മാമഎര്‍ത്ത് ഐപിഒ; വിപണി മൂല്യം കണക്കാക്കിയിട്ടില്ലെന്ന് ഗസല്‍ അലഗ്

മാമഎര്‍ത്തിന്റെ (mamaearth) പ്രാരംഭ ഓഹരി വില്‍പ്പനയുമായി (IPO) ബന്ധപ്പെട്ട വിവാദങ്ങളില്‍ മറുമടിയുമായി സഹസ്ഥാപക ഗസല്‍ അലഗ് (Ghazal Alagh) രംഗത്ത്. ഐപിഒയ്ക്കായി സമര്‍പ്പിച്ച രേഖകളില്‍ കമ്പനിയുടെ വിപണി മൂല്യത്തെ കുറിച്ച് പരാമര്‍ശമില്ലെന്ന് ഗസല്‍ വ്യക്തമാക്കി. നിക്ഷേപകരുമായി കൂടിയാലോചിച്ച ശേഷം ക്രമേണയായിരിക്കും മൂല്യം കണക്കാക്കുകയെന്നും ട്വിറ്ററിലൂടെ അവര്‍ അറിയിച്ചു.

അടുത്ത തലമുറയ്ക്ക് അഭിമാനിക്കാവുന്ന തരത്തിലാവും ബിസിനസ് കെട്ടിപ്പടുക്കുകയെന്നും ഗസല്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് പ്രമുഖ ഡി2സി ബ്രാന്‍ഡായ മാമഎര്‍ത്തിന്റെ മാതൃകമ്പനി ഹൊനാസ കണ്‍സ്യൂമര്‍ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കുള്ള പേപ്പറുകള്‍ (DRHP) സമര്‍പ്പിച്ചത്. ഐപിഒയിലൂടെ കമ്പനി 2,4000 കോടി രൂപയോളം ((3 ബില്യണ്‍ ഡോളര്‍)) ലക്ഷ്യമിടുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്.



വിവാദത്തിന്റെ കാരണം

ഐപിഒയിലൂടെ ലക്ഷ്യമിടുന്ന ഈ തുക തന്നെയാണ് ഇപ്പോള്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ കമ്പനിക്കെതിരെ ഉയരാന്‍ കാരണവും. 400 കോടിയുടെ പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലിലൂടെ 4.7 കോടി ഓഹരികളുമാണ് കമ്പനി വില്‍ക്കുന്നത്. 2022 ജനുവരിയിലെ കണക്കുകള്‍ പ്രകാരം 1.2 ബില്യണ്‍ ഡോളറാണ് മാമഎര്‍ത്തിന്റെ വിപണി മൂല്യം. ഐപിഒയിലൂടെ ലക്ഷ്യമിടുന്നതാകട്ടെ 3 ബില്യണും. മൂല്യം കണക്കാക്കിയതിലെ ഈ അന്തരമാണ് വിമര്‍ശിക്കപ്പെട്ടത്

ലാഭത്തിന്റെ 1000 ഇരട്ടിയാണ് മാമഎര്‍ത്ത് ഐപിഒയിലൂടെ സമാഹരിക്കാന്‍ ശ്രമിക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷം കമ്പനി നേടിയത് 943 കോടി രൂപയുടെ വരുമാനവും 14 കോടിയുടെ അറ്റാദായവുമാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആറുമാസ കാലയളവില്‍ 3.6 കോടി രൂപയായിരുന്നു അറ്റാദായം. 722 കോടി രൂപയുടെ വരുമാനവും നേടി. ആറുമാസത്തെ വരുമാനത്തിന്റെ 40 ശതമാനവും മാര്‍ക്കറ്റിംഗിനായി ആണ് കമ്പനി ചെലവഴിച്ചത്. ദമ്പതികളായ ഗസലും വരുണ്‍ അലഗും ചേര്‍ന്ന് 2016ല്‍ തുടങ്ങിയ കമ്പനിയാണ് മമാഎര്‍ത്ത്. സ്വന്തം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന് പുറമെ ഫ്ലിപ്കാര്‍ട്ട് ഉള്‍പ്പടെയുള്ളവയിലും റീട്ടെയില്‍ ഷോപ്പുകളിലും ഇവര്‍ ഉള്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it