നേട്ടത്തില്‍ യു ടേണ്‍ എടുത്ത് വിപണി, നഷ്ടത്തിലായിട്ടും നിക്ഷേപകര്‍ക്ക് ലഭിച്ചത് മൂന്ന് ലക്ഷം കോടി രൂപ

റിപ്പോ നിരക്കില്‍ മാറ്റം വരുത്തില്ലെന്ന റിസര്‍ബ് ബാങ്ക് പണനയം പുറത്തുവന്നതിന് പിന്നാലെ നേട്ടത്തിലായ ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരാന്ത്യം നഷ്ടത്തില്‍ അവസാനിച്ചു. ഇന്നലെ നേട്ടത്തിലെത്തിയ ശേഷമാണ് വിപണി തിരിച്ചിറങ്ങിയത്. ഹെവി വെയ്റ്റ് ഓഹരികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐ.റ്റി.സി, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയുടെ ലാഭമെടുപ്പാണ് വിപണിയെ നഷ്ടത്തിലെത്തിച്ചതെന്നാണ് വിലയിരുത്തല്‍. സൂചികകള്‍ നഷ്ടത്തിലായെങ്കിലും നിക്ഷേപകര്‍ക്ക് ഓഹരി മൂല്യത്തില്‍ മൂന്ന് ലക്ഷം കോടി രൂപയുടെ നേട്ടമുണ്ടായി.
167.71 പോയിന്റുകള്‍ ഇടിഞ്ഞ് 81,467.10 എന്ന നിലയിലാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സിലെ 30 കമ്പനികളില്‍ 19 എണ്ണവും ഇന്ന് പച്ചകത്തി. ടാറ്റ മോട്ടോര്‍സ്, ടെക് മഹീന്ദ്ര, മാരുതി സുസുക്കി, എസ്.ബി.ഐ, ബജാജ് ഫിനാന്‍സ് എന്നിവരാണ് ലാഭ പട്ടികയില്‍ മുന്നില്‍. അള്‍ട്രാ ടെക് സിമന്റ്‌സ്, ജെ.എസ്.ഡബ്ല്യൂ സ്റ്റീല്‍, എന്‍.ടി.പി.സി എന്നിവര്‍ നഷ്ടക്കണക്കിലും മുന്നിലെത്തി.
നിഫ്റ്റി 31.20 പോയിന്റുകള്‍ ഇടിഞ്ഞ് 24,982 എന്ന നിലയിലും ഇന്നത്തെ വ്യാപാരം നിറുത്തി. ഐ.റ്റി.സി, നെസ്‌ലേ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒ.എന്‍.ജി.സി, എച്ച്.യു.എല്‍ എന്നിവര്‍ നിഫ്റ്റിയുടെ നഷ്ടക്കണക്കില്‍ മുന്നിലെത്തിയപ്പോള്‍ ട്രെന്റ്, സിപ്‌ള, ടാറ്റ മോട്ടോര്‍സ്, എസ്.ബി.ഐ, മാരുതി സുസുക്കി എന്നിവര്‍ ലാഭക്കണക്കില്‍ ആദ്യമെത്തി.
ഇന്ന് 4,049 ഓഹരികളാണ് വ്യാപാരത്തിനെത്തിയത്. ഇതില്‍ 2,721 ഓഹരികള്‍ നേട്ടത്തിലായപ്പോള്‍ 1,232 എണ്ണം നഷ്ടത്തിലായി. 96 ഓഹരികള്‍ക്ക് മാറ്റമില്ലാതെ തുടര്‍ന്നു. 413 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടടിച്ചു. 175 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലെത്തി. ബി.എസ്.ഇ മിഡ്ക്യാപ്, സ്മാള്‍ക്യാപ് സൂചികകള്‍ ഒരു ശതമാനം ഉയര്‍ന്നു. ഇന്ത്യന്‍ രൂപ അമേരിക്കന്‍ ഡോളറിനെതിരെ 83.96 എന്ന നിലയിലാണ്.

വിവിധ ഓഹരി സൂചികകളുടെ പ്രകടനം

വിശാല വിപണിയില്‍ ബാങ്ക്, എഫ്.എം.സി.ജി, ഓയില്‍ ആന്‍ഡ് ഗ്യാസ് ഒഴികെയുള്ള സൂചികകളെല്ലാം ഇന്ന് പച്ച കത്തി.

