ഐ.ടി, ഓട്ടോ, ബാങ്കിംഗ് ഓഹരികളുടെ കരുത്തില്‍ വിപണിക്ക് കുതിപ്പ്; അപ്പര്‍സര്‍ക്യൂട്ടിലേക്ക് ചാര്‍ജായി ഓല

ആശങ്കകള്‍ക്ക് വിരാമമിട്ട് ലോക വിപണികളിലെ കുതിപ്പ് ഇന്ത്യയിലും പ്രതിഫലിച്ചപ്പോള്‍ വിപണിയില്‍ ആവേശം. സെന്‍സെക്‌സ് 1.04 ശതമാനം ഉയര്‍ന്ന് 79,705.91 പോയിന്റിലാണ് ക്ലോസ് ചെയ്തത്. 819.69 പോയിന്റ് നേട്ടമാണ് വിപണി സമ്മാനിച്ചത്. ഇന്ന് നിക്ഷേപകരുടെ സമ്പത്തില്‍ ഏകദേശം 4.42 ലക്ഷം കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
നിഫ്റ്റി 250.50 പോയിന്റ് മുന്നേറി 24,367ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി മിഡ്ക്യാപ്100 സൂചിക 0.87 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.56 ശതമാനവും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കിംഗ് സൂചിക 0.65 ശതമാനമാണ് വളര്‍ച്ച. വാഹന നിര്‍മാണ സൂചികയും നേട്ടത്തിന്റെ വെള്ളിയാഴ്ചയായി മാറി, 1.72 %.

വിവിധ സൂചികകളുടെ ഇന്നത്തെ പ്രകടനം


അപ്പാരല്‍സ്, ഫൂട്ട്‌വെയര്‍, ടോയ്‌സ്, ഫുഡ്, ഗ്രോസറി രംഗത്ത് സാന്നിധ്യമുള്ള ട്രെന്റ് ലിമിറ്റഡാണ് ഇന്ന് നേട്ടം കൊയ്തവരില്‍ മുമ്പന്മാര്‍. 11.98 ശതമാനം ഉയര്‍ന്നാണ് കമ്പനിയുടെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ജൂണില്‍ അവസാനിച്ച പാദത്തില്‍ അറ്റലാഭത്തില്‍ 134 ശതമാനം വളര്‍ച്ച നേടിയെന്ന ഫലം പുറത്തുവിട്ടതാണ് കമ്പനിക്ക് ഗുണം ചെയ്തത്.
ഫാസ്റ്റ് ചാര്‍ജില്‍ കുതിച്ച് ഓല
വൈദ്യുത ഇരുചക്ര വാഹനരംഗത്തെ മുമ്പന്മാരായ ഓലയാണ് ഇന്ന് വിപണിയിലെ സര്‍പ്രൈസ് പാക്കേജ്. ലിസ്റ്റിംഗില്‍ തണുപ്പന്‍ പ്രതികരണമാണ് ഉണ്ടായിരുന്നതെങ്കിലും ആദ്യ ദിനം തന്നെ അപ്പര്‍സര്‍ക്യൂട്ടില്‍ എത്താന്‍ ഓലയ്ക്കായി. ലിസ്റ്റിംഗില്‍ ഉള്‍പ്പെടെ കാര്യമായ മുന്നേറ്റം ഇല്ലാതിരുന്നതിനാല്‍ ഓഹരിവില കാര്യമായി ഉയരില്ലെന്ന ധാരണയിലായിരുന്നു വിപണി.
76 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഓല ഇലക്ട്രിക് അതേ വിലയിലാണ് വ്യാപാരം ആരംഭിച്ചത്. ലിസ്റ്റിംഗിനു ശേഷം ഓഹരി വില 20 ശതമാനം ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ടിലെത്തി. 91.20 രൂപയിലാണ് വ്യാപാരം അവസാനിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഗ്രേ മാര്‍ക്കറ്റില്‍ ഇഷ്യു വിലയേക്കാള്‍ രണ്ട്-മൂന്ന് രൂപ താഴെയായണ് ഓല ഇലക്ട്രിക് വ്യാപാരം ചെയ്തിരുന്നത്.

നേട്ടം കുറിച്ചവര്‍


ഓഹരിവില അതിവേഗം കുതിച്ചതോടെ ഓല സ്ഥാപകന്‍ ഭവിഷ് അഗര്‍വാള്‍ ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ ശതകോടീശ്വരന്മാരില്‍ ഒരാളായി മാറി. ഓലയുടെ വിപണിമൂല്യം 40,218 കോടി രൂപയാണ്.
ജൂണില്‍ അവസാനിച്ച പാദ അറ്റാദായത്തില്‍ 20 ശതമാനം വളര്‍ച്ച നേടിയെന്ന വാര്‍ത്ത പുറത്തുവന്നത് ഐഷര്‍ മോട്ടോഴ്‌സിന്റെ ഓഹരികളെയും സ്വാധീനിച്ചു. ഓഹരികള്‍ 5.68 ശതമാനമാണ് ഉയര്‍ന്നത്.
പുനരുത്പാദന വൈദ്യുതി രംഗത്തെ മുന്‍നിര കമ്പനികളിലൊന്നായ സുസ്‌ലോണ്‍ എനര്‍ജിയുടെ വിപണിമൂല്യം ഒരു ലക്ഷം കോടി കടക്കുന്നതിനും ഇന്ന് സാക്ഷ്യംവഹിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സുസ്‌ലോണ്‍ ഓഹരികള്‍ നേട്ടത്തോടെയായിരുന്നു ക്ലോസ് ചെയ്തത്.

