വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ പിന്‍വലിക്കലും പശ്ചിമേഷ്യന്‍ യുദ്ധ ഭീതിയും അദാനിക്കെതിരെയുള്ള അമേരിക്കന്‍ ഷോക്കും ഏല്‍പ്പിച്ച ആഘാതങ്ങള്‍ കുടഞ്ഞെറിഞ്ഞ് ഉയര്‍ത്തെണീല്‍പ്പില്‍ വിപണി. സെന്‍സെക്സ് 2,000 പോയിന്റോളമാണ് ഇന്നുയര്‍ന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെയുള്ള ഏറ്റവും വലിയ ഉയര്‍ച്ച. ഏഴ് ആഴ്ചയായി നീണ്ട തിരുത്തലിനു ശേഷമാണ് വിപണി തിരിച്ചു വരവിന്റെ ശക്തമായ സൂചന കാണിക്കുന്നത്.
സെന്‍സെക്‌സ് 1,961.32 പോയിന്റ് (2.54%) ഉയര്‍ന്ന് 79,117.11ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 557.35 പോയിന്റ് (2.39%) നേട്ടത്തോടെ 23,907.25ലും വ്യാപാരം അവസാനിപ്പിച്ചു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പുകളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരുന്നു. ബി.ജെ.പിയും സഖ്യകക്ഷികളും രണ്ട് സംസ്ഥാനങ്ങളിലും അധികാരം പിടിച്ചേക്കുമെന്ന പ്രവചനങ്ങളും വിപണിയെ സ്വാധീനിച്ചു.
ഗൗതം അദാനിക്കും മറ്റുള്ളവര്‍ക്കുമെതിരേ അമേരിക്കന്‍ കോടതിയിലെ കോഴക്കേസില്‍ അദാനി ഓഹരികള്‍ ഇന്നും വലിയ തിരിച്ചടി നേരിടുമെന്ന ഭയം വിപണിക്കുണ്ടായിരുന്നു. എന്നാല്‍ അദാനി ഓഹരികളില്‍ മിക്കവയും ഇന്ന് തിരിച്ചുവരികയോ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുകയോ ചെയ്തു. അദാനി ഗ്രീന്‍ എനര്‍ജി, അദാനി പവര്‍, അദാനി വില്‍മര്‍ ഓഹരികള്‍ മാത്രമാണ് ഇന്ന് താഴ്ചയില്‍ അവസാനിച്ചത്.
ഇന്ന് നിക്ഷേപകരുടെ സമ്പത്തില്‍ ഏകദേശം 7.13 ലക്ഷം കോടി രൂപയുടെ വര്‍ധനവുണ്ടായി. വ്യാപാരം നടന്ന 4,041 ഓഹരികളില്‍ 2,452 എണ്ണം നേട്ടം കൊയ്തപ്പോള്‍ 1,470 ഓഹരികള്‍ നഷ്ടത്തില്‍ വാരം അവസാനിപ്പിച്ചു. നിഫ്റ്റി50ല്‍ ബജാജ് ഓട്ടോ ഓഹരികള്‍ മാത്രമാണ് ഇന്ന് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്.
സൂചികകളില്‍ പച്ചവെളിച്ചം
മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് ഉള്‍പ്പെടെ സൂചികകളെല്ലാം തന്നെ നഷ്ടത്തില്‍ നിന്ന് കരകയറുന്നതിനാണ് വാരാന്ത്യം സാക്ഷ്യംവഹിച്ചത്. ഇന്ന് മീഡിയ സൂചികകള്‍ മാത്രമാണ് വീഴ്ചയില്‍ ക്ലോസ് ചെയ്തത്. ബാക്കിയെല്ലാം സൂചികകളും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം വ്യാപിക്കുന്നത് എണ്ണവില ഉയര്‍ത്തിയെങ്കിലും ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചിക 2.21 ശതമാനം ഉയര്‍ന്നു. പൊതുമേഖല ബാങ്ക് സൂചിക 2.99 ശതമാനം ഉയര്‍ന്നപ്പോള്‍ റിയാലിറ്റി സൂചിക 3.17 ശതമാനമാണ് നേട്ടം കൊയ്തത്. ഓട്ടോ (1.76), എഫ്.എം.സി.ജി (2.27), ഫിനാന്‍ഷ്യല്‍ സര്‍വസീസ് (1.51) ഫാര്‍മ (1.02) ശതമാനം നേട്ടത്തിലെത്തി.
