Begin typing your search above and press return to search.
മുന്നേറ്റം നിലനിര്‍ത്താനാകാതെ വിപണി, നേട്ടം കൊയ്ത് ബന്ധന്‍ ബാങ്ക്, കേരള ഓഹരികളില്‍ കിറ്റെക്‌സ് ഗാര്‍മെന്റ്‌സിനും ഹാരിസണ്‍സിനും ക്ഷീണം
വ്യാഴാഴ്ച്ചത്തെ മികവ് പിന്തുടരാനാകാതെ ഇന്ത്യന്‍ ഓഹരി വിപണി വാരം അവസാനിപ്പിച്ചു. രാവിലെ താഴ്ന്നു തുടങ്ങി ഇടയ്ക്ക് നേട്ടത്തിലേക്ക് കയറിയെങ്കിലും അവസാനം നഷ്ടത്തില്‍ തന്നെയാണ് വിപണി ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 230 പോയിന്റ് താഴ്ന്ന് 81,381.36ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 34.20 പോയിന്റ് താഴേക്ക് വന്ന് 24,964.25ലാണ് ഈ ആഴ്ചയിലെ വ്യാപാരം അവസാനിപ്പിച്ചത്.
ഇന്ന് 4,011 ഓഹരികള്‍ വ്യാപാരം നടന്നതില്‍ 2,140 എണ്ണം നേട്ടം കൊയ്തപ്പോള്‍ 1,750 ഓഹരികള്‍ നഷ്ടത്തിലായി. 121 ഓഹരികള്‍ക്ക് മാറ്റമുണ്ടായില്ല. 26 ഓഹരികള്‍ 52 ആഴ്ച്ചയിലെ താഴ്ന്ന നിലയിലെത്തി.
സൂചികകളുടെ പ്രകടനം
വിശാല വിപണിയില്‍ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ നേട്ടത്തിലാണ് വാരം അവസാനിപ്പിച്ചത്. ഫാര്‍മ സൂചിക 1.19 ശതമാനം കുതിപ്പോടെ നേട്ടത്തില്‍ മുന്നില്‍ നിന്നു. വ്യാഴാഴ്ച്ച നേട്ടത്തില്‍ ക്ലോസ് ചെയ്ത ബാങ്കിംഗ്, ഓട്ടോ, ഫിനാന്‍ഷ്യല്‍ സര്‍വീസ് സൂചികകള്‍ക്ക് ആ പ്രകടനം ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. പൊതുമേഖല ബാങ്ക് സൂചിക ഇന്നലത്തെ മോശം പ്രകടനത്തില്‍ നിന്നും തിരിച്ചുവന്നു. ആഗോള തലത്തില്‍ എണ്ണവില താഴോട്ടിറങ്ങുന്നതിന്റെ ചുവടുപിടിച്ച് ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികയും നേട്ടത്തിലാണ് വാരം അവസാനിപ്പിച്ചത്.
നേട്ടം കൊയ്തവര്‍
ഇന്ന് വിപണിയില്‍ നേട്ടം കൊയ്തവരില്‍ മുമ്പന്മാര്‍ ബന്ധന്‍ ബാങ്കാണ്. 11.58 ശതമാനം ഉയര്‍ന്നാണ് ബന്ധന്‍ ബാങ്ക് ഓഹരികള്‍ ക്ലോസ് ചെയ്തത്. രണ്ട് കാരണങ്ങളാണ് കൊല്‍ക്കത്ത ആസ്ഥാനമായ ബാങ്കിന്റെ ഓഹരികള്‍ ഉയരാന്‍ കാരണമായത്. വിദേശ ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് 240 രൂപ ലക്ഷ്യവിലയിട്ട് വാങ്ങല്‍ ശിപാര്‍ശ ചെയ്തതും പുതിയ എം.ഡിയെ നിയമിക്കാന്‍ റിസര്‍വ് ബാങ്ക് ഇന്ത്യ അനുമതി നല്‍കിയതും വാങ്ങലുകാരില്‍ അനുകൂല തരംഗമുണ്ടാക്കി. പാര്‍ത്ഥ പ്രതിം സെന്‍ഗുപ്തയാണ് ബന്ധന്‍ ബാങ്കിന്റെ പുതിയ എം.ഡിയും സി.ഇ.ഒയും.
ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഇന്ന് 7.54 ശതമാനം ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ ആഴ്ച്ചകളിലെല്ലാം ഈ ഓഹരി മികച്ച പ്രകടനമാണ് നടത്തുന്നത്. പൂനെ ആസ്ഥാനമായ പെര്‍സിസ്റ്റന്റ് സിസ്റ്റംസ് ലിമിറ്റഡ് ഓഹരികളും വെള്ളിയാഴ്ച്ച നേട്ടം കെയ്തു. 4.41 ശതമാനം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.
