എൽഐസി അടുത്തിടെ വാങ്ങിക്കൂട്ടിയ 100 രൂപയിൽ താഴെയുള്ള 5 കുഞ്ഞൻ ഓഹരികൾ

പൊതുമേഖലാ നിക്ഷേപക സ്ഥാപനം കുഞ്ഞൻ ഓഹരികളിൽ താൽപ്പര്യം പ്രകടിപ്പിക്കുന്നതിനെ വിപണിയും ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്.
LIC IT Stocks
canva
Published on

ഇന്ത്യൻ ഓഹരി വിപണിയിലെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനങ്ങളിലൊന്നായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അഥവാ എൽ.ഐ.സി, അടുത്തിടെ ഏതാനും സ്മോൾ ക്യാപ് ഓഹരികൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്. നിലവിലെ വിപണി വില 100 രൂപയിൽ താഴെയായതിനാലും വളരെ കുറഞ്ഞ വിപണി മൂല്യവും (Market capitalization) രേഖപ്പെടുത്തുന്ന ഓഹരികളാണിവ. ഈ പൊതുമേഖലാ നിക്ഷേപക സ്ഥാപനം കുഞ്ഞൻ ഓഹരികളിൽ താൽപ്പര്യം പ്രകടിപ്പിക്കുന്നതിനെ വിപണിയും ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്.

1. ടൂറിസം ഫിനാൻസ് കോർപ്പറേഷൻ

2026 മാർച്ച് പാദത്തിനൊടുവിലെ കണക്കുകൾ പ്രകാരം ടൂറിസം ഫിനാൻസ് കോർപ്പറേഷനിൽ (BSE: 526650, NSE: TFCILTD) 2.92 ശതമാനം ഓഹരി പങ്കാളിത്തം എൽ.ഐ.സി കരസ്ഥമാക്കിയിട്ടുണ്ട്. ഇതിന്റെ നിലവിലെ നിക്ഷേപമൂല്യം ഏകദേശം 97 കോടി രൂപയാണ്. ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ആവശ്യമായ വായ്പ സേവനങ്ങളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അടുത്തിടെ, ആൽട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുകളിലേക്ക് (AIF) പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. കഴിഞ്ഞ 5 വർഷത്തെ ടൂറിസം ഫിനാൻസ് കോർപ്പറേഷന്റെ ശരാശരി ആർ.ഒ.ഇ (ROE) 9% നിലവാരത്തിലാണുള്ളത്. കഴി‍ഞ്ഞ ദിവസം 75 രൂപ നിലവാരത്തിലാണ് ടൂറിസം ഫിനാൻസ് കോർപ്പറേഷൻ ഓഹരിയുടെ ക്ലോസിങ് കുറിച്ചത്.

2. വിദ്യ വയേഴ്‌സ്

കോപ്പർ വൈൻഡിംഗ് വയറുകളുടെ നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന ഈ മൈക്രോ ക്യാപ് കമ്പനിയിൽ എൽ.ഐ.സി 2.6% ഓഹരികൾ വാങ്ങിയിട്ടുണ്ട്. എൽ.ഐ.സി.യുടെ ഇക്വിറ്റി പോർട്ട്ഫോളിയോയിലേക്ക് പുതിയതായി ചേർക്കപ്പെട്ട കുഞ്ഞൻ ഓഹരിയാണിത്. കഴിഞ്ഞ 5 വർഷത്തെ പ്രവർത്തനഫലങ്ങൾ പരിശോധിക്കുമ്പോൾ, വിദ്യ വയേസിന്റെ (BSE: 544633, NSE: VIDYAWIRES) ലാഭത്തിൽ 42% നിരക്കിൽ സംയോജിത വാർഷിക വളർച്ച (CAGR) രേഖപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രിക് വെഹിക്കിൾ (EV) മോട്ടോറുകൾക്കും സോളാർ കണ്ടക്ടറുകൾക്കുമായി നടത്തുന്ന പുതിയ പ്ലാന്റ് നിർമ്മാണം കമ്പനിയുടെ ഭാവി വരുമാന സാധ്യത വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഇന്നലെ 74 രൂപ നിലവാരത്തിലാണ് വിദ്യ വയേസ് ഓഹരി ക്ലോസ് ചെയ്തത്.

