ma yusuffali, lulu group

ലുലു റീട്ടെയ്ല്‍ ഓഹരിവിലയില്‍ ഉണര്‍വ്; പശ്ചിമേഷ്യന്‍ പ്രതിസന്ധികള്‍ക്കിടയിലും പ്രതീക്ഷ കൈവിടാതെ നിക്ഷേപകര്‍

മലയാളികള്‍ അടക്കം നിരവധി ഇന്ത്യന്‍ പ്രവാസികള്‍ ലുലു റീട്ടെയ്ല്‍ ഓഹരികള്‍ കൈവശം വയ്ക്കുന്നുണ്ട്
Published on

ഇറാനെതിരേ യുഎസും ഇസ്രയേലും തുടങ്ങിയ യുദ്ധം രണ്ടാഴ്ച പിന്നിടുകയാണ്. സംഘര്‍ഷം ഗള്‍ഫ് രാജ്യങ്ങളിലേക്ക് ബാധിച്ചതോടെ പ്രവാസികള്‍ ആശങ്കയിലാണെങ്കിലും എല്ലാ പ്രതിസന്ധിയും മറികടന്ന് കാര്യങ്ങള്‍ ശുഭകരമാകുമെന്ന പ്രതീക്ഷയിലാണ്. ഇറാന്റെ ആക്രമണങ്ങളെ കാര്യക്ഷമമായി നേരിടാന്‍ ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് സാധിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.

സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ തിരിച്ചടി നേരിട്ട ലുലു റീട്ടെയ്ല്‍ ഹോള്‍ഡിംഗ്‌സ് പിഎല്‍സി ഓഹരികള്‍ ഇന്ന് തിരിച്ചുവരവിന്റെ പാതയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മറ്റ് യുഎഇ ഓഹരികളെ പോലെ ലുലു റീട്ടെയ്‌ലിനെയും പ്രതിസന്ധി ബാധിച്ചിരുന്നു. എന്നാല്‍ നിക്ഷേപക വിശ്വാസം തിരിച്ചുപിടിക്കാന്‍ ലുലുവിന് സാധിക്കുന്നുവെന്നാണ് ഇന്നത്തെ വ്യാപാരദിനത്തിന്റെ പ്രത്യേകത.

തിരിച്ചുവരവ്

ഇന്നലെ 0.983 ദിര്‍ഹത്തിലായിരുന്നു ലുലു റീട്ടെയ്ല്‍ ഓഹരിവില. ഇന്ന് 1.22 ശതമാനം ഓഹരിവില കയറി. നിലവില്‍ 0.9920 ദിര്‍ഹത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സംഘര്‍ഷം അയയുന്നതോടെ ഓഹരിവിലയില്‍ വലിയ കുതിപ്പാണ് നിരീക്ഷകര്‍ പ്രവചിക്കുന്നത്.

മലയാളിയായ എംഎ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു റീട്ടെയ്ല്‍ ഹോള്‍ഡിംഗ്‌സ് 2024ലാണ് അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തത്. മലയാളികള്‍ അടക്കം നിരവധി ഇന്ത്യന്‍ പ്രവാസികള്‍ ലുലു റീട്ടെയ്ല്‍ ഓഹരികള്‍ കൈവശം വയ്ക്കുന്നുണ്ട്.

വളര്‍ച്ച ശ്രദ്ധേയം

2025 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പകുതിയില്‍ 887.58 കോടി രൂപയുടെ ലാഭവിഹിതം ലുലു റീട്ടെയ്ല്‍ പ്രഖ്യാപിച്ചിരുന്നു. വിപുലമായ വികസന പദ്ധതികളും ഇ കൊമേഴ്സ് രംഗത്തെ മികച്ച വളര്‍ച്ചയും നേട്ടത്തിന് കരുത്തേകി. 2025ല്‍ മാത്രം 20 പുതിയ സ്റ്റോറുകള്‍ ലുലു തുറന്നു. 2026-2028 വര്‍ഷത്തില്‍ 50 പുതിയ സ്റ്റോറുകള്‍ കൂടി തുറക്കാനാണ് ലുലുവിന്റെ പദ്ധതി.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com