നേട്ടം കൊയ്തവര്‍
ഇന്ന് നേട്ടം കൊയ്തവരില്‍ മുന്നില്‍ നൗക്കരി ഓഹരികളാണ്. 6.32 ശതമാനം ഉയര്‍ന്നാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. ആഗോള നിക്ഷേപക സ്ഥാപനമായ ഗോള്‍ഡ്മാന്‍ സച്‌സ് കമ്പനിയുടെ റേറ്റിംഗ് ഉയര്‍ത്തിയതാണ് ഓഹരിവില പറപറക്കാന്‍ ഇടയാക്കിയത്. പേയ്ടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്റെ ഓഹരികളും ഇന്ന് നിക്ഷേപകര്‍ക്ക് സന്തോഷം പകര്‍ന്നു. 5.72 ശതമാനമാണ് ഓഹരിവില ഉയര്‍ന്നത്. ആഗോള ബ്രോക്കറേജ് സ്ഥാപനമായ ബെര്‍സ്റ്റിന്‍ ലക്ഷ്യവില ഉയര്‍ത്തിയതും സെപ്റ്റംബര്‍ പാദത്തിലെ മികച്ച നേട്ടവും ഗുണം ചെയ്തു. ഗോദ്‌റെജ് പ്രോപ്പര്‍ട്ടി (5.63), ഫീനിക്‌സ് മില്‍സ് (5.33) എന്നീ ഓഹരികളും ഇന്ന് നേട്ടം കൊയ്തു.
നഷ്ടം നേരിട്ടവര്‍ ഇവര്‍
കോഴ കൊടുങ്കാറ്റില്‍ ഉള്‍പ്പെട്ട അദാനി ഗ്രൂപ്പിന്റെ മൂന്ന് കമ്പനികളുടെ ഓഹരികള്‍ ഇന്ന് നഷ്ടകണക്കില്‍ മുന്നിലെത്തി. അദാനി ഗ്രീന്‍ എനര്‍ജി ഓഹരികള്‍ ഇന്ന് 7.96 ശതമാനം ഇടിഞ്ഞു. അദാനി എനര്‍ജി സൊല്യൂഷന്‍സ് 6.94 ശതമാനവും അദാനി പവര്‍ 3.08 ശതമാനവും വീഴ്ചയിലാണ് ഇന്ന് ക്ലോസ് ചെയ്തത്. തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് വീഴുന്ന വൊഡാഫോണ്‍-ഐഡിയ ഓഹരികള്‍ 3.04 ശതമാനമാണ് ഇന്ന് താഴേക്ക് പോയത്.
കേരള ഓഹരികളുടെ പ്രകടനം
തുടര്‍ച്ചയായി മികവ് പ്രകടിപ്പിച്ചിരുന്ന കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഓഹരികള്‍ക്ക് ഇന്ന് വലിയ തിരിച്ചടി നേരിടേണ്ടി വന്നു. 4.55 ശതമാനം താഴ്ന്നാണ് കിറ്റെക്‌സ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ബോണസ് ഓഹരി പ്രഖ്യാപിച്ച ദിവസമാണ് വിപണിയിലെ താഴ്ചയെന്നത് ശ്രദ്ധേയമാണ്. കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ക്കും ഇന്ന് ശ്രദ്ധേയ പ്രകടനം കാഴ്ചവയ്ക്കാനായില്ല. 0.38 ശതമാനം താഴ്ന്നാണ് കല്യാണ്‍ വാരം അവസാനിപ്പിച്ചത്.
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികളെല്ലാം ഇന്ന് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. മണപ്പുറം ഫിനാന്‍സ് (0.97), മുത്തൂറ്റ് ഫിനാന്‍സ് (1.41), മുത്തൂറ്റ് മൈക്രോഫിന്‍ (0.40) എന്നിങ്ങനെ നേട്ടംകുറിച്ചു. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരികള്‍ ഇന്ന് 10 ശതമാനമാണ് ഉയര്‍ന്നത്. ഫെഡറല്‍ ബാങ്ക് ഒഴികെയുള്ള ബാങ്ക് ഓഹരികളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.