നിഫ്റ്റി ഫാര്‍മ, റിയല്‍റ്റി എന്നിവ രണ്ട് ശതമാനത്തിലേറെ നേട്ടത്തിലെത്തി. ഹെല്‍ത്ത് കെയര്‍ ഇന്‍ഡക്‌സും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.

ഇവര്‍ നേട്ടമുണ്ടാക്കി

ബ്രോക്കറേജ് കമ്പനിയായ സിറ്റി ബയ് (Buy) റേറ്റിംഗ് കൊടുത്തതിന് പിന്നാലെ കുതിച്ച ഡിവിസ് ലബോറട്ടറീസ് (Divi's Laboratories) ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയത്. 5,547.05 രൂപയില്‍ വ്യാപാരം ആരംഭിച്ച ഓഹരികള്‍ 7.95 ശതമാനം ഉയര്‍ന്ന് 5,987.90 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡിവിസ് ലബോറട്ടറീസിന്റെ എക്കാലത്തെയും ഉയര്‍ന്ന വിലയാണിത്. കമ്പനിയുടെ ഓഹരി വില 6,400 രൂപയിലെത്തുമെന്നും സിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

മഹാരാഷ്ട്ര സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയില്‍ നിന്നും 2,000 മെഗാവാട്ടിന്റെ ദീര്‍ഘകാല വൈദ്യുതി വിതരണ കരാര്‍ ലഭിച്ചതിന് പിന്നാലെ ടൊറന്റ് പവര്‍ ലിമിറ്റഡിന്റെ ഓഹരികളും ഇന്ന് കുതിച്ചുയര്‍ന്നു. 1,816.65 രൂപയില്‍ വ്യാപാരം തുടങ്ങിയ ഓഹരികള്‍ 6.24 ശതമാനം ഉയര്‍ന്ന് 1,930.05 രൂപയില്‍ ക്ലോസ് ചെയ്തു. ഒരു വേള 9 ശതമാനം വരെ ഉയര്‍ന്ന ശേഷമാണിത്.
പ്രമുഖ ബാറ്ററി കമ്പനിയായ എക്‌സൈഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികളും ഇന്ന് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ രണ്ട് ദിവസമായി നേട്ടത്തില്‍ തുടരുന്ന കമ്പനിയുടെ ഓഹരികള്‍ക്ക് പ്രമുഖ ബ്രോക്കറേജ് സൈറ്റുകളെല്ലാം ഹോള്‍ഡ് (Hold) സ്റ്റാറ്റസ് നല്‍കിയിരുന്നു. ഇന്ന് 493.80 രൂപയില്‍ തുടങ്ങിയ എക്‌സൈഡ് ഓഹരികള്‍ 5.51 ശതമാനം ഉയര്‍ന്ന് 521 രൂപയിലാണ് ക്ലോസ് ചെയ്തത്.
ഇന്ത്യയില്‍ ട്രാക്ടര്‍ വില്‍പ്പന വര്‍ധിക്കുമെന്ന പ്രതീക്ഷയില്‍ ബ്രോക്കറേജ് കമ്പനിയായ എം.കെ (Emkay) ബയ് (Buy) റേറ്റിംഗ് കൊടുത്തതിന് പിന്നാലെ പ്രമുഖ ട്രാക്ടര്‍ നിര്‍മാണ കമ്പനിയായ എസ്‌കോര്‍ട്ട് കുബോത്ത ലിമിറ്റഡിന്റെ ഓഹരികളും ഇന്ന് നേട്ടത്തിലായി. ഇന്നലെ 3,855.40 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ച കമ്പനിയുടെ ഓഹരികള്‍ ഇന്ന് 5.05 ശതമാനം കയറി 4,049.95 രൂപയിലാണ് ക്ലോസ് ചെയ്തത്.
എട്ട് ദിവസത്തെ നഷ്ടക്കച്ചവടം അവസാനിപ്പിച്ച് ഇന്നലെ നേട്ടപട്ടികയില്‍ കയറിയ സുസ്‌ലോണ്‍ എനര്‍ജി ഇന്നും ലാഭത്തിലാണ് ക്ലോസ് ചെയ്തത്. ടാറ്റ പവറിന് കാറ്റാടി യന്ത്രങ്ങള്‍ വില്‍ക്കുന്നതിനുള്ള കരാര്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനിയുടെ ഓഹരി ഇന്നും കുതിച്ചത്. കമ്പനിയുടെ ഓഹരികള്‍ ഇന്ന് 4.70 ശതമാനം നേട്ടമുണ്ടാക്കി. 73.64 രൂപയില്‍ തുടങ്ങിയ ഇന്നത്തെ വ്യാപാരം 77.10 രൂപയിലാണ് അവസാനിപ്പിച്ചത്.

