സെന്‍സെക്‌സും നിഫ്റ്റിയും പുത്തന്‍ ഉയരത്തില്‍; രൂപയ്ക്കും മുന്നേറ്റം

ആഗോള ഓഹരി സൂചികകളിലെ കയറ്റിറക്കങ്ങളെ ഗൗനിക്കാതെ ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് കുതിച്ചുകയറിയത് പുതിയ ഉയരത്തിലേക്ക്. സെന്‍സെക്‌സ് കഴിഞ്ഞ ഡിസംബര്‍ ഒന്നിന് കുറിച്ച റെക്കോഡ് ഉയരം ഇന്ന് പഴങ്കഥയാക്കി. ഇരു സൂചികകളും എക്കാലത്തെയും ഉയര്‍ന്ന ക്ലോസിംഗ് പോയിന്റും ഇന്ന് കുറിച്ചിട്ടു.

വ്യാപാരത്തിനിടെ ഒരുവേള സെന്‍സെക്‌സ് 63,588 വരെയും നിഫ്റ്റി 18,875 വരെയും മുന്നേറി. കഴിഞ്ഞ ഡിസംബര്‍ ഒന്നിലെ സെന്‍സെക്‌സിന്റെ 63,583 പോയിന്റാണ് ഇന്ന് മറികടക്കപ്പെട്ടത്. നിഫ്റ്റി അന്ന് 18,888 വരെ ഉയര്‍ന്നിരുന്നു. വിദേശ നിക്ഷേപകര്‍ വീണ്ടും (എഫ്.ഐ.ഐ) ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതാണ് ഇന്ന് കുതിപ്പിന് മുഖ്യകാരണം. പൊതുവേ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് മികച്ച വളര്‍ച്ചാനിരക്കുകള്‍ പ്രവചിക്കപ്പെടുന്നതാണ് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നത്.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

വ്യാപാരാന്ത്യം 195.45 പോയിന്റ് (0.31 ശതമാനം) ഉയര്‍ന്ന് 63,523.15ലാണ് സെന്‍സെക്‌സുള്ളത്. നിഫ്റ്റി 40.15 പോയിന്റ് (0.21 ശതമാനം) നേട്ടത്തോടെ 18,856.85ലും. ബി.എസ്.ഇയുടെ നിക്ഷേപകമൂല്യം ഇന്ന് 293.51 ലക്ഷം കോടി രൂപയില്‍ നിന്ന് 294.36 ലക്ഷം കോടി രൂപയായും ഉയര്‍ന്നു.
ഓഹരികളുടെ നേട്ടം രൂപയ്ക്കും ഇന്ന് ഊര്‍ജ്ജമായി. ഡോളറിനെതിരെ 82.11ല്‍ നിന്ന് 82.03ലേക്ക് രൂപ മൂല്യം മെച്ചപ്പെടുത്തി.
നേട്ടത്തിലേറിയവര്‍
നിഫ്റ്റി മിഡ്ക്യാപ്പ് 0.81 ശതമാനവും നിഫ്റ്റി സ്‌മോള്‍ക്യാപ്പ് 0.07 ശതമാനവും നേട്ടമാണ് ഇന്ന് കുറിച്ചത്. നിഫ്റ്റി ബാങ്ക്, ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, ഐ.ടി., മീഡിയ, ഫാര്‍മ, പി.എസ്.യു ബാങ്ക്, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ ഇന്ന് 0.07 മുതല്‍ 0.68 ശതമാനം വരെ നേട്ടമുണ്ടാക്കി.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

