ഈയാഴ്ച ഇന്ത്യൻ വിപണി തിരികെ പിടിക്കുമോ? അതോ കൂടുതൽ താഴേക്ക് പതിക്കുമോ?

24,300 നിലവാരം ശക്തിയോടെ ഭേദിക്കപ്പെട്ടാൽ നിഫ്റ്റി കൂടുതൽ താഴ്ചയിലേക്ക് പതിക്കാം. സൂചികയുടെ തൊട്ടടുത്ത സപ്പോർട്ട് മേഖല 23,800 നിലവാരത്തിലാണ്.
ഈയാഴ്ച ഇന്ത്യൻ വിപണി തിരികെ പിടിക്കുമോ? അതോ കൂടുതൽ താഴേക്ക് പതിക്കുമോ?
Published on

പശ്ചിമേഷ്യൻ യുദ്ധവും ആ​ഗോള വിപണികളിലെ ട്രെൻഡും ക്രൂഡോയിൽ വിലക്കയറ്റവും ഒക്കെ കാരണം മാർച്ച് മാസത്തിലെ രണ്ടാം വ്യാപാര ആഴ്ചയിലും (2026 മാർച്ച് 9 - 13) ഇന്ത്യൻ ഓഹരി വിപണി ചാഞ്ചാട്ടത്തിന്റെ പാതയിൽ തുടരാനാണ് സാധ്യത. പശ്ചിമേഷ്യയിൽ യുദ്ധം കനക്കുന്നതിന്റെ ലക്ഷണങ്ങൾ ആ​ഗോള സാമ്പത്തിക വിപണികളിൽ അനിശ്ചിതത്വം വിതറാനും ക്രൂഡോയിൽ വില ഉയർത്താനും ഇടയാക്കുന്നു. രാജ്യത്തിന്റെ ആവശ്യകതയുടെ 80 ശതമാനത്തിലേറെയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ച് ക്രൂഡോയിൽ വിലക്കയറ്റം പണപ്പെരുപ്പ ഭീഷണിയും കറന്റ് അക്കൗണ്ട് കമ്മിയുടെ ബാധ്യതയും ഉയർത്തുന്നു.

ആ​ഗോള വിപണികളിലെ തുടർ ചലനങ്ങളിൽ, മാക്രോ ഇക്കോണമിക് ഡേറ്റകളും ജിയോപൊളിറ്റിക്കൽ സംഘർഷങ്ങളുടെ വാർത്തകളും സ്വാധീനം ചെലുത്തും. ഇവയുടെ താളത്തിനനുസരിച്ചാകും വിദേശ നിക്ഷേപകർക്ക് ഇന്ത്യയിലേക്ക് മടങ്ങിയെത്താനുള്ള വഴിയൊരുങ്ങുന്നതും.

വിപണി അവലോകനം

കഴിഞ്ഞ വ്യാപാരയാഴ്ചയിൽ ഇന്ത്യൻ വിപണി തിരിച്ചടി നേരിട്ടാണ് ക്ലോസ് ചെയ്തിരിക്കുന്നത്. എല്ലാ സെക്ടറിലും ദുർബലത പ്രകടമായി. ആഭ്യന്തര വിപണിയിലെ ഏറ്റവും പ്രധാന അടിസ്ഥാന ഓഹരി സൂചികകളായ ബിഎസ്ഇ സെൻസെക്സ് 2.91% ഇടി‍ഞ്ഞ് 78,919ലും എൻഎസ്ഇ നിഫ്റ്റി 2.90% താഴ്ന്ന് 24,450-ലുമാണ് കഴിഞ്ഞയാഴ്ച ക്ലോസിങ് നില രേഖപ്പെടുത്തിയത്. എൻഎസ്ഇയിലെ ബാങ്ക് ഓഹരികളുടെ പൊതുസൂചികയായ ബാങ്ക് നിഫ്റ്റി 4.50% തിരിച്ചടി നേരിട്ട് 57,783ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി വിഭാ​ഗങ്ങളിൽ ഫാർമ സെക്ടറൽ സൂചിക മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്. ബാങ്കിം​ഗ്, റിയാൽറ്റി, മീഡിയ, ഫിനാൻഷ്യൽ സർവീസസ് തുടങ്ങിയ സെക്ടറൽ സൂചികകൾ കനത്ത തിരിച്ചടി നേരിട്ടു.

