

അടിസ്ഥാനപരമായ ഘടകങ്ങൾ (Fundamentals) ശക്തമായ നിലയിലുള്ളതും കടബാധ്യതയുമില്ലാത്ത കമ്പനികളുടെ ഓഹരികൾ താരതമ്യേന സുരക്ഷിതവും സ്ഥിരതയുമുള്ള അവസരമായാണ് പൊതുവേ വിലയിരുത്തുന്നത്. വിപണിയുടെ ഭാവിഗതി എങ്ങോട്ടായിരിക്കും എന്നതിൽ അനിശ്ചിതത്വം നിഴലിക്കുന്ന വേളയിൽ പ്രത്യേകിച്ചും. കടമില്ലാത്ത ബാലൻസ് ഷീറ്റുള്ള കമ്പനികളെ സംബന്ധിച്ച് വായ്പയുടെ പലിശ ഭാരവും തിരിച്ചടവ് ബാധ്യതയും തലവേദനയാകാത്തതിനാൽ, അവരുടെ ബിസിനസിന് മെച്ചപ്പെട്ട സാമ്പത്തിക വഴക്കവും സ്ഥിരതയും അത് പ്രദാനം ചെയ്യുന്നു.
അതുപോലെ സ്ഥിരതയാർന്ന തോതിൽ വളർച്ച രേഖപ്പെടുത്തുന്ന വരുമാനം, ആരോഗ്യകരമായ ലാഭമാർജിൻ, പോസിറ്റീവ് ക്യാഷ് ഫ്ലോ, കാര്യക്ഷമമായ മാനേജ്മെന്റ് എന്നിങ്ങനെ വിവിധ ഘടകങ്ങളിൽ കമ്പനി ഒരേപോലെ കാഴ്ചവെക്കുന്ന ഉയർന്ന നിലവാരമുള്ള പ്രകടനത്തിൽ നിന്നും എന്തെങ്കിലും താത്കാലിക പ്രഭാവങ്ങൾ കാരണമല്ല മറിച്ച് അടിസ്ഥാനപരമായ മികവുകൊണ്ടാണ് അത് സാധ്യമാകുന്നതെന്ന് മനസ്സിലാക്കാം. ചുരുക്കത്തിൽ സുസ്ഥിരമായ ദീർഘകാല വളർച്ച കൈവരിക്കാൻ കടബാധ്യതയില്ലാത്തും അടിസ്ഥാന ഘടകങ്ങൾ ശക്തവുമായ ഓഹരികൾക്ക് കഴിയാമെന്ന് സാരം.
കമ്പനിയുടെ ബാലൻസ് ഷീറ്റിൽ കടം രേഖപ്പെടുത്തിയിട്ടില്ല എന്നതിനു പുറമെ പ്രൊമോട്ടറുടെ കൈവശമുള്ള ഓഹരികൾ വായ്പകൾക്ക് ഈടായി നൽകിയിട്ടില്ലാത്തതും (Share pledging) ലാഭക്ഷമതയുടെ പ്രധാന അളവുകോലുകളായ റിട്ടേൺ ഓൺ ഇക്വിറ്റിയും (ROE) റിട്ടേൺ ഓൺ ക്യാപിറ്റൽ എംപ്ലോയ്ഡ് (ROCE) എന്നിവ 18 ശതമാനം നിരക്കിന് മുകളിലുള്ളതും കഴിഞ്ഞ മൂന്ന് വർഷമായി വരുമാനത്തിലും ലാഭത്തിലും വളർച്ച പ്രകടമാക്കുന്നതും 1,000 കോടി രൂപയിലേറെ വിപണി മൂല്യം രേഖപ്പെടുത്തുന്നതുമായ കമ്പനികളുടെ കൂട്ടത്തിൽ നിന്നും 100 രൂപയിൽ താഴെയുള്ള 5 ഓഹരികളുടെ വിശദാംശം നോക്കാം.
ഭാരത് കോക്കിങ് കോൾ: പൊതുമേഖലയിൽ പ്രവർത്തിക്കുന്ന കോൾ ഇന്ത്യയുടെ ഉപകമ്പനിയാണിത്. 2026 ജനുവരിയിലാണ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തത്. വ്യാവസായിക ആവശ്യത്തിനുള്ള കോക്കിങ് കോളിന്റെ ഖനനത്തിലും സംസ്കരണത്തിലുമാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. നിലവിൽ 36 രൂപ നിലവാരത്തിലാണ് ഭാരത് കോക്കിങ് കോൾ ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.
ഫിനിയോടെക്സ് കെമിക്കൽ: ടെക്സ്റ്റൈൽസ്, കൺസ്ട്രക്ഷൻ, ജലശുദ്ധീകരണം, രാസവളം, പെയിന്റ് തുടങ്ങിയ വ്യവസായ മേഖലകളിലേക്ക് ആവശ്യമായ സ്പെഷ്യാൽറ്റി കെമിക്കൽസ് നിർമിക്കുന്ന സ്മോൾ ക്യാപ് കമ്പനിയാണിത്. 70-ഓളം വിദേശ രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. നിലവിൽ 23 രൂപ നിലവാരത്തിലാണ് ഫിനിയോടെക്സ് കെമിക്കൽ ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.
ഭൻസാലി എൻജിനീയറിങ് പോളിമേഴ്സ്: വാഹനം, ഗൃഹോപകരണങ്ങൾ, ഹെൽത്ത്കെയർ മേഖലകളിലേക്ക് ആവശ്യമായ എബിഎസ് റെസിൻ, എഇഎസ് റെസിൻ, എഎസ്എ റെസിനും പ്ലാസ്റ്റിക്സ് ഉത്പന്നങ്ങളും നിർമിക്കുന്ന സ്മോൾ ക്യാപ് കമ്പനിയാണിത്. നിലവിൽ 84 രൂപ നിലവാരത്തിലാണ് ഭൻസാലി എൻജിനീയറിങ് പോളിമേഴ്സ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.
രാജൂ എൻജിനീയേഴ്സ്: പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള പ്ലാസ്റ്റിക്-എക്സ്ട്രൂഷൻ മെഷീനുകൾ നിർമിക്കുന്ന സ്മോൾ ക്യാപ് കമ്പനിയാണിത്. ഗുജറാത്ത് കേന്ദ്രമാക്കിയാണ് പ്രവർത്തനം. നിലവിൽ 64 രൂപ നിലവാരത്തിലാണ് രാജൂ എൻജിനീയേഴ്സ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.
Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine