എംക്യുര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഐ.പി.ഒയ്ക്ക് മികച്ച പ്രതികരണം, വിലയും വിശദാംശങ്ങളും അറിയാം

നിക്ഷേപക സ്ഥാപനമായ ബെയ്ന്‍ ക്യാപിറ്റല്‍ പിന്തുണയ്ക്കുന്ന എംക്യുര്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐ.പി.ഒ) മികച്ച പ്രതികരണം. ഇന്ന് തുടക്കമിട്ട ഐ.പി.ഒ ഇതിനകം തന്നെ 63 ശതമാനം സബ്‌സ്‌ക്രിപ്ഷന്‍ നേടി. ഓഹരി ഒന്നിന് 960-1,008 രൂപയാണ് വില. ജൂലൈ 5ന് ഐ.പി.ഒ അവസാനിക്കും.

1,952.03 കോടി രൂപയാണ് കമ്പനി ഐ.പി.ഒ വഴി സമാഹരിക്കുന്നത്. ഇതില്‍ 800 കോടി രൂപയുടെ പുതിയ ഓഹരികളും പ്രമോട്ടര്‍മാരുടെ ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ (ഒ.എഫ്.എസ്) വഴി 1,151 കോടി രൂപയുടെ ഓഹരികളും വിറ്റഴിക്കും.

കുറഞ്ഞ നിക്ഷേപം

നിക്ഷേപകര്‍ക്ക് കുറഞ്ഞത് 14 ഓഹരികള്‍ വാങ്ങാം. തുടര്‍ന്ന് 14ന്റെ ഗുണിതങ്ങളിലായി അധിക ഓഹരികളും സ്വന്തമാക്കാവുന്നതാണ്. അതായത് ചെറുകിട നിക്ഷേപകര്‍ ഉയര്‍ന്ന വില പ്രകാരം കുറഞ്ഞത് 14,112 രൂപ നിക്ഷേപിക്കണം.

ജൂലൈ രണ്ടിന് 48 ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് ഓഹരിക്ക് 1,008 രൂപ നിരക്കില്‍ 582 കോടി രൂപ എംക്യൂര്‍ സ്വന്തമാക്കിയിട്ടുണ്ട്. 1,08,900 ഓഹരികളാണ് കമ്പനി ഐ.പി.ഒയ്ക്കായി നീക്കിവച്ചിരിക്കുന്നത്. യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്കായി ഇഷ്യുവിന്റെ 50 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 35 ശതമാനവും സ്ഥാപന ഇതര നിക്ഷേപകര്‍ക്ക് 15 ശതമാനവും നീക്കിവെച്ചിട്ടുണ്ട്.

ഗ്രേ മാര്‍ക്കറ്റ് പ്രീമിയം

ഗ്രേ മാര്‍ക്കറ്റില്‍ ഇഷ്യു വിലയേക്കാള്‍ 299 രൂപ അധിക പ്രീമിയത്തിലാണ് എംക്യുര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വ്യാപാരം നടത്തുന്നത്. 1,307 രൂപയാണ് എംക്യുര്‍ ഫാര്‍മയുടെ ലിസ്റ്റിംഗ് പ്രതീക്ഷിക്കുന്നത്. അതായത് ഐ.പി.ഒയുടെ ഉയര്‍ന്ന വിലയായ 1,008 രൂപയേക്കാള്‍ 29.66 ശതമാനം കൂടുതലാണ്. ഔദ്യോഗിക വിപണിയ്ക്ക് പുറത്ത് ഓഹരികള്‍ വ്യാപാരം ചെയ്യുന്നതിനെയാണ് ഗ്രേ മാര്‍ക്കറ്റ് എന്ന് പറയുന്നത്. ലിസ്റ്റിംഗ് വിലയുടെ സൂചകമായാണ് ഗ്രേ മാര്‍ക്കറ്റിലെ വിലയെ കണക്കാക്കുന്നത്. ഏകദേശം അതിനടുത്താകാറുണ്ട് ഓഹരി ലിസ്റ്റ് ചെയ്യുന്ന വില.

ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെ വികസനം, ഉത്പാദനം, അന്താരാഷ്ട്ര വിപണനം എന്നിവയില്‍ ശ്രദ്ധയൂന്നുന്ന പൂനെ ആസ്ഥാനമായുള്ള കമ്പനിയാണ് എംക്യുര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്. ആഭ്യന്തര, അന്താരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിലെ പ്രശസ്തമായ കമ്പനികളില്‍ ഒന്നാണ് എംക്യൂര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്. ശക്തമായ ആര്‍ ആന്‍ഡ് ഡി ഇന്‍ഫ്രാസ്ട്രക്ചറും വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന ശ്രേണിയും കമ്പനിയുടെ പ്രധാന ആകര്‍ഷണങ്ങളാണ്.

Related Articles
Next Story
Videos
Share it