പശ്ചിമേഷ്യൻ യു​ദ്ധം, ക്രൂഡോയിൽ വിലക്കയറ്റം എന്നിങ്ങനെ ആ​ഗോള തലത്തിലെ പ്രതികൂല ഘടകങ്ങളാണ് ഇന്ത്യൻ വിപണിയിൽ വിൽപ്പന സമ്മർദത്തിന് ഇടയാക്കിയത്. ഇതിന് പുറമെ വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) വൻ തോതിൽ ഇന്ത്യൻ ഓഹരികൾ വിറ്റഴിക്കുന്നതും ഡോളറിനെതിരേ രൂപയുടെ വിനിമയ മൂല്യം ശോഷിക്കുന്നതും ആഭ്യന്തര വിപണിക്ക് തിരിച്ചടിയേകുന്ന ഘടകമാണ്.

നിഫ്റ്റി - ടെക്നിക്കൽ അനാലിസിസ്

മൊമന്റം ഇൻഡിക്കേറ്ററുകളിൽ നിന്നും ദുർബലതയുടെ ലക്ഷണം പ്രകടമായതിനാലും സൂചിക ഇപ്പോൾ ഹ്രസ്വകാല മൂവിം​ഗ് ആവറേജ് നിലവാരങ്ങൾക്ക് താഴെയായാണ് വ്യാപാരം ചെയ്യപ്പെടുന്നതിനാലും പുതിയ വ്യാപാര ആഴ്ചയിലും നിഫ്റ്റി താഴേക്ക് വീഴാമെന്നുള്ള ബെയറിഷ് കാഴ്ചപ്പാടാണ് ടെക്നിക്കൽ അനാലിസിസിൽ നിന്നും വെളിവാകുന്നത്. മാർച്ച് ആദ്യ ആഴ്ചയിലെ വ്യാപാരത്തിനൊടുവിൽ നിഫ്റ്റി സൂചികയുടെ ചാർട്ടിൽ ബെയറിഷ് ക്യാൻഡിൽ രേഖപ്പെടുത്തി. കഴിഞ്ഞയാഴ്ച 24,300 - 25,000 എന്ന വലിയ പരിധിക്കുള്ളിലാണ് (ട്രേഡിം​ഗ് റേഞ്ച്) നിഫ്റ്റി വ്യാപാരം ചെയ്യപ്പെട്ടത്.

24,300 നിലവാരം ശക്തിയോടെ ഭേദിക്കപ്പെട്ടാൽ മാർച്ച് മാസത്തിലെ രണ്ടാം ആഴ്ചയിൽ നിഫ്റ്റി കൂടുതൽ താഴ്ചയിലേക്ക് പതിക്കാം. എൻഎസ്ഇ അടിസ്ഥാന സൂചികയുടെ തൊട്ടടുത്ത സപ്പോർട്ട് മേഖല 23,800 നിലവാരത്തിലാണ്. അതേസമയം 24,300 നിലവാരത്തിന് മുകളിൽ പിടിച്ചുനിൽക്കാൻ സാധിച്ചാൽ വരും ദിവസങ്ങളിൽ നിഫ്റ്റി സൂചിക 24,300 - 25,000 പരിധിക്കുള്ളിൽ തങ്ങിനിന്നുകൊണ്ട് സ്ഥിരതയാർജിക്കാൻ (കൺസോളിഡേഷൻ) ആയിരിക്കും ശ്രമിക്കുക.

