ഇരട്ടി നികുതി ഒഴിവാക്കാന്‍ നിങ്ങളിത് ചെയ്‌തോ?

പാൻ എങ്ങനെ ആധാറുമായി ബന്ധിപ്പിക്കാമെന്ന് നോക്കാം
ഇനി രണ്ടു ദിവസം മാത്രം, ഇരട്ടി നികുതി ഒഴിവാക്കാന്‍ നിങ്ങളിത് ചെയ്‌തോ?
Published on

ആധാറും പാനും ഇനിയും ബന്ധിപ്പിക്കാത്ത ഉപയോക്താക്കളെ വീണ്ടും ഓര്‍മപ്പെടുത്തി ആദായ നികുതി വകുപ്പ്. ഉയര്‍ന്ന നിരക്കില്‍ സ്രോതസില്‍ നിന്ന് നികുതി (ടി.ഡി.എസ) ഈടാക്കുന്നത് ഒഴിവാക്കാന്‍ മേയ് 31നകം ആധാര്‍ പാനുമായി ബന്ധിപ്പിക്കമെന്നാണ് നിര്‍ദേശം. ഈ തീയതിക്കകം പാനും ആധാറും ബന്ധിപ്പിച്ചില്ലെങ്കില്‍ സാധാരണയിലും ഇരട്ടി നിരിക്കിലാകും ടി.ഡി.എസ് ഈടാക്കുക.

നിശ്ചിത സമയത്തിനകം പാന്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഇരട്ടി നികുതി ഈടാക്കാനാണ് ആദായ നികുതി നിയമം വ്യവസ്ഥ ചെയ്യുന്നത്. നികുതി നല്‍കുന്നവരും റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരും മാത്രമല്ല പാന്‍ ഉള്ള എല്ലാവരും ഇത് ആധാറുമായി ബന്ധിപ്പിക്കണം. ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ മേയ് 31ന് ശേഷം പ്രവര്‍ത്തന രഹിതമാകും.

ഉയര്‍ന്ന ഇടപാടുകളുടെ സ്റ്റേറ്റ്‌മെന്റ് മേയ് 31നകം ഫയല്‍ ചെയ്യാന്‍ ബാങ്കുകള്‍, വിദേശ നാണയ വിനിമയം നടത്തുന്ന സ്ഥാപനങ്ങള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, പോസ്റ്റ് ഓഫീസുകള്‍ തുടങ്ങിയവരോടും ആവശ്യപ്പെട്ടിട്ടുണ്ട്. നിശ്ചിത തീയതിക്കകം എസ്.എഫ്.ടി ഫയല്‍ ചെയ്തില്ലെങ്കില്‍ 1000 രൂപ വീതം പിഴ അടയ്ക്കണം.

പല ഇടപാടുകളും മുടങ്ങും 

ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കില്‍ ബാങ്ക് ഇടപാടുകള്‍ നടത്തുന്നതിനടക്കം ബുദ്ധിമുട്ടുണ്ടാകും. ബാങ്കില്‍ പുതിയ അക്കൗണ്ട് തുറക്കാനാകില്ല. മാത്രമല്ല ദിവസം 50,000 രൂപയില്‍ അധികം തുക അക്കൗണ്ടില്‍ നിക്ഷേപിക്കാനാകില്ല. പുതിയ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കില്ല. ഓഹരി, മ്യൂച്വല്‍ഫണ്ട് എന്നിവയിലെ നിക്ഷേപത്തിനും തടസമുണ്ടാകും. വസ്തു സംബന്ധമായ ഇടപാടുകളെയും ഇതു ബാധിക്കാം. ബാങ്കിലെയും സാമ്പത്തിക ഇടപാടുകള്‍ക്കുള്ള പോര്‍ട്ടലുകളിലെയും കെ.വൈ.സി പുതുക്കാനും ബുദ്ധിമുട്ടാകും.പ്രവര്‍ത്തന രഹിതമായ പാന്‍ 1,000 രൂപ ഫീസ് നല്‍കി ആധാറുമായി ബന്ധിപ്പിച്ച് 30 ദിവസത്തിനകം വീണ്ടും പ്രവര്‍ത്തന സജ്ജമാക്കാം.

പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാം

ആദ്യം പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് അറിയാന്‍ www.incometax.gov.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുക. പാന്‍, ആധാര്‍ കാര്‍ഡ് വിവരങ്ങളും പേരും മൊബൈല്‍ നമ്പറും നല്‍കണം. ലിങ്ക് ആധാര്‍ സ്റ്റാറ്റസ് എന്ന ഓപ്ഷന്‍ തിരഞ്ഞൈടുക്കുക. നിലവില്‍ ബന്ധിപ്പിച്ചിട്ടുള്ളതാണെങ്കില്‍ സന്ദേശം ഫോണില്‍ ലഭിക്കും.

ഇല്ലെങ്കില്‍ ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോര്‍ട്ടലില്‍ പോകുക. ക്വിക് ലിങ്ക്‌സ് എന്നതിനു താഴെ വരുന്ന ഇ-പേ ടാക്‌സ് ക്ലിക്ക് ചെയ്ത് പിഴയടയ്ക്കാനായി കണ്ടിന്യു എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി നല്‍കിയ ശേഷം പ്രൊസീഡ് ബട്ടണ്‍ ക്ലിക്ക്‌ചെയ്യുക.

അസസ്‌മെന്റ് വര്‍ഷം 2024-25 എന്നും പേയ്‌മെന്റ് ടൈപ്പ് അദര്‍ റിസീറ്റ് എന്നതും തിരഞ്ഞെടുക്കുക. ഇനി ലഭിക്കുന്ന ചെലാനില്‍ 1,000 രൂപ രേഖപ്പെടുത്തുക. അതിനുശേഷം ആധാര്‍പാന്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിന് ഇ-ഫയലിങ് പോര്‍ട്ടിലേക്ക് വീണ്ടും പോയി ക്വിക്ക് ലിങ്ക്‌സ് എടുക്കുക. പാന്‍ നമ്പര്‍ നല്‍കി വാലിഡേറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പേരും മൊബൈല്‍ നമ്പറും നല്‍കുമ്പോള്‍ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് തുടരുക. അതിനു ശേഷം ലിങ്ക് ആധാര്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താൽ മതി. 

ആധാറിലെയും പാന്‍ കാര്‍ഡിലെയും വിവരങ്ങള്‍ സമാനമാണെങ്കില്‍ ലിങ്ക് ചെയ്യും. അതല്ലെങ്കില്‍ ആദ്യം അവയില്‍ മാറ്റം വരുത്തിയ ശേഷം വീണ്ടും ലിങ്ക് ചെയ്യണം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com