സെന്‍സെക്‌സില്‍ 1,706 കമ്പനികള്‍ മുന്നേറുകയും 1,822 കമ്പനികള്‍ തളരുകയും ചെയ്തു. 113 കമ്പനികളുടെ ഓഹരികളില്‍ മാറ്റമില്ല. അപ്പര്‍ സര്‍ക്യൂട്ടില്‍ ഓഹരികളൊന്നുമെത്തിയില്ല. ലോവര്‍ സര്‍ക്യൂട്ടില്‍ രണ്ട് കമ്പനികളെത്തിയിരുന്നു. 244 കമ്പനികളുടെ ഓഹരികള്‍ 52-ആഴ്ചത്തെ ഉയരത്തിലെത്തി. 25 കമ്പനികളുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടത് 52-ആഴ്ചത്തെ താഴ്ചയിലുമാണ്.
പവര്‍ഗ്രിഡ്, എച്ച്.ഡി.എഫ്.സി ഇരട്ടകള്‍, ടെക് മഹീന്ദ്ര, ടി.സി.എസ്., വിപ്രോ, റിലയന്‍സ്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് ഇന്ന് സെന്‍സെക്‌സിന്റെ കുതിപ്പിന് വഴിയൊരുക്കിയത്. ശ്രീറാം ഫൈനാന്‍സിലെ 8.34 ശതമാനം ഓഹരി പങ്കാളിത്തവും വിറ്റൊഴിഞ്ഞ പിരമല്‍ എന്റര്‍പ്രൈസസ് ഇന്ന് 13 ശതമാനം കുതിച്ചു. ശ്രീറാം ഫൈനാന്‍സും 11.31 ശതമാനം കുതിച്ചു. സ്‌പൈസ് ജെറ്റ് ഓഹരി 4 ശതമാനം ഉയര്‍ന്നു. നോര്‍ഡിക് ഏവിയേഷന്‍ ക്യാപ്പിറ്റലുമായി എന്‍ജിന്‍ കരാറിലെത്തിയതാണ് കാരണം.
ജെ.എസ്.ഡബ്ല്യു എനര്‍ജി, ല്യുപിന്‍, മാക്‌സ് ഫൈനാന്‍ഷ്യല്‍ എന്നിവയാണ് ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ച മറ്റ് ഓഹരികള്‍.
നിരാശപ്പെടുത്തിയവര്‍
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐ.ടി.സി., ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, മാരുതി, ബജാജ് ഫിനാന്‍സ് എന്നിവ ഇന്ന് നിരാശപ്പെടുത്തി. പേയ്ടിഎം (വണ്‍97 കമ്മ്യൂണിക്കേഷന്‍സ്), എച്ച്.ഡി.എഫ്.സി അസറ്റ്, എ.യു. സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക്, കമിന്‍സ് ഇന്ത്യ, ബന്ധന്‍ ബാങ്ക് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം കുറിച്ചത്.
ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടവർ

നിഫ്റ്റി ഓട്ടോ, എഫ്.എം.സി.ജി., ലോഹം, റിയാല്‍റ്റി, ഹെല്‍ത്ത്‌കെയര്‍ സൂചികകള്‍ 0.06 ശതമാനം മുതല്‍ 0.94 ശതമാനം വരെ ഇടിഞ്ഞു.
മുന്നേറ്റി മുത്തൂറ്റ് ക്യാപ്പിറ്റല്‍
കേരള ഓഹരികളില്‍ ഇന്ന് ഏറ്റവും മുന്നേറിയത് മുത്തൂറ്റ് ക്യാപ്പിറ്റലാണ്; 6.98 ശതമാനം. ടൂവീലര്‍ വായ്പകള്‍ക്കായി ക്രെഡിറ്റ് വൈസ് ക്യാപ്പിറ്റലുമായി കമ്പനി ഇന്ന് കൈകോര്‍ത്തിരുന്നു. പാറ്റ്‌സ്പിന്‍ 6.44 ശതമാനവും നേട്ടമുണ്ടാക്കി. ഈസ്റ്റേണ്‍ ട്രെഡ്‌സ് 4.09 ശതമാനവും കുതിച്ചു.
ഇന്ന് കേരള കമ്പനികൾ കാഴ്ചവച്ച പ്രകടനം

ജിയോജിത് 3.17 ശതമാനം, മുത്തൂറ്റ് ഫിനാന്‍സ് 3.48 ശതമാനം, വി-ഗാര്‍ഡ് 2.55 ശതമാനം, അപ്പോളോ ടയേഴ്‌സ് 2.37 ശതമാനം എന്നിവയും ഇന്ന് തിളങ്ങി.
വെര്‍ട്ടെക്‌സ് 5 ശതമാനം ഇടിഞ്ഞു. കൊച്ചിന്‍ മിനറല്‍സ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഫാക്ട്‌സ ഫെഡറല്‍ ബാങ്ക്, കെ.എസ്.ഇ., വണ്ടര്‍ല എന്നിവ ഇന്ന് നഷ്ടത്തിലാണ്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it