ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഐ.പി.ഒ 2024 ആദ്യം

പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന അബൂദബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ 2024ന്റെ ആദ്യ പകുതിയില്‍ പ്രാഥമിക ഓഹരി വില്‍പ്പനയുമായി (Initial Public Offering/IPO) എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. അബൂദബി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ മൊയ്‌ലിസിനെ ഇതിനായി നിയമിച്ചതായി കമ്പനിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദി നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗള്‍ഫിലെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃഖലകളിലൊന്നായ ലുലുവിന് ഇന്ത്യ, ഈജിപ്ത്, മലേഷ്യ, ഇന്‍ഡോനേഷ്യ എന്നിവിടങ്ങളിലായി 254 ഹൈപ്പര്‍മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളുമുണ്ട്. ഗള്‍ഫിലും (GCC) മറ്റ് രാജ്യങ്ങളിലുമായി അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 80ലധികം ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കാന്‍ ലുലു പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
കുറച്ചു കാലങ്ങളായി ഐ.പി.ഒയ്ക്ക് പദ്ധതിയിടുന്ന ലുലു ഗ്രൂപ്പ് നേരത്തെ ഈ വര്‍ഷം ലിസ്റ്റിംഗ് നടത്താനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പല കാരണങ്ങളാൽ മാറ്റിവയ്ക്കുകയായിരുന്നു.
കോവിഡ് തരംഗത്തിനു ശേഷം എ.ഡി.എക്‌സ്., ദുബായ് ഫൈനാന്‍ഷ്യല്‍ മാര്‍ക്കറ്റ്, സൗദി അറേബ്യയുടെ തടവുള്‍ (Tadawul) എന്നീ പ്രാദേശിക വിപണികളില്‍ ലിസ്റ്റിംഗില്‍ ഉണര്‍വുണ്ടായിരിക്കുന്ന സമയത്താണ് ലുലു ഐ.പി.ഒ പദ്ധതിയുമായി വന്നിരിക്കുന്നത്.
Related Articles
Next Story
Videos
Share it