ക്രിപ്‌റ്റോ ആവേശമടങ്ങി; ഷിബയെ മറന്ന മലയാളികള്‍
കഴിഞ്ഞ വര്‍ഷം ഇതേ സമയം മലയാളി യുവാക്കള്‍ക്കിടയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട ഒരു ക്രിപ്‌റ്റോയുണ്ട്. ബിറ്റ്‌കോയിനോ എഥറിയമോ ഒന്നുമല്ല, അത് ഷിബ ഐഎന്‍യു ആയിരുന്നു. ക്രിപ്‌റ്റോയിലെ തുടക്കക്കാരെ വിലക്കുറവ് കൊണ്ട് ആകര്‍ഷിച്ച കോയിന്‍. 2021 ജനുവരി മുതല്‍ നവംബര്‍ വരെ മാത്രം ഏകദേശം 6 കോടി ശതമാനം വളര്‍ച്ചയാണ് ഷിബയുടെ മൂല്യത്തില്‍ ഉണ്ടായത്. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറി.
ഷിബ കോയിന്‍ ട്രേഡ് ചെയ്ത് കാശുണ്ടാക്കിയ നിരവധി പേരുണ്ട്. എന്നാല്‍ ഇവിടെ പറയുന്നത് ക്രിപ്‌റ്റോയെ അതിന്റെ പ്രാധാന്യത്തോടെ സമീപിച്ചവരെ കുറിച്ചല്ല. യൂട്യൂബര്‍മാരൊക്കെ പറയുന്നത് കേട്ട് വസീര്‍എക്‌സ് ഇന്‍സ്റ്റാള്‍ ചെയ്ത്, ഷിബ മേടിച്ച ഒരു വിഭാഗത്തെ പറ്റിയാണ്. 100-200 രൂപ മുതല്‍ 5000 രൂപയും അതിന് മുകളിലും ഷിബ കോയിനില്‍, നിക്ഷേപിച്ചവരുണ്ട്. തുടക്കത്തിലെ കൗതുകം ആയിരുന്നു പലരുടെയും പ്രേരണ.
200 രൂപയ്ക്ക് ഒരു ലക്ഷത്തിനും മുകളില്‍ ഷിബ കോയിന്‍ ലഭിച്ചിരുന്നു. ഷിബയുടെ വില ഒരു രൂപ, പോട്ടെ 50 പൈസയിലെങ്കിലും എത്തിയാല്‍ പോരെ എന്നതായിരുന്നു ഇതിന് പിന്നിലെ യുക്തി. ഇക്കൂട്ടത്തില്‍ ചെറിയ ലാഭം കിട്ടയവരൊക്കെ വലുത് പ്രതീക്ഷിച്ച് ഷിബ വീണ്ടും മേടിച്ചു. തുടക്കത്തിലെ ആവേശം ഇപ്പോള്‍ ഇക്കൂട്ടര്‍ക്കില്ല. ചോദിക്കുമ്പോള്‍ പറയും അതിപ്പോള്‍ നോക്കാറില്ല, വസീര്‍എക്‌സ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്തു എന്നൊക്കെ.
1000 രൂപയ്ക്ക് താഴെ നിക്ഷേപം നടത്തി പിന്‍വലിക്കാനാവാതെ, ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ആപ്പുകളെ ഉപേക്ഷിച്ചവര്‍ നിരവധിയാണ്. വസീര്‍എക്‌സില്‍ കുറഞ്ഞത് 1000 രൂപ മുതല്‍ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കു. അതേ സമയം വില വീണ്ടും ഉയരും എന്ന പ്രതീക്ഷയില്‍ 5000-10000 രൂപയൊക്കെ നിക്ഷേപിച്ച് കാത്തിരിക്കുന്നവര്‍ ഉണ്ട്. താഴെ കാണുന്ന സ്‌ക്രീന്‍ഷോട്ട് ഇമേജ് ഷിബ വാങ്ങിയ ഒരു നിക്ഷേപകന്റേതാണ്. രണ്ട് ഘട്ടങ്ങളിലായി 8142.93 രൂപയ്ക്ക് വാങ്ങിയ 24.34 ലക്ഷം ഷിബ കോയിനുകളുടെ ഇന്നത്തെ മൂല്യം വെറും 2,323.21 രൂപയാണ്.
ചൈനീസ് കമ്പനികളെ പണം കടത്താന്‍ വസീര്‍എക്‌സ് സഹായിച്ചു എന്ന വാര്‍ത്ത വന്നപ്പോള്‍, ഈ വസീര്‍എക്‌സ് പൂട്ടിയോ എന്ന് വിളിച്ച് ചോദിച്ചവരൊക്കെ 500-1000 രൂപയ്ക്ക് ഷിബ മേടിച്ചവരായിരുന്നു. വസീര്‍എക്‌സിന്റെ ഉപഭോക്താക്കള്‍ നിക്ഷേപങ്ങള്‍ ബിനാന്‍സിലേക്ക് മാറ്റണമെന്ന് സിഇഒ ഷാവോ പറഞ്ഞെന്ന വാര്‍ത്ത കേട്ടപ്പോള്‍ പണ്ട് നടത്തിയ നൂറിന്റെയും അഞ്ഞൂറിന്റെയും നിക്ഷേപം ഓര്‍ത്തെടുത്തവരുണ്ട്.
ക്രിപ്‌റ്റോയെ കൃത്യമായി പിന്തുടരുന്നവർ ഈ വിവരങ്ങളൊക്കെ ട്വിറ്ററിലൂടെ നേരത്തെ തന്നെ അറിയഞ്ഞുകാണും. ഈ സാഹചര്യത്തിലാണ് ഷിബയില്‍ 1000 രൂപയ്ക്ക് താഴെ നിക്ഷേപം നടത്തിയവരുടെ എണ്ണം എത്രയായിരിക്കും എന്ന് വെറുതെ ചിന്തിച്ചു നോക്കിയത്.
ക്രിപ്‌റ്റോയിലെത്തിയ 70 ശതമാനവും 3000 രൂപയ്ക്ക് താഴെ മാത്രം നിക്ഷേപം നടത്തിയിട്ടുള്ളവര്‍ ആണെന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച കൃത്യമായ കണക്കുകള്‍ ഒന്നും ആര്‍ബിഐയുടെയോ സര്‍ക്കാരിന്റെയോ കയ്യില്‍ ഇല്ല. നിലവില്‍ ഒരു ഷിബ കോയിന്റെ വില 0.000940 രൂപയാണ് ( 4.00 pm). 2021 ഒക്ടോബര്‍ മുതല്‍ വില ഇടിയാന്‍ തുടങ്ങിയ കോയിന്‍ പിന്നെ തിരിച്ചു കയറിയിട്ടില്ല. പുതിയ പ്രോജക്ടുകളിലൂടെ ഷിബയുടെ മൂല്യം ഉയരും എന്ന് തന്നെയാണ് ക്രിപ്‌റ്റോ അനലിസ്റ്റുകളുടെ നിഗമനം. 2030 ഓടെ കോയിന്റെ വില 0.01 ഡോളറില്‍ എത്തുമെന്ന് പ്രവചിക്കുന്നവരും ഉണ്ട്.