യു.എസ് - ഇറാൻ യുദ്ധം പ്രതികൂലമായി ബാധിക്കാവുന്ന 9 ഓഹരികൾ; നിങ്ങളുടെ കൈവശമുണ്ടോ?

സംഘർഷഭരിതമായ പശ്ചിമേഷ്യൻ മേഖലയിൽ ​ഗണ്യമായ ബിസിനസ് പ്രവർത്തനങ്ങളുളള 9 ഓഹരികളുടെ വിശ​ദാംശങ്ങൾ.
middle east stocks
canva
Published on

പശ്ചിമേഷ്യയിൽ സംഘർഷം കനത്തതോടെ ഇന്ത്യൻ ഓഹരി വിപണിയും ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില എട്ട് മാസത്തെ ഉയർന്ന നിലവാരത്തിലേക്ക് എത്തിച്ചേർന്നതും ഇറാന്റെ തിരിച്ചടി പ്രധാനമായും ലക്ഷക്കണക്കിന് പ്രവാസികൾ താമസിക്കുന്ന ​ഗൾഫ് രാജ്യങ്ങളെ ഉന്നമിട്ടാണെന്നതിനാലുള്ള അരക്ഷിതാവസ്ഥയും ഡോളർ വിനിമയമൂല്യം ശക്തമാകുന്നതും ഒക്കെ രാജ്യത്തിന്റെ സമ്പദ്ഘടനയിൽ ക്ഷതമേൽപ്പിക്കാവുന്ന പ്രതികൂല ഘടകങ്ങളാണ്.

അതേസമയം യു.എസും ഇസ്രായേലും ഒരു വശത്തും ഇറാൻ മറുവശത്തുമായി നിലയുറപ്പിച്ചിരിക്കുന്ന പശ്ചിമേഷ്യയിലെ പോർമുഖം എപ്പോൾ ശാന്തമാകും എന്നതാണ് ഇന്ത്യൻ വിപണി ഉറ്റുനോക്കുന്നത്. പ്രതികാരം ഉറപ്പെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചതോടെ യുദ്ധം ഒരുമാസമെങ്കിലും നീണ്ടുനിൽക്കാം എന്ന് മാർക്കറ്റ് അനലി​സ്റ്റുകൾ സൂചിപ്പിക്കുന്നു. ഈയൊരു യു.എസ് - ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യൻ മേഖലയിൽ ബിസിനസ് സാന്നിധ്യമുള്ള 11 ഓഹരികളുടെ വിശ​ദാംശം നോക്കാം.

എൽ&ടി

ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ ലാർസൺ & ട്യൂബ്രോ (L&T)യ്ക്ക്, മിഡിൽ ​ഈ​സ്റ്റിൽ വലിയ തോതിലുള്ള ബിസിനസ് സാന്നിധ്യമുണ്ട്. നിലവിൽ 3.6 ലക്ഷം കോടി രൂപയുടെ ഓർഡർ ബുക്ക് (കമ്പനിക്ക് ലഭിച്ച കരാറുകളുടെ മൂല്യം) എൽ&ടിക്ക് സ്വന്തമാണ്. ഇതിന്റെ 49 ശതമാനവും വിദേശത്തെ ബിസിനസ് വഴി ലഭിച്ചതാണ്. വിദേശത്ത് നിന്നുള്ള മൊത്തം ഓർഡർ ബുക്കിന്റെ 80 ശതമാനവും സൗദി അറേബ്യ, യുഎഇ, മധ്യ പൂർവേഷ്യൻ മേഖലയിൽ നിന്നാകുന്നു. സമീപകാലത്ത് വമ്പൻ കരാറുകൾ നേടിയിട്ടുമുണ്ട്. കഴിഞ്ഞയാഴ്ച 4,270 രൂപയിലാണ് എൽ&ടി ഓഹരിയുടെ വ്യാപാരം അവസാനിപ്പിച്ചത്.

കല്യാൺ ജ്വല്ലേഴ്സ്

ഇന്ത്യയിലെ വൻകിട ജുവൽറി ശൃംഖലകളിലൊന്നും കേരളത്തിൽ നിന്നുള്ള പ്രമുഖ ലി​സ്റ്റഡ് കമ്പനിയുമായ കല്യാൺ ജ്വല്ലേഴ്സിന് മിഡിൽ ഈ​സ്റ്റിൽ വലിയ തോതിലുള്ള ബിസിനസ് സാന്നിധ്യമുണ്ട്. കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 12 ശതമാനവും ​ഗൾഫ് മേഖലയിൽ നിന്നുള്ള സംഭാവനയാണ്. ഡിസംബറിലെ കണക്കുകൾ പ്രകാരം, ​ഗൾഫ് മേഖലയിൽ 36-38 ഷോറൂമുകൾ കമ്പനി സ്വന്തം നിലയിൽ പ്രവർത്തിപ്പിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച 4,10 രൂപയിലാണ് കല്യാൺ ജ്വല്ലേഴ്സ് ഓഹരിയുടെ വ്യാപാരം അവസാനിപ്പിച്ചത്.