ബാങ്ക് നിഫ്റ്റി - ടെക്നിക്കൽ അനാലിസിസ്

മാർച്ചിലെ ആദ്യ ആഴ്ചയിലെ വ്യാപാരത്തിനൊടുവിൽ ബാങ്ക് നിഫ്റ്റി സൂചിക 57,783 നിലവാരത്തിലാണ് ക്ലോസിം​ഗ് കുറിച്ചത്. ആഴ്ച കാലയളവിൽ 4.5% ഇടിവ് നേരിട്ടു. നെ​ഗറ്റീവ് ട്രെൻഡിന്റെ പ്രതിഫലനമാണിത്. ടെക്നിക്കൽ ഇൻഡിക്കേറ്ററുകളിൽ നിന്നും മൂവിം​ഗ് ആവറേജ് നിലവാരങ്ങളും ബാങ്ക് നിഫ്റ്റി സൂചികയ്ക്ക് സമീപ ഭാവിയിലേക്ക് ദുർബലതയാണ് സൂചിപ്പിക്കുന്നത്. ഇനി തൊട്ടടുത്ത സപ്പോർട്ട് മേഖല 57,000 നിലവാരത്തിലാണ്. ഇത് ശക്തിയോടെ തകർക്കപ്പെട്ടാൽ ബാങ്ക് ഓഹരികളുടെ സൂചിക, പിന്നെ തൊട്ടുത്തുള്ള പിന്തുണ മേഖലയായ 56,000 നിലവാരത്തിലേക്ക് പിന്തളപ്പെടാം.

അതേസമയം മുന്നേറ്റത്തിന് ശ്രമിക്കുകയാണെങ്കിൽ 58,400 നിലവാരത്തിലായിരിക്കും ആദ്യ പ്രതിരോധം. ഇത് മറികടന്ന് നിലനിൽക്കാൻ സാധിച്ചാൽ ബാങ്ക് നിഫ്റ്റി സൂചിക വീണ്ടും പോസിറ്റീവ് ട്രെൻഡിലേക്ക് മടങ്ങിയെത്തി എന്ന് കരുതാം.

സെൻസെക്സ് - ടെക്നിക്കൽ അനാലിസിസ്

ഇക്കഴിഞ്ഞയാഴ്ച ബിഎസ്ഇ സെൻസെക്സ് സൂചിക 78,919 നിലവാരത്തിലാണ് ക്ലോസിങ് നില കുറിച്ചത്. ആഴ്ചയിൽ 2.91% നഷ്ടം രേഖപ്പെടുത്തി. സൂചികയുടെ നിലവിലെ ടെക്നിക്കൽ ചാർട്ടിൽ നിന്നും സമീപ ഭാവിയിലേക്ക് ദുർബലത തുടർന്നേക്കും എന്നതിന്റെ സൂചനയാണ് ലഭിക്കുന്നത്. ഇനി സെൻസെക്സിൽ തൊട്ടടുത്തുള്ള പ്രതിരോധ കടമ്പ 80,000 നിലവാരത്തിലാണ്. ഇതിന്റെ താഴെ സൂചികയുടെ വ്യാപാരം തുടരുന്നിടത്തോളം സെൻസെക്സിലും നെ​ഗറ്റീവ് ട്രെൻഡ് മാറാതെ നിൽക്കാം.

അതേസമയം താഴേക്ക്, തൊട്ടടുത്ത പിന്തുണ ലഭിക്കാവുന്ന മേഖല 77,000 - 75,500 നിലവാരങ്ങളിലാണ്. സമീപ​ ഭാവിയിലേക്ക് സെൻസെക്സിന്റെ ​ഗതി നിർണിയിക്കുന്നതും ഈ മേഖലയായിരിക്കും.

[തയ്യാറാക്കിയത്: റിസർച്ച് ഡെസ്ക്; മൈഇക്വിറ്റിലാബ്.കോം (MyEquityLab.com​); സെബി അം​ഗീക‍ൃത റിസർച്ച് അനലി​സ്റ്റ് (Registration No: INH000023843).]

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com