കാത്തിരിപ്പ് ഇനി നീളില്ല; ലുലു ഗ്രൂപ്പും വമ്പന്‍ ഐ.പി.ഒയ്ക്ക്, ബാങ്കിംഗ് പങ്കാളികളെ നിശ്ചയിച്ചു

പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന, അബുദബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ (Lulu Group International) വമ്പന്‍ പ്രാരംഭ ഓഹരി വില്‍പനയ്ക്ക് (IPO) സജ്ജമാകുന്നു. ഏകദേശം 16,700 കോടി രൂപ ഉന്നമിട്ടുള്ള (2 ബില്യണ്‍ ഡോളര്‍) ഇരട്ട ലിസ്റ്റിംഗാണ് ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്.
യു.എ.ഇയിലെ അബുദബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിന് (ADX) പുറമേ സൗദി അറേബ്യന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ തദാവൂളിലും (Tadawul) ലുലു ഓഹരികള്‍ ലിസ്റ്റ് ചെയ്‌തേക്കും. 2024ന്റെ രണ്ടാംപകുതിയില്‍ പ്രാരംഭ ഓഹരി വില്‍പന നടത്താനാണ് ശ്രമങ്ങള്‍.
ബാങ്കിംഗ് പങ്കാളികളായി
പ്രാരംഭ ഓഹരി വില്‍പന നടപടികള്‍ക്കുള്ള ബാങ്കിംഗ് പങ്കാളികളെയും ലുലു ഗ്രൂപ്പ് നിശ്ചയിച്ചു. എമിറേറ്റ്‌സ് എന്‍.ബി.ഡി ക്യാപ്പിറ്റല്‍, അബുദബി കൊമേഴ്‌സ്യല്‍ ബാങ്ക്, സിറ്റി ഗ്രൂപ്പ്, എച്ച്.എസ്.ബി.സി ഹോള്‍ഡിംഗ്‌സ് എന്നിവയാണ് ലുലു ഗ്രൂപ്പ് ഐ.പി.ഒയുടെ ബാങ്കിംഗ് പങ്കാളികള്‍. മോലീസ് ആന്‍ഡ് കോ (Moelis & Co) ആയിരിക്കും ധനകാര്യ ഉപദേശകര്‍. അതേസമയം, ബാങ്കുകളോ ലുലു ഗ്രൂപ്പോ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
ലുലു ഗ്രൂപ്പും യൂസഫലിയും
എം.എ. യൂസഫലി ചെയര്‍മാനായ ലുലു ഗ്രൂപ്പിന് നിലവില്‍ 20ലേറെ രാജ്യങ്ങളിലായി 260ലധികം ഔട്ട്‌ലെറ്റുകളുണ്ട്. ഷോപ്പിംഗ് മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഭക്ഷ്യസംസ്‌കരണ കേന്ദ്രങ്ങള്‍ തുടങ്ങിയവ കമ്പനി നടത്തുന്നു.
2020ലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 5 ബില്യണ്‍ ഡോളറാണ് (ഏകദേശം 41,700 കോടി രൂപ) ലുലു ഗ്രൂപ്പിന്റെ മൂല്യം. അബുദാബി രാജകുടുംബത്തിന്റെ പക്കല്‍ ലുലു ഗ്രൂപ്പിന്റെ 20 ശതമാനം ഓഹരികളുണ്ട്; ഇതിന്റെ മൂല്യം 100 കോടി ഡോളറിനുമേല്‍ വരും (8,350 കോടി രൂപ).
മുന്നില്‍ വന്‍ വികസനലക്ഷ്യങ്ങള്‍
ജി.സി.സി രാഷ്ട്രങ്ങളിലും ഈജിപ്റ്റിലും മറ്റ് രാജ്യങ്ങളിലും സാന്നിദ്ധ്യം അറിയിക്കാനും വിപുലമാക്കാനുമുള്ള ഒരുക്കങ്ങളിലാണ് ലുലു ഗ്രൂപ്പ്. ഇന്ത്യയില്‍ ഇതിനകം 2.41 ബില്യണ്‍ ഡോളർ (20,000 കോടിയിലധികം രൂപ) നിക്ഷേപിച്ചിട്ടുള്ള കമ്പനി, 2025ഓടെ ഇത് 6.03 ബില്യണ്‍ ഡോളറായി (50,000 കോടി രൂപ) ഉയര്‍ത്താനുള്ള ശ്രമത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
2022ലെ കണക്കനുസരിച്ച് ലുലു ഗ്രൂപ്പിന്റെ വാര്‍ഷിക വിറ്റുവരവ് 8 ബില്യണ്‍ ഡോളറാണ് (66,750 കോടി രൂപ). ഗള്‍ഫ്, മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലായി 70,000ലേറെ ജീവനക്കാരുണ്ട് ലുലു ഗ്രൂപ്പിന്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it