തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും (NBFC) സ്വര്‍ണപ്പണയ സ്ഥാപനവുമായ മണപ്പുറം ഫിനാന്‍സിന്റെ ഉപസ്ഥാപനമായ ആശീര്‍വാദ് മൈക്രോഫിനാന്‍സിന്റെ (Asirvad Microfinance) ഐ.പി.ഒ അപേക്ഷയ്ക്ക് സെബിയുടെ 'ആശീര്‍വാദമില്ല'.
1,500 കോടി സമാഹരിക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ ഒക്ടോബറില്‍ കമ്പനി സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കുന്നത് സെബി (SEBI) തത്കാലം വേണ്ടൈന്നുവച്ചതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തുടര്‍ന്ന്, ഇന്ന് വ്യാപാരത്തിന്റെ ആദ്യ സെഷനില്‍ മണപ്പുറം ഫിനാന്‍സ് ഓഹരി വില 7.5 ശതമാനത്തിലധികം ഇടിഞ്ഞു. നിലവില്‍ 4.72 ശതമാനം താഴ്ന്ന് 168.20 രൂപയിലാണ് ഓഹരിയുള്ളത്.എന്തുകൊണ്ട് സെബിയുടെ ഈ നടപടി?
ഐ.പി.ഒയ്ക്ക് സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ അനുമതി നല്‍കുന്നതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി ബന്ധപ്പെട്ട കമ്പനിയോട് സെബി നിരന്തരം ചോദ്യങ്ങള്‍ ഉന്നയിക്കാറുണ്ട്. ഇത്തരത്തില്‍ ആശീര്‍വാദിനോട് മൂന്ന് ചോദ്യങ്ങളുന്നയിച്ചു. ആശീര്‍വാദില്‍ നിന്ന് സമയബന്ധിതമായി മറുപടിയും ലഭിച്ചു.
ഇതുപ്രകാരം ആദ്യ രണ്ട് ചോദ്യങ്ങള്‍ക്ക് ആധാരമായ കാര്യങ്ങള്‍ സെബി പരിഷ്‌കരിച്ചു. മൂന്നാമത്തെ ചോദ്യത്തിന് ചില നിയമോപദേശങ്ങള്‍ ആവശ്യമാണെന്ന് സെബി കരുതുന്നതായി സി.എന്‍.ബി.സി ടിവി18ന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് പരിഹരിക്കാന്‍ 15-30 ദിവസമെടുക്കും.
സാധാരണഗതിയില്‍ സെബി മൂന്നുമാസത്തിനകം ഐ.പി.ഒ അപേക്ഷയിന്മേല്‍ തീരുമാനം എടുക്കാറുണ്ട്. നിയമോപദേശങ്ങള്‍ തേടുന്ന സാഹചര്യങ്ങളില്‍ 30 ദിവസം വരെ അധികമായി എടുക്കും. ഇതിനായാണ് ഇപ്പോള്‍ ആശീര്‍വാദ് ഐ.പി.ഒയ്ക്കുള്ള അനുമതി നല്‍കുന്നത് തത്കാലം വേണ്ടെന്നുവച്ചത്. ഒരുമാസത്തിനകം തീരുമാനമുണ്ടായേക്കും.
മണപ്പുറത്തിന്റെ ആശീര്‍വാദ്
2008ല്‍ ചെന്നൈയില്‍ എസ്.വി. രാജാ വൈദ്യനാഥന്‍ സ്ഥാപിച്ച മൈക്രോഫിനാന്‍സ് സ്ഥാപനമാണ് ആശീര്‍വാദ് മൈക്രോഫിനാന്‍സ്. വി.പി. നന്ദകുമാര്‍ നയിക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖ എന്‍.ബി.എഫ്.സികളിലൊന്നായ മണപ്പുറം ഫിനാന്‍സ് 2015 ഫെബ്രുവരിയിലാണ് ആശീര്‍വാദ് ഫിനാന്‍സിന്റെ ഓഹരികള്‍ വാങ്ങുന്നത്.
48.63 കോടി രൂപയ്ക്ക് 71 ശതമാനം ഓഹരികളാണ് ആദ്യഘട്ടത്തില്‍ വാങ്ങിയത്. പിന്നാലെ ഓഹരി പങ്കാളിത്തം മണപ്പുറം ഫിനാന്‍സ് 95 ശതമാനത്തിലേക്കും ഉയര്‍ത്തി. ബാക്കി 5 ശതമാനം രാജാ വൈദ്യനാഥന്റെ പക്കലാണുള്ളത്.
കുറഞ്ഞ വരുമാനമുള്ള സ്ത്രീകളുടെ ഉന്നമനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ആശീര്‍വാദ്. 22 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലും സാന്നിധ്യമുണ്ട്. 30 ലക്ഷത്തിലധികമാണ് സജീവ ഇടപാടുകാര്‍.
2022-23ല്‍ കമ്പനി 1,759 കോടി രൂപ വരുമാനവും 218 കോടി രൂപ ലാഭവും നേടിയിരുന്നു. 10,000 കോടി രൂപയ്ക്ക് മുകളിലാണ് കൈകാര്യം ചെയ്യുന്ന ആസ്തി.
മണപ്പുറം ഓഹരി
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഓഹരി ഉടമകള്‍ക്ക് 40 ശതമാനത്തോളം ആദായം (return) നല്‍കിയിട്ടുണ്ട് മണപ്പുറം ഫിനാന്‍സ് ഓഹരികള്‍. 14,241 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തില്‍ മണപ്പുറം ഫിനാന്‍സ് 37 ശതമാനം വളര്‍ച്ചയോടെ 560 കോടി രൂപ സംയോജിത അറ്റാദായം നേടിയിരുന്നു. മൊത്ത വരുമാനം മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 1,714 കോടി രൂപയില്‍ നിന്ന് 2,174 കോടി രൂപയായും വര്‍ധിച്ചിരുന്നു.