മണപ്പുറത്തിന്റെ ആശീര്‍വാദും ഐ.പി.ഒയ്ക്ക്; ലക്ഷ്യം 1,500 കോടി

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും (എന്‍.ബി.എഫ്.സി/NBFC) സ്വര്‍ണപ്പണയ സ്ഥാപനവുമായ മണപ്പുറം ഫൈനാന്‍സിന് കീഴിലെ ആശീര്‍വാദ് മൈക്രോഫൈനാന്‍സ് പ്രാരംഭ ഓഹരി വില്‍പനയ്ക്ക് (IPO/ഐ.പി.ഒ) ഒരുങ്ങുന്നു. 1,500 കോടി രൂപയുടെ സമാഹരണം ലക്ഷ്യമിട്ടുള്ളതാകും ഐ.പി.ഒയെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഐ.പി.ഒയുടെ പ്രാരംഭഘട്ട നടപടികള്‍ക്കായി ജെ.എം ഫൈനാന്‍ഷ്യല്‍, നോമുറ, കോട്ടക് മഹീന്ദ്ര ക്യാപ്പിറ്റല്‍ എന്നിവയെ ചുമതലപ്പെടുത്തിയെന്നും അറിയുന്നു. അടുത്തമാസം ഐ.പി.ഒയ്ക്കുള്ള അപേക്ഷ (DRHP) സെബിക്ക് (SEBI) സമര്‍പ്പിച്ചേക്കും. ചെന്നൈ ആസ്ഥാനമായുള്ള ആശീര്‍വാദ് മൈക്രോഫൈനാന്‍സി
ന്റെ 71.14 ശതമാനം ഓഹരികള്‍
2015 ഫെബ്രുവരിയിലാണ് ഏകദേശം 48.63 കോടി രൂപയ്ക്ക്‌ മണപ്പുറം ഫൈനാന്‍സ് ഏറ്റെടുത്തത്. പ്രവര്‍ത്തന വൈവിദ്ധ്യവത്കരണത്തിന്റെ ഭാഗമായിരുന്നു ഏറ്റെടുക്കല്‍. ഇപ്പോൾ 97.6 ശതമാനം ഓഹരി പങ്കാളിത്തമാണ് ആശീര്‍വാദില്‍ മണപ്പുറം ഫൈനാന്‍സിനുള്ളത്.
ആശീര്‍വാദ് മൈക്രോഫൈനാന്‍സ്
2022-23ലെ കണക്കുപ്രകാരം 10,040.89 കോടി രൂപയുടെ ആസ്തി (AUM) കൈകാര്യം ചെയ്യുന്ന കമ്പനിയാണ് ആശീര്‍വാദ് മൈക്രോഫൈനാന്‍സ്. ലാഭം 2021-22ലെ 15 കോടി രൂപയില്‍ നിന്ന് 218.13 കോടി രൂപയായും ഉയര്‍ന്നിരുന്നു.
32 ലക്ഷം വായ്പാ ഇടപാടുകാരും 15,784 ജീവനക്കാരുമുണ്ട്. 19,248 കോടി രൂപയാണ് മൊത്തം വായ്പ. 1,684 ശാഖകളും 22 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും സാന്നിദ്ധ്യവുമുണ്ട്.
എന്തുകൊണ്ട് ഐ.പി.ഒ?
വിപണി സാഹചര്യം അനുകൂലമെന്ന് വിലയിരുത്തിയാണ് ആശീര്‍വാദ് മൈക്രോഫൈനാന്‍സിനെയും പ്രാരംഭ ഓഹരി വിപണിയിലെത്തിക്കാന്‍ മണപ്പുറം ഫൈനാന്‍സ് ഒരുങ്ങുന്നതെന്നാണ് സൂചനകള്‍.
അടുത്തിടെ ഐ.പി.ഒ നടത്തി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഉത്കര്‍ഷ് സ്‌മോള്‍ ഫൈനാന്‍സ് ബാങ്കിന്റെ ഓഹരിവില ഇഷ്യൂ വിലയേക്കാള്‍ 60 ശതമാനം ഉയര്‍ന്നാണ് ലിസ്റ്റ് ചെയ്തത്.
മണപ്പുറം ഫൈനാന്‍സ് ഓഹരികള്‍ ഇന്ന് 3.84 ശതമാനം ഉയര്‍ന്ന് 135.1 രൂപയിലെത്തി. ഉപസ്ഥാപനമായ ആശീര്‍വാദ് മൈക്രോഫൈനാന്‍സിന്റെ ഐ.പി.ഒയ്ക്ക് മണപ്പുറം ഒരുക്കം തുടങ്ങിയെന്ന വാര്‍ത്തകളാണ് നേട്ടമായത്.

Related Articles
Next Story
Videos
Share it