

പുതിയ മദ്യവില്‍പന കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് 5 പതിറ്റാണ്ടായി തുടരുന്ന വിലക്ക് അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. 1974 മുതൽ നിലവിലുളള വിലക്കിനാണ് മാറ്റം വന്നിരിക്കുന്നത്. പുതുതായി രൂപീകരിച്ച കമ്മിറ്റിയുടെ നിർദ്ദേശങ്ങളെ തുടർന്നാണ് ഈ നീക്കം. എക്സൈസ് വകുപ്പ് വഴി വരുമാനം വർദ്ധിപ്പിക്കാനാണ് സര്‍ക്കാരിന് പദ്ധതിയുളളത്. പ്രതിവർഷം ഏകദേശം 43,000 കോടി രൂപയുടെ വരുമാനമാണ് ഈ മേഖലയില്‍ നിന്ന് ലഭിക്കുന്നത്. സംസ്ഥാനത്തിന്റെ നാലാമത്തെ വലിയ വരുമാന സ്രോതസാണ് ഇത്.
ഇന്ത്യയിലെ മൂന്നാമത്തെ വലിയ മദ്യ ഉപഭോഗ സംസ്ഥാനമാണ് മഹാരാഷ്ട്ര. 328 പുതിയ വൈൻ ഷോപ്പുകള്‍ക്ക് ലൈസൻസുകൾ നൽകാനാണ് സംസ്ഥാനത്തിന് പദ്ധതിയുളളത്. ഉപഭോഗം വര്‍ധിക്കുന്ന നടപടികള്‍ മദ്യ കമ്പനികള്‍ക്ക് നേട്ടമാകുമെന്നാണ് കരുതുന്നത്. ഓഹരി വിപണിയില്‍ മദ്യ കമ്പനികളുടെ ഓഹരികള്‍ ഇന്ന് (ചൊവ്വാഴ്ച) നേട്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
യുണൈറ്റഡ് ബ്രൂവറീസ് ഓഹരികൾ രാവിലത്തെ സെഷനില്‍ 1.23 ശതമാനം ഉയർന്ന് 1,980.20 രൂപയായി, ഉച്ച കഴിഞ്ഞുളള സെഷനില്‍ ഓഹരി 0.92 ശതമാനം നേട്ടത്തിലാണ്. സോം ഡിസ്റ്റിലറീസ് ഓഹരി 0.90 ശതമാനം നേട്ടത്തില്‍ 154 രൂപയിലെത്തി. സുല വൈൻയാർഡ്‌സ് 0.60 ശതമാനം നേട്ടം രേഖപ്പെടുത്തി.
പുതുക്കിയ മദ്യനയ പ്രകാരം ലൈസൻസുകൾ സ്ഥിരമായി വിൽക്കുന്നതിനുപകരം പാട്ടത്തിനായിരിക്കും നൽകുന്നത്. പുതിയ ലൈസൻസുകൾക്ക് 1 കോടി രൂപ തിരികെ ലഭിക്കാത്ത നിക്ഷേപവും പ്രതിവർഷം 35 കോടി രൂപ ഫീസും ഈടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പഴയ ലൈസൻസ് വാങ്ങുന്നതിന് ഓപ്പൺ മാർക്കറ്റിൽ 10 കോടി രൂപ വരെയാണ് ചെലവ്.
ചില്ലറ വിൽപ്പന മേഖലയിൽ കൂടുതൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ലഭ്യത മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുളളതാണ് പുതിയ നയം. അതേസമയം, മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിക്കുന്ന നടപടിയില്‍ ആത്യന്തികമായ നേട്ടം സര്‍ക്കാരിനും ജനങ്ങള്‍ക്കും ആകുമോ അതോ മദ്യ കമ്പനികള്‍ക്കാകുമോ എന്നതിനെക്കുറിച്ചുളള ആശങ്കകള്‍ വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.
Maharashtra government to end the ban on new liquor stores, boosting liquor companies' stock prices, though concerns persist regarding the long-term effects on society and government revenue.
Read DhanamOnline in English
Subscribe to Dhanam Magazine