റെക്കോഡ് തൂത്തെറിഞ്ഞ് മ്യൂച്വല്‍ഫണ്ടില്‍ മലയാളിപ്പണം; മൊത്തം നിക്ഷേപം പുതു ഉയരത്തിലേക്ക്

''ഞാന്‍ എന്റെ 11-ാം വയസിലാണ് ആദ്യമായി നിക്ഷേപം നടത്തിയത്. അതുവരെ ഞാനെന്റെ ജീവിതം വെറുതേ പാഴാക്കുകയായിരുന്നു''

ലോകം കണ്ട ഏറ്റവും പ്രമുഖനായ ഓഹരി നിക്ഷേപകന്‍ വാറന്‍ ബഫറ്റിന്റെ രസകരമായ വാക്കുകളാണിത്. 11-ാം വയസില്‍ തന്നെ നിക്ഷേപക ലോകത്തേക്ക് ചുവടുവച്ചിട്ടും അതുപോലും ഏറെ വൈകിപ്പോയി എന്നാണ് അദ്ദേഹം പറഞ്ഞത്.
സാക്ഷരതയില്‍ മുന്നിലാണെങ്കിലും നിക്ഷേപം എങ്ങനെ വളര്‍ത്താമെന്നോ സുരക്ഷിതമാക്കാമെന്നോ അതുവഴി അതിവേഗം സാമ്പത്തിക സ്വാതന്ത്ര്യം എങ്ങനെ നേടാമെന്നോ മലയാളിക്കും അറിഞ്ഞുകൂടാ എന്ന ആക്ഷേപം ഏറെക്കാലമായി കേള്‍ക്കുന്നതായിരുന്നു. എഫ്.ഡി അഥവാ സ്ഥിരനിക്ഷേപം (Fixed deposit), സ്വർണം,​ റിയൽ എസ്റ്റേറ്റ് എന്നിവയിലായിരുന്നു മലയാളിക്ക് കമ്പം.
എന്നാല്‍, മലയാളി ഇപ്പോൾ ആ പഴയ മലയാളിയേ അല്ല എന്ന് മ്യൂച്വല്‍ഫണ്ടുകളില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ (Amfi) കണക്കുകള്‍ പ്രകാരം മ്യൂച്വല്‍ഫണ്ടുകളിലേക്കുള്ള മലയാളികളുടെ നിക്ഷേപം ഓരോ മാസവും കുതിച്ചുയരുകയാണ്.
മലയാളികള്‍ അതിവേഗം, ബഹുദൂരം
പത്ത് വര്‍ഷം മുമ്പത്തെ കണക്കെടുത്താല്‍ മ്യൂച്വല്‍ഫണ്ടിലെ മൊത്തം മലയാളി നിക്ഷേപം (​AUM) 6,878 കോടി രൂപയായിരുന്നു. ആംഫിയുടെ കണക്കുനോക്കിയാല്‍ ഇക്കഴിഞ്ഞമാസം (2024 February) ഇത് 64,574.95 കോടി രൂപയാണ്. അതായത്, ദശാബ്ദത്തിനിടെ വളര്‍ച്ച 850 ശതമാനത്തോളം.
മ്യൂച്വല്‍ഫണ്ടുകളില്‍ തവണകളായി നിക്ഷേപിക്കാവുന്ന മാര്‍ഗമായ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിലൂടെയും (SIP) അല്ലാതെയും മലയാളികള്‍ കഴിഞ്ഞ ദശാബ്ദത്തില്‍ വന്‍തോതില്‍ നിക്ഷേപമൊഴുക്കി. 5 വര്‍ഷം മുമ്പത്തെ കണക്കെടുത്താല്‍, 2019 ഫെബ്രുവരിയില്‍ മലയാളികളുടെ മൊത്തം നിക്ഷേപം 26,049 കോടി രൂപയായിരുന്നു. 2020 ഫെബ്രുവരിയില്‍ ഇത് 29,491.90 കോടി രൂപയായി ഉയർന്നു.
കൊവിഡ് കാലത്തും ശേഷവും മ്യൂച്വല്‍ഫണ്ടുകളോടുള്ള മലയാളികളുടെ ഇഷ്ടം കൂടി. 2021 ഫെബ്രുവരിയില്‍ എ.യു.എം 33,772 കോടി രൂപയിലെത്തി. 2022 ഫെബ്രുവരിയില്‍ 40,392 കോടി രൂപയിലേക്ക് മലയാളികള്‍ നിക്ഷേപം ഉയര്‍ത്തി. 2023 ജൂണില്‍ നിക്ഷേപം ആദ്യമായി 50,000 കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു.
ഇക്കഴിഞ്ഞ ഡിസംബറില്‍ നിക്ഷേപം 60,000 കോടി രൂപയും കടന്നു. ഈ ജനുവരിയില്‍ 61,708 കോടി രൂപയായിരുന്ന നിക്ഷേപമാണ് കഴിഞ്ഞമാസം 64,000 കോടി രൂപ ഭേദിച്ചത്. ഈ വളര്‍ച്ചാട്രെന്‍ഡ് വിലയിരുത്തിയാല്‍ മലയാളികളുടെ മൊത്തം മ്യൂച്വൽഫണ്ട് നിക്ഷേപം ഏതാനും മാസങ്ങള്‍ക്കകം തന്നെ 70,000 കോടി രൂപ ഭേദിക്കുമെന്ന് കരുതുന്നു.
ഇഷ്ടം ഇക്വിറ്റിയോട്
ഓഹരിയധിഷ്ഠിത മ്യൂച്വല്‍ഫണ്ടുകളോടാണ് മലയാളികള്‍ക്ക് കൂടുതല്‍ ഇഷ്ടമെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞമാസത്തെ കണക്കെടുത്താല്‍ മലയാളികളുടെ മൊത്തം നിക്ഷേപമായ 64,574.95 കോടി രൂപയില്‍ 47,341.49 കോടി രൂപയും ഇക്വിറ്റി ഫണ്ടുകളിലാണ്.
ഇക്വിറ്റികളിലും ഫിക്‌സഡ് ഇന്‍കം സെക്യൂരിറ്റി ഫണ്ടുകളിലും തുല്യമായി നിക്ഷേപിക്കുന്ന ബാലന്‍സ്ഡ് സ്‌കീമുകളാണ് 5,795.50 കോടി രൂപ നേടി രണ്ടാംസ്ഥാനത്ത്. ഡെറ്റ് ഫണ്ടുകളിലേക്ക് 5,430.70 കോടി രൂപ മലയാളിപ്പണമായി എത്തി. ലിക്വിഡ് സ്‌കീമുകള്‍ 4,760.48 കോടി രൂപ നേടി. ഗോള്‍ഡ് ഇ.ടി.എഫുകളോട് മലയാളിക്ക് അത്ര പ്രിയമില്ല. ഈ ശ്രേണിയില്‍ ആകെ 141.57 കോടി രൂപ മാത്രമേ മലയാളികൾ നിക്ഷേപിച്ചിട്ടുള്ളൂ.

Correction: ഈ വാര്‍ത്തയില്‍ ആദ്യം പ്രതിമാസം നിക്ഷേപം എന്നാണ് ഉണ്ടായിരുന്നത്. അത് തെറ്റായിരുന്നു. മൊത്തം നിക്ഷേപ ആസ്തി അഥവാ എ.യു.എം എന്നതാണ് ശരി. വാര്‍ത്തയില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്.

Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it