ഇവര്‍ക്ക് നഷ്ടം

രാജ്യത്തെ പ്രധാന പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ് ഇന്ന് നഷ്ടക്കണക്കില്‍ മുന്നില്‍. 3.75 ശതമാനം ഇടിഞ്ഞ് 54.90 രൂപയിലാണ് ബാങ്ക് ഓഹരികള്‍ ഇന്ന് ക്ലോസ് ചെയ്തത്. കഴിഞ്ഞ ദിവസം ബാങ്കിലുണ്ടായിരുന്ന 4.05 ശതമാനത്തിന്റെ വിഹിതം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍.ഐ.സി) 7.10 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. മറ്റൊരു പ്രമുഖ കമ്പനിയായ ഐ.റ്റി.സിയുടെ ഓഹരികളും ഇന്ന് നഷ്ടത്തിലാണ്. രാവിലെ 507.95 രൂപയില്‍ തുടങ്ങിയ ഓഹരികള്‍ 3.04 ശതമാനം ഇടിഞ്ഞ് 492.50 രൂപയിലാണ് ക്ലോസ് ചെയ്തത്. ഭാരതി എയര്‍ടെല്ലിന്റെ ഉപകമ്പനിയായ ഭാരതി ഹെക്‌സാകോമിന്റെ ഓഹരികളും ഇന്ന് നഷ്ടത്തിലാണ് അവസാനിച്ചത്.

കേരള കമ്പനികള്‍

കേരള കമ്പനികളുടെ ഓഹരികളില്‍ കൂടുതലും ഇന്ന് മികച്ച നേട്ടമുണ്ടാക്കിയാണ് വ്യാപാരം അവസാനിപ്പിച്ചത്.ബാങ്കിംഗ് ഓഹരികളില്‍ ധനലക്ഷ്മി ബാങ്ക് 4.07 ശതമാനം നേട്ടത്തോടെയാണ് ഇന്ന് ക്ലോസ് ചെയ്തത്. മണപ്പുറം ഫിനാന്‍സ് 4.19 ശതമാനവും മുത്തൂറ്റ് ഫിനാന്‍സ് 2.97 ശതമാനവും നേട്ടമുണ്ടാക്കി. കൊച്ചിന്‍ മിനറല്‍സ് (2.78%), ഈസ്റ്റേണ്‍ ട്രെഡ്‌സ് (6.67%), ഹാരിസണ്‍ മലയാളം (4.99%), കല്യാണ്‍ ജുവലേഴ്‌സ് (1.56%), കേരള ആയുര്‍വേദ (3.57%), കിറ്റക്‌സ് ഗാര്‍മെന്റ്‌സ് (4.99%), കെ.എസ്.ഇ (2.59%), പോപ്പീസ് കെയര്‍ (4.82%) തുടങ്ങിയ കമ്പനികള്‍ മികച്ച നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

അതേസമയം, 2.45 ശതമാനം ഇടിവ് നേരിട്ട മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസ് ഇന്ന് നഷ്ടത്തിലാണ് അവസാനിച്ചത്. 0.66 ശതമാനം നഷ്ടം നേരിട്ട മുത്തൂറ്റ് മൈക്രോ ഫിന്‍ കമ്പനിയും ഇന്ന് ലാഭക്കണക്കിന് പുറത്താണ്. ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് (-0.31%), ഫെഡറല്‍ ബാങ്ക് (-1.23%), സി.എസ്.ബി (-1.26%), സ്‌കൂബി ഡേ ഗാര്‍മെന്റ്‌സ് (-0.46%), വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (-0.76%), വെര്‍ടെക്‌സ് സെക്യൂരിറ്റീസ് (-2.35%), വണ്ടര്‍ലാ ഹോളിഡേയ്‌സ് (-0.38%) എന്നീ കമ്പനികളും ഇന്ന് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
Muhammed Aslam
Muhammed Aslam - Sub-Editor @ DhanamOnline  
Related Articles
Next Story
Videos
Share it