

ഇന്ത്യയിലെ പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളായ സൊമാറ്റോ (Zomato), സ്വിഗ്ഗി (Swiggy) എന്നിവയുടെ ഓഹരികളിൽ വലിയ ഇടിവുണ്ടാകുമെന്ന് മുന്നറിയിപ്പുമായി ആഗോള ബ്രോക്കറേജ് സ്ഥാപനമായ മക്വാരി (Macquarie). ഈ കമ്പനികൾ ഈടാക്കുന്ന ഉയർന്ന കമ്മീഷൻ നിരക്കുകൾ അഥവാ 'ടേക്ക്-റേറ്റുകൾ' (Take-rates) ദീർഘകാലാടിസ്ഥാനത്തിൽ പ്രായോഗികമല്ലെന്നാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്.
റസ്റ്റോറന്റുകളിൽ നിന്നുള്ള കമ്മീഷൻ, പരസ്യ വരുമാനം, ഉപയോക്താക്കളിൽ നിന്നുള്ള ഫീസ് എന്നിവ ഉൾപ്പെടുന്നതാണ് പ്ലാറ്റ്‌ഫോമുകളുടെ ടേക്ക്-റേറ്റ്. സൊമാറ്റോയുടെ വരുമാനം ഒരു ഓർഡറിന് 21 ശതമാനത്തിൽ (FY20) നിന്ന് 25.4 ശതമാനമായി വർദ്ധിച്ചു. ഇതിൽ റസ്റ്റോറന്റ് കമ്മീഷനുകൾ മാത്രം 22 ശതമാനത്തിലധികമാണ്. ഈ ഉയർന്ന കമ്മീഷൻ നിരക്കുകളാണ് നിലവിൽ കമ്പനികളുടെ പ്രവർത്തന ലാഭം (EBITDA margin) വർദ്ധിപ്പിക്കാൻ സഹായിച്ചതെന്ന് മക്വാരി ചൂണ്ടിക്കാട്ടുന്നു. സൊമാറ്റോയുടെ പാത പിന്തുടരുന്ന സ്വിഗ്ഗിയുടെ പ്രകടനം സൊമാറ്റോയേക്കാൾ 150 ബേസിസ് പോയിന്റ് പിന്നിലാണ്.
മൂല്യനിർണ്ണയത്തിലെ വെല്ലുവിളികൾ: നിലവിൽ വിപണി സൊമാറ്റോയുടെ ഫുഡ് ഡെലിവറി ബിസിനസിന് 12–14 ബില്യൺ ഡോളർ മൂല്യമാണ് നൽകുന്നത്. എന്നാൽ കമ്മീഷൻ നിരക്കുകളിലോ വളർച്ചാ നിരക്കുകളിലോ ഉണ്ടാകുന്ന നേരിയ കുറവ് പോലും കമ്പനികളുടെ മൂല്യത്തിൽ വൻ ഇടിവുണ്ടാക്കും. ഉദാഹരണത്തിന്, ടേക്ക്-റേറ്റിൽ ഒരു ശതമാനത്തിന്റെ കുറവുണ്ടായാൽ കമ്പനിയുടെ ഫെയര്‍ വാല്യുവില്‍ (Fair value) 1 മുതൽ 1.5 ബില്യൺ ഡോളർ വരെ ഇടിവുണ്ടാകാം.
സൊമാറ്റോയും സ്വിഗ്ഗിയും വിപണിയിലെ തങ്ങളുടെ ആധിപത്യം തുടരുമെങ്കിലും, അവയുടെ ഓഹരി മൂല്യം നിലവിലെ വിപണി പ്രതീക്ഷയേക്കാൾ 30-35 ശതമാനം വരെ താഴെയാകാൻ സാധ്യതയുണ്ടെന്ന് മക്വാരി വിലയിരുത്തുന്നു. രണ്ട് ഓഹരികൾക്കും 'അണ്ടർപെർഫോം' (Underperform) റേറ്റിംഗാണ് നൽകിയിരിക്കുന്നത്. വിപണിയിലെ വളർച്ചയെക്കുറിച്ചുള്ള കണക്കുകൂട്ടലുകളിൽ കൂടുതൽ ജാഗ്രത വേണമെന്നും ബ്രോക്കറേജ് വ്യക്തമാക്കുന്നു.
Disclaimer: മേൽസൂചിപ്പിച്ച വിവരങ്ങള്‍ പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപത്തിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ അല്ലെങ്കിൽ സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യാവുന്നതാണ്.
Macquarie flags sustainability concerns over high take-rates, warning of up to 30–35% downside in Swiggy and Zomato shares.
Read DhanamOnline in English
Subscribe to Dhanam Magazine