രാജ്യത്തെ മുന്‍നിര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മാന്‍കൈന്‍ഡ് ഫാര്‍മ ഓഹരികള്‍ ഇന്ന് 52 ആഴ്ച്ചയിലെ ഉയര്‍ന്ന നിലയിലെത്തി. 4.21 ശതമാനം ഉയര്‍ന്നാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. ഒരുവര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് 56.25 ശതമാനം നേട്ടം സമ്മാനിച്ചതാണ് മാന്‍കൈഡ് ഫാര്‍മ ഓഹരികള്‍.
നഷ്ടം നേരിട്ടവര്‍
കമ്മിന്‍സ് ഇന്ത്യ ലിമിറ്റഡ് ഓഹരികള്‍ ഇന്ന് 4.72 ശതമാനം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഗോള്‍ഡ്മാന്‍ സാച്ച്‌സ് കമ്പനിയെ സംബന്ധിച്ച് നിരവധി ആശങ്കകള്‍ ചൂണ്ടിക്കാട്ടിയതും വില്‍ക്കല്‍ ശിപാര്‍ശ നല്‍കിയതുമാണ് ഓഹരി താഴാന്‍ കാരണം.
ജെ.എസ്.ഡബ്ല്യു എനര്‍ജി ഓഹരികള്‍ ഓഹരികളും ഇന്ന് 3.07 ശതമാനം ഇടിഞ്ഞു. ഇന്ന് വലിയ നഷ്ടത്തില്‍ അവസാനിച്ച മറ്റൊരു ഓഹരി സുന്ദരം ഫിനാന്‍സിന്റെ ആണ്. 2.39 ശതമാനം താഴ്ന്നാണ് ഈ ഓഹരി വാരം ക്ലോസ് ചെയ്തത്.
കേരള കമ്പനികളുടെ പ്രകടനം
തുടര്‍ച്ചയായ രണ്ട് ദിവസം അപ്പര്‍സര്‍ക്യൂട്ടിലെത്തിയ കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന് ഇന്ന് പ്രകടനം ആവര്‍ത്തിക്കാനായില്ലെന്ന് മാത്രമല്ല വലിയ ഇറക്കത്തിലേക്ക് പോകേണ്ടിവന്നു. ഇന്ന് ലോവര്‍ സര്‍ക്യൂട്ട് തൊട്ടാണ് കിറ്റെക്‌സ് വാരം ക്ലോസ് ചെയ്തത്. അഞ്ചു ശതമാനം ഇടിവാണ് ഈ ഓഹരികളില്‍ ഇന്നുണ്ടായത്. ഇന്നലെ മികച്ച പ്രകടനം നടത്തിയ ഹാരിസണ്‍സ് മലയാളം ഓഹരികള്‍ക്കും ഇന്ന് ശോഭിക്കാനായില്ല. 2.35 ശതമാനം ഇടിവാണ് ഈ ഓഹരികളില്‍ അനുഭവപ്പെട്ടത്. ബാങ്കിംഗ് ഓഹരികളില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കും ഫെഡറല്‍ ബാങ്കും ഇന്ന് നേട്ടമുണ്ടാക്കി.
ഫെഡറല്‍ ബാങ്ക് 1.02 ശതമാനം ഉയര്‍ന്നപ്പോള്‍ എസ്.ഐ.ബി കയറിയത് 1.40 ശതമാനമാണ്. എന്നാല്‍ സി.എസ്.ബി ബാങ്ക് (1.49), ധനലക്ഷ്മി ബാങ്ക് (1.65), ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് (0.72) ഇടിഞ്ഞു. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികള്‍ക്കും വെള്ളിയാഴ്ച്ച അത്ര സുഖകരമായിരുന്നില്ല. മണപ്പുറം ഫിനാന്‍സ് 1.27 ശതമാനം താഴ്ന്നപ്പോള്‍ മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ 0.04 ശതമാനമാണ് ഇടിഞ്ഞത്. അതേസമയം, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് 0.96 ശതമാനം നേട്ടത്തോടെ ഈയാഴ്ച്ച അവസാനിപ്പിച്ചു. വണ്ടര്‍ലാ ഹോളിഡേയ്‌സ് ഓഹരികള്‍ 1.65 ശതമാനം നേട്ടമുണ്ടാക്കി.
Next Story
Videos