നഷ്ടം കുറിച്ചവര്‍


സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (5.97), റെയില്‍ വികാസ് നിഗം (3.72), ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ് (2.97), അപ്പോളോ ടയേഴ്‌സ് (2.75) കമ്പനികളാണ് നഷ്ടം രേഖപ്പെടുത്തിയവരില്‍ മുന്നിലുള്ളത്. ജൂണ്‍ പാദത്തില്‍ അപ്പോളോ ടയേഴ്‌സിന്റെ ലാഭം 24 ശതമാനം ഇടിഞ്ഞ് 302 രൂപയായതാണ് ഇടിവിന് കാരണം.
നേട്ടത്തില്‍ സൂചികകള്‍
വിശാല വിപണിയില്‍ നേട്ടത്തോടെയാണ് ഓഗസ്റ്റിലെ രണ്ടാമത്തെ വെള്ളിയാഴ്ച അവസാനിപ്പിച്ചത്. പ്രധാന സൂചികകളെല്ലാം പച്ചപ്പിലാണ്. മുന്‍ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു സൂചികകളിലും 2 ശതമാനത്തില്‍ കൂടുതല്‍ ഉയര്‍ന്നില്ല. ഓട്ടോ, ഐ.ടി, പൊതുമേഖല ബാങ്കുകള്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ ഒരു ശതമാനത്തിന് മുകളിലേക്ക് ഉയര്‍ന്നു. പ്രോപ്പര്‍ട്ടി ടാക്‌സില്‍ മാറ്റം വരുത്തിയതിന്റെ ഗുണം റിയല്‍റ്റി ഓഹരികളില്‍ രണ്ടാംദിനവും പ്രതിഫലിച്ചു.
കേരള കമ്പനികളുടെ പ്രകടനം
വിപണിയുടെ മൊത്തത്തിലുള്ള മുന്നേറ്റം കേരള കമ്പനികളുടെ പ്രകടനത്തിലും ദൃശ്യമായിരുന്നു. പത്ത് ഓഹരികള്‍ മാത്രമാണ് നഷ്ടത്തില്‍ അവസാനിപ്പിച്ചത്. 34 ഓഹരികള്‍ നേട്ടം കൊയ്തു. ആര്‍.പി.ജി ആന്‍ഡ് ആര്‍.പി.എസ്.ജി ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ് ആണ് ഇന്ന് നേട്ടം കൊയ്തവരില്‍ മുന്നില്‍. 13.40 ശതമാനം നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം


പ്രൈമ ഇന്‍ഡസ്ട്രീസ് 9.57 ശതമാനവും നേട്ടം കൊയ്തു. സ്റ്റെല്‍ ഹോള്‍ഡിംഗ്‌സിന്റെ അനുബന്ധ കമ്പനിയായ ഹാരിസണ്‍സ് മലയാളം 7.31 വളര്‍ച്ചയോടെയാണ് വാരാന്ത്യ ദിനം അവസാനിപ്പിച്ചത്. സാഫ സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസ് (4.93), കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈലും (4.61) ടോപ് 5ലേക്ക് ഉയര്‍ന്നു.
ബംഗ്ലാദേശ് കലാപത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ച സ്‌കൂബീഡേ ഗാര്‍മെന്റ്‌സിനും കിറ്റെക്‌സിനും ആ നേട്ടം നിലനിര്‍ത്താന്‍ സാധിച്ചില്ല. സ്‌കൂബീഡേ 3.83 ശതമാനമാണ് ഇടിഞ്ഞത്. കിറ്റെക്‌സിനാകട്ടെ 2.80വും താഴേക്ക് ഇറങ്ങേണ്ടി വന്നു. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആണ് കൂടുതല്‍ നഷ്ടമുണ്ടാക്കിയ കേരള ഓഹരി, 5 ശതമാനം. എ.വി.ടി നാച്യുറല്‍ പ്രൊഡക്ട്‌സ് (3.22), അപ്പോളോ ടയേഴ്‌സ് (2.75) നഷ്ടം നേരിട്ടു.
കേരളത്തില്‍ നിന്നുള്ള ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ ഓഹരികളും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. മണപ്പുറം ഫിനാന്‍സ് (3.18), മുത്തൂറ്റ് ക്യാപിറ്റല്‍ (2.15), ധനലക്ഷ്മി ബാങ്ക് (1.80), മുത്തൂറ്റ് ഫിനാന്‍സ് (1.70), ഫെഡറല്‍ ബാങ്ക് (1.66), സി.എസ്.ബി ബാങ്ക് (1.50) സൗത്ത് ഇന്ത്യന്‍ ബാങ്ക് (0.36) എന്നീ ഓഹരികള്‍ നേട്ടത്തോടെയാണ് അവസാനിപ്പിച്ചത്.
ജൂണില്‍ അവസാനിച്ച ആദ്യ പാദത്തില്‍ മുന്‍ വര്‍ഷത്തെ സമാനപാദത്തേക്കാള്‍ 76 ശതമാനത്തോളം വളര്‍ച്ച നേടിയതിന്റെ ആവേശം കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരികളെ 2.74 ശതമാനം ഉയര്‍ത്തി. ഒരുഘട്ടത്തില്‍ 8 ശതമാനം വരെ ഉയര്‍ന്ന ശേഷമാണ് ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ ക്ലോസ് ചെയ്തത്.
Lijo MG
Lijo MG  

Sub-Editor

Related Articles
Next Story
Videos
Share it