മണപ്പുറം ഫിനാൻസിന് ₹498 കോടി ജൂൺപാദ ലാഭം; ഓഹരി 52-ആഴ്ചത്തെ ഉയരത്തിൽ

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ (NBFC) മണപ്പുറം ഫിനാന്‍സ് (Manappuram Finance/MANAPPURAM | 531213 | INE522D01027) നടപ്പുവര്‍ഷത്തെ (2023-24) ഒന്നാംപാദത്തില്‍ (ഏപ്രില്‍-ജൂണ്‍) 498.02 കോടി രൂപയുടെ സംയോജിത ലാഭം രേഖപ്പെടുത്തി.

2022-23ലെ സമാനപാദത്തില്‍ ലാഭം 281.92 കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ചിലെ 415.29 കോടി രൂപയേക്കാളും ലാഭം കഴിഞ്ഞപാദത്തില്‍ മെച്ചപ്പെടുത്താന്‍ മണപ്പുറം ഫിനാന്‍സിന് കഴിഞ്ഞു.
സംയോജിത മൊത്ത വരുമാനം (total income) കഴിഞ്ഞവര്‍ഷം ജൂണ്‍പാദത്തിലെ 1,502.73 കോടി രൂപയില്‍ നിന്നും ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ചിലെ 1,798.59 കോടി രൂപയിൽ നിന്നും 2,057.17 കോടി രൂപയായി വര്‍ദ്ധിച്ചുവെന്നും സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോട്ടില്‍ കമ്പനി വ്യക്തമാക്കി.
പാദാടിസ്ഥാനത്തില്‍ 14.38 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 36.90 ശതമാനവുമാണ് ലാഭ വര്‍ദ്ധന. വരുമാനം വാര്‍ഷികാടിസ്ഥാനത്തിൽ 76.65 ശതമാനവും പാദാടിസ്ഥാനത്തിൽ 19.92 ശതമാനവും ഉയര്‍ന്നു. കഴിഞ്ഞപാദ വരുമാനത്തിൽ 1,​405.50 കോടി രൂപ സ്വർണപ്പണയ വായ്പ,​ അനുബന്ധ വിഭാഗം എന്നിവയിൽ നിന്നും 651.67 കോടി രൂപ മൈക്രോഫിനാൻസിൽ നിന്നുമാണ്.
സംയോജിത ആസ്തി മൂല്യം 20.6 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 37,086.3 കോടി രൂപയായി. ജനുവരി-മാര്‍ച്ചിനേക്കാള്‍ 4.6 ശതമാനവും അധികമാണിത്. കമ്പനിയുടെ സ്വര്‍ണ വായ്പാ ആസ്തി 0.6 ശതമാനം വാര്‍ഷികാധിഷ്ഠിത വളര്‍ച്ചയുമായി 20,603 കോടി രൂപയായി. 24 ലക്ഷം സജീവ സ്വര്‍ണ വായ്പാ ഇടപാടുകാരാണ് കമ്പനിക്കുള്ളത്.
എല്ലാ ഉപസ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ള മണപ്പുറം ഫിനാന്‍സിന്റെ സംയോജിത കടം 28,533.4 കോടി രൂപയാണ്.
ലാഭവിഹിതം
ഇടക്കാല ലാഭവിഹിതമായി (interim dividend) രണ്ട് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 80 പൈസ വീതം നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. ഓഗസ്റ്റ് 23 ആണ് ഇതിനുള്ള റെക്കോഡ് തീയതി.
ഓഹരി 52-ആഴ്ചത്തെ ഉയരത്തില്‍
മികച്ച ജൂണ്‍പാദ പ്രവര്‍ത്തന ഫലത്തിന്റെ പശ്ചാത്തലത്തില്‍ മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ ഇന്ന് 52-ആഴ്ചത്തെ ഉയരത്തിലെത്തി. വ്യാപാരാന്ത്യം ഓഹരി വിലയുള്ളത് ബി.എസ്.ഇയില്‍ 2.70 ശതമാനം നേട്ടവുമായി 146.20 രൂപയിലാണ്. ഇന്നൊരുവേള ഓഹരി 147.60 രൂപവരെയാണ് ഉയര്‍ന്നത്.

ആശീര്‍വാദ് മൈക്രോഫിനാന്‍സ്

ഉപസ്ഥാപനമായ ആശീര്‍വാദ് മൈക്രോഫിനാന്‍സിന്റെ വായ്പാ ആസ്തി 2022 ജൂണ്‍പാദത്തേക്കാള്‍ 44.6 ശതമാനം ഉയര്‍ന്ന് 10,140.6 കോടി രൂപയായി. വാഹന-ഉപകരണ വായ്പാ വിഭാഗത്തിന്റെ ആസ്തി മൂല്യം 2,804.9 കോടി രൂപയാണ്; വാര്‍ഷിക വളര്‍ച്ച 59.8 ശതമാനം.

Related Articles
Next Story
Videos
Share it