3. സാഗർസോഫ്റ്റ് (ഇന്ത്യ)

ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സേവനങ്ങൾ ഉൾപ്പെടെയുള്ള ഐടി അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്ന സാഗർസോഫ്റ്റിൽ (BSE: 540143) 1.56% ഓഹരി പങ്കാളിത്തമാണ് എൽ.ഐ.സി നേടിയിട്ടുള്ളത്. കഴിഞ്ഞ 5 വർഷത്തിനിടെ കമ്പനിയുടെ വിൽപനയിൽ 31 ശതമാനവും ലാഭത്തിൽ 18 ശതമാനം വീതവും വളർച്ചയുണ്ടായി. നിലവിൽ 80 രൂപ നിലവാരത്തിലാണ് സാഗർസോഫ്റ്റ് (ഇന്ത്യ) ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.

4. ഓറിയന്റ് പേപ്പർ ആൻഡ് ഇൻഡസ്ട്രീസ്

സി.കെ ബിർള ഗ്രൂപ്പിന്റെ ഭാഗമായ ഈ മൈക്രോ ക്യാപ് കമ്പനിയിൽ എൽ.ഐ.സി 0.09% ഓഹരികൾ സ്വന്തമാക്കിയിട്ടുണ്ട്. പേപ്പർ, കോസ്റ്റിക് സോഡാ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഓറിയന്റ് പേപ്പർ ആൻഡ് ഇൻഡസ്ട്രീസ് (BSE: 502420, NSE: ORIENTPPR), നിലവിൽ സാമ്പത്തിക നഷ്ടം നേരിടുന്നുണ്ടെങ്കിലും, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനായി നടത്തുന്ന തോട്ടം അധിഷ്ഠിത പദ്ധതികൾ വരും വർഷങ്ങളിൽ പ്രവർത്തനച്ചെലവ് കുറയ്ക്കാൻ സഹായിച്ചേക്കാം. കഴിഞ്ഞ ദിവസം 19 രൂപ നിലവാരത്തിലായിരുന്നു ഓറിയന്റ് പേപ്പർ ആൻഡ് ഇൻഡസ്ട്രീസ് ഓഹരിയുടെ വ്യാപാരം അവസാനിപ്പിച്ചത്.

5. യൂണിറോയൽ മറൈൻ എക്സ്പോർട്ട്സ്

സീഫുഡ് പ്രോസസ്സിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന ഈ മൈക്രോ ക്യാപ് കമ്പനിയുടെ 0.08% ഓഹരികളാണ് എൽ.ഐ.സി സ്വന്തമാക്കിയിട്ടുള്ളത്. വരുമാനത്തിന്റെ 91 ശതമാനവും കയറ്റുമതിയിൽ നിന്നാണ് യൂണിറോയൽ മറൈൻ എക്സ്പോർട്ട്സ് (BSE: 526113) കണ്ടെത്തുന്നത്. എങ്കിലും, കഴിഞ്ഞകാല സാമ്പത്തിക പ്രകടനങ്ങളിൽ നിന്നും കമ്പനിയുടെ സാമ്പത്തിക അടിത്തറ താരതമ്യേന ദുർബലമാണെന്ന് കാണാം. കഴിഞ്ഞ ദിവസം 19 രൂപ നിലവാരത്തിലായിരുന്നു യൂണിറോയൽ മറൈൻ എക്സ്പോർട്ട്സ് ഓഹരിയുടെ ക്ലോസിങ് കുറിച്ചത്.

നിക്ഷേപകർ എന്ത് ചെയ്യണം?

ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർ ഒരു ഓഹരിയിൽ താൽപ്പര്യം കാണിക്കുന്നത്, ആ കമ്പനിയുടെ ഭാവി വളർച്ചാ സാധ്യതകളെ കുറിച്ച് പോസിറ്റീവായ ഒരു സൂചന നൽകുന്നുണ്ടെങ്കിലും, പെന്നി സ്റ്റോക്കുകളിലെ ഉയർന്ന ചാഞ്ചാട്ടം (Volatility) കൂടി നിക്ഷേപകർ കണക്കിലെടുക്കേണ്ടതുണ്ട്. എൽ.ഐ.സിയുടെ നിക്ഷേപത്തെ മാത്രം അടിസ്ഥാനമാക്കാതെ, വിപണി സാഹചര്യങ്ങളും കമ്പനികളുടെ സാമ്പത്തിക റിപ്പോർട്ടുകളും കൂടി ആഴത്തിൽ വിശകലനം ചെയ്ത് മാത്രം തീരുമാനങ്ങൾ കൈക്കൊള്ളുക.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com