കെഇസി ഇന്റർനാഷണൽ

വൈദ്യുത പ്രസരണ, വിതരണ മേഖലയിൽ ഇ.പി.സി സേവനങ്ങൾ നൽകുന്ന പ്രമുഖ കമ്പനിയായ കെഇസി ഇന്റർനാഷണലിന് സൗദി അറേബ്യയിലും യുഎഇയിലും ​ഗണ്യമായ ബിസിനസ് സാന്നിധ്യമുണ്ട്. 380 കെവി ലൈൻ സ്ഥാപിക്കുന്നതിനായി 1,064 കോടി രൂപയുടേയും ജിഐഎസ് സബ്​സ്റ്റേഷൻ സ്ഥാപിക്കുന്നതിനായി 1,038 കോടി രൂപയുടേയും രണ്ട് വൻകിട കരാറുകൾ സൗദി അറേബ്യയിൽ നിന്നും അടുത്തിടെ കെഇസി ഇന്റർനാഷണൽ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച 585 രൂപയിലാണ് കെഇസി ഇന്റർനാഷണൽ ഓഹരിയുടെ വ്യാപാരം അവസാനിപ്പിച്ചത്.

വെൽസ്പൺ കോർപ്: മിഡിൽ ഈ​സ്റ്റിൽ നിന്നും എത്രത്തോളം കരാറുകൾ ലഭിച്ചിട്ടുണ്ടെന്നതിന് കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ലെങ്കിലും സൗദി അറേബ്യയിൽ കമ്പനിക്ക് ​ഗണ്യമായ ബിസിനസ് സാന്നിധ്യമുണ്ടെന്നാണ് റിപ്പോർട്ട്. ഈ മേഖലയിൽ 2.5 ലക്ഷം മെട്രിക് ടൺ വാർഷിക ഉത്പാദന ശേഷിയുള്ള ഡ്ക്ടൈൽ അയൺ പൈപ്പ് നിർമിക്കുന്ന പ്ലാന്റിനായി 1,700 കോടി രൂപയുടെ മൂലധന ചെലവിടൽ വെൽസ്പൺ കോർപ് നടത്തുന്നുണ്ട്. 2026 മാർച്ചിൽ ഈ പ്ലാന്റ് പ്രവർത്തനം ആരംഭിക്കുമെന്നാണ് വിവരം.

​സ്റ്റെർലിങ് & വിൽസൺ റിന്യൂവബിൾ‌സ്: മൂന്നാം പാദഫലത്തിനൊപ്പം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം സൗദി അറേബ്യ, യുഎഇ, ഒമാൻ എന്നിവിടങ്ങളിൽ കമ്പനിക്ക് ബിസിനസ് സാന്നിധ്യമുണ്ട്.

വിഎ ടെക് വബാ​ഗ്: സൗദി അറേബ്യയിൽ 300 എംഎൽഡി ശേഷിയുള്ള ഡിസാലിനേഷൻ പ്ലാന്റ് നിർമിക്കുകയാണ്. റിയാദി 200 എംഎൽഎ ശേഷിയുള്ള മാലിന്യ സംസ്കരണ പ്ലാന്റും നിർമിക്കുന്നുണ്ട്. ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നായിരുന്നു റിപ്പോർട്ട്.

അദാനി പോർട്ട്സ്: ഇസ്രായേലിലെ തന്ത്രപ്രധാനമായ ഹൈഫ തുറമുഖത്ത് അദാനി ​ഗ്രൂപ്പ് കമ്പനിക്ക് വമ്പൻ നിക്ഷേപമുണ്ട്.

സൺ ഫാർമസ്യൂട്ടിക്കൽസ്: ഇസ്രായേലിലെ തരോ ഫാർമയുടെ ഭൂരിഭാ​ഗം ഓഹരികളും സ്വന്തമാക്കിയിട്ടുണ്ട്.

പെയിന്റ് & ടയർ കമ്പനികൾ: ക്രൂഡോയിൽ വില എട്ട് മാസത്തെ ഉയർന്ന നിലവാരത്തിലേക്ക് എത്തിയതോടെ ഉത്പാദന ചെലവ് വർധിക്കുന്നത് തിരിച്ചടിയാകും. അതുപോലെ യുദ്ധം കാരണം വിതരണ ശൃംഖല തകരുമോയെന്ന ആശങ്കയും നിലനിൽക്കുന്നു.

Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com