Begin typing your search above and press return to search.
പങ്കാളിത്തമൊഴിഞ്ഞ് മൗറീഷ്യസ് കമ്പനി; മണപ്പുറം ഫിനാന്‍സ് ഓഹരിയില്‍ ഇടിവ്
തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ (NBFC) മണപ്പുറം ഫിനാന്‍സിലെ (Manappuram Finance) ഓഹരി പങ്കാളിത്തം പൂര്‍ണമായി വിറ്റൊഴിഞ്ഞ് വിദേശ നിക്ഷേപക സ്ഥാപനമായ ക്വിനാഗ് അക്വിസിഷന്‍ (Quinag Acquisition).
ഓഹരി ഒന്നിന് ശരാശരി 140.50 രൂപ നിരക്കില്‍ ഏകദേശം 1,177.19 കോടി രൂപയ്ക്കാണ് ഒന്നിച്ച് (Block Deal) ഓഹരികള്‍ വിറ്റൊഴിഞ്ഞത്. മണപ്പുറം ഫിനാന്‍സില്‍ 8.37 കോടി ഓഹരികളാണ് മൗറീഷ്യസ് കമ്പനിയായ ക്വിനാഗിനുണ്ടായിരുന്നത്. മണപ്പുറത്തിന്റെ ആകെ ഓഹരികളുടെ 9.90 ശതമാനമായിരുന്നു ഇത്.
അതേസമയം, ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് യൂറോപ്പ് എസ്.എ 62.60 ലക്ഷം മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ ഇന്നലെ വാങ്ങിയിട്ടുണ്ട്. ചാര്‍ട്ടേഡ് ഫിനാന്‍സ് 50 ലക്ഷം ഓഹരികളും വാങ്ങി. ബാക്കി ഓഹരികൾ വാങ്ങിയത് ആരൊക്കെയെന്ന് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അറിയിച്ചിട്ടില്ല.
ഇന്നലെ 2.70 ശതമാനം ഇടിഞ്ഞ് 142.15 രൂപയിലാണ് മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. നിലവില്‍ ഓഹരി വിലയുള്ളത് 2.28 ശതമാനം നഷ്ടത്തോടെ 139 രൂപയിലാണ്.
മണപ്പുറത്തിന്റെ ഓഹരികള്‍
ഇന്നലെ മാത്രം ഏകദേശം 11 ശതമാനത്തോളം മണപ്പുറം ഫിനാന്‍സ് ഓഹരികളാണ് ഓഹരി വിപണിയില്‍ കൈമാറ്റം ചെയ്യപ്പെട്ടത്. ഇതാണ്, ഓഹരി വിലയെ താഴേക്ക് നയിച്ചതും.
കഴിഞ്ഞ ജൂണ്‍30ലെ കണക്കുകള്‍ പ്രകാരം മണപ്പുറം ഫിനാന്‍സിൽ മുഖ്യ പ്രമോട്ടറും മാനേജിംഗ് ഡയറക്ടറുമായ വി.പി. നന്ദകുമാറിനും കുടുംബത്തിനുമായി 35.20 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.
മ്യൂച്വല്‍ഫണ്ടുകളായ എസ്.ബി.ഐ കോണ്‍ട്ര ഫണ്ടിന് 1.19 ശതമാനവും ഡി.എസ്.പി മിഡ്ക്യാപ്പ് ഫണ്ടിന് 2.43 ശതമാനവുമാണ് ഓഹരി പങ്കാളിത്തം. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരായ ബി.എന്‍.പി പാരിബയുടെ കൈവശം 1.74 ശതമാനവും ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് യൂറോപ്പിന്റെ പക്കല്‍ 1.44 ശതമാനവും ഓഹരികളുണ്ട്.
ജൂണ്‍പാദ പ്രവര്‍ത്തനഫലം
നടപ്പുവര്‍ഷത്തെ (2023-24) ജൂണ്‍പാദത്തില്‍ മണപ്പുറം ഫിനാന്‍സ് 36.90 ശതമാനം വര്‍ദ്ധനയോടെ 498.02 കോടി രൂപയുടെ സംയോജിത ലാഭം രേഖപ്പെടുത്തിയിരുന്നു. 2022-23ലെ സമാനപാദ ലാഭം 281.92 കോടി രൂപയായിരുന്നു. വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 76.65 ശതമാനം വര്‍ദ്ധിച്ച് 2,057.17 കോടി രൂപയുമായിട്ടുണ്ട്.
സംയോജിത വായ്പകള്‍ 20.6 ശതമാനം ഉയര്‍ന്ന് 37,086.3 കോടി രൂപയുമായി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 25.65 ശതമാനം നേട്ടം (Return) നിക്ഷേപകര്‍ക്ക് മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒരുമാസത്തെ റിട്ടേണ്‍ 5.5 ശതമാനമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പക്ഷേ ഓഹരി 6.89 ശതമാനം ഇടിഞ്ഞിട്ടുണ്ട്.
Next Story
Videos