ഓഹരികള്‍ 5 മാസത്തെ ഉയരത്തില്‍; 629 പോയിന്റ് മുന്നേറി സെന്‍സെക്‌സ്, 18,500ന് അരികെ നിഫ്റ്റി

ആഗോള, ആഭ്യന്തരതലങ്ങളില്‍ നിന്നുള്ള അനുകൂലഘടകങ്ങളുടെ ചുവടുപിടിച്ചും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെയുള്ള വന്‍കിട ഓഹരികളില്‍ ദൃശ്യമായ മികച്ച വാങ്ങല്‍ ട്രെന്‍ഡിന്റെ പിന്‍ബലത്തിലും ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് കുതിച്ച് കയറിയത് മികച്ച നേട്ടത്തിലേക്ക്.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം


സെന്‍സെക്‌സ് 627.07 പോയിന്റ് (1.07 ശതമാനം) മുന്നേറി 62,501.69ലെത്തി. നിഫ്റ്റി 172.20 പോയിന്റ് (0.97 ശതമാനം) നേട്ടവുമായി 18,499.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സൂചികകളുടെ കഴിഞ്ഞ 5 മാസത്തെ ഏറ്റവും മികച്ച നിലവാരമാണിത്. ഇന്ന് ഒരുവേള സെന്‍സെക്‌സ് 62,529 വരെയും നിഫ്റ്റി 18,508 വരെയും ഉയര്‍ന്നിരുന്നു. ബി.എസ്.ഇയുടെ നിക്ഷേപകമൂല്യം ഇന്ന് 2.33 ലക്ഷം കോടി രൂപ വര്‍ദ്ധിച്ച് 288.67 ലക്ഷം കോടി രൂപയിലുമെത്തി.

നേട്ടത്തിലേറിയവര്‍
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സണ്‍ഫാര്‍മ, എച്ച്.യു.എല്‍., എച്ച്.സി.എല്‍ ടെക്, വിപ്രോ, ഡിവീസ് ലാബ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് എന്നിവ കാഴ്ചവച്ച മികച്ച നേട്ടമാണ് ഇന്ന് ഓഹരി സൂചികകള്‍ക്ക് കരുത്തായത്. ഇന്‍ഫോ എഡ്ജ് ഇന്ത്യ, സീ എന്റര്‍ടെയ്ന്‍മെന്റ്, ഇന്‍ഡസ് ടവേഴ്‌സ്, വരുണ്‍ ബീവറേജസ്, കമിന്‍സ് ഇന്ത്യ എന്നിവയാണ് ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ചത്.
ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ചവർ

നിഫ്റ്റിയില്‍ എല്ലാ ഓഹരി വിഭാഗങ്ങളും ഇന്ന് നേട്ടത്തിലാണ്. ഹെല്‍ത്ത്‌കെയര്‍, റിയല്‍റ്റി, പി.എസ്.യു ബാങ്ക്, ഫാര്‍മ, മെറ്റല്‍, ഐ.ടി., എഫ്.എം.സി.ജി എന്നിവ ഒരു ശതമാനത്തിന് മുകളിലും മീഡിയ രണ്ട് ശതമാനത്തിന് മുകളിലും മുന്നേറി. നിഫ്റ്റി മിഡ്ക്യാപ്പ് 0.81 ശതമാനവും നിഫ്റ്റി സ്‌മോള്‍ക്യാപ്പ് 0.5 ശതമാനവും നേട്ടംകുറിച്ചു.
നേട്ടത്തിന് പിന്നില്‍
ഇന്ത്യയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെയും അവസാനപാദമായ ജനുവരി-മാര്‍ച്ചിലെയും ജി.ഡി.പി വളര്‍ച്ചാക്കണക്ക് മെയ് 31ന് കേന്ദ്രം പുറത്തുവിടും. പൊതുവേ മികച്ച വളര്‍ച്ചയാണ് ഇന്ത്യയ്ക്ക് ഒട്ടുമിക്ക റേറ്റിംഗ് ഏജന്‍സികളും ധനകാര്യ സ്ഥാപനങ്ങളും പ്രവചിക്കുന്നത്. അമേരിക്കയിലെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കൂട്ടുന്ന ട്രെന്‍ഡിന് താത്കാലികമായി പൂട്ടിടുമെന്ന സൂചനകളെയും നിക്ഷേപകര്‍ ആവേശത്തോടെയാണ് കാണുന്നത്.
ജപ്പാന്‍ അടക്കമുള്ള പ്രമുഖ ഏഷ്യന്‍ ഓഹരികളിലുണ്ടായ നേട്ടത്തിന്റെ കാറ്റും ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകളിലും അലയടിച്ചു. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ (എഫ്.ഐ.ഐ) നിലപാടും അനുകൂലമായി തുടരുന്നു. അവര്‍ ഈമാസം ഇതുവരെ ഇന്ത്യന്‍ ഓഹരികളിലേക്ക് ഒഴുക്കിയത് 34,805 കോടി രൂപയാണ്. ഓഹരികളിലേക്ക് വിദേശ നിക്ഷേപം കുതിച്ചെത്തുന്നതിന്റെ കരുത്തില്‍ രൂപയും നേട്ടത്തിലാണ്. ഇന്ന് 0.20 ശതമാനം നേട്ടവുമായി ഡോളറിനെതിരെ 82.58ലാണ് രൂപയുള്ളത്.
നിരാശപ്പെടുത്തിയവര്‍
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തിലേറിയെങ്കിലും നേട്ടത്തിന്റെ വണ്ടി മിസ്സായ നിരവധി കമ്പനികളുണ്ട്. ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, എന്‍.ടി.പി.സി., ഒ.എന്‍.ജി.സി., ഗ്രാസിം ഇന്‍ഡസ്ട്രീസ്, ബജാജ് ഓട്ടോ എന്നിവയാണ് അവയില്‍ പ്രമുഖര്‍. പേജ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ 9 ശതമാനം വരെ ഇടിഞ്ഞു.
ഇന്ന് ഏറ്റവുമധികം നഷ്ടം കുറിച്ചവർ

അദാനി ഓഹരികളിലും വില്‍പന സമ്മര്‍ദ്ദമുണ്ടായി. പേജ് ഇന്‍ഡസ്ട്രീസിന് പുറമേ അദാനി ട്രാന്‍സ്മിഷന്‍, പ്രെസ്റ്റീജ് എസ്റ്റേറ്റ്‌സ്, അദാനി ടോട്ടല്‍ ഗ്യാസ്, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടത്.
കുതിച്ചും കിതച്ചും കേരള ഓഹരികള്‍
കേരളം ആസ്ഥാനമായ കമ്പനികളില്‍ പാറ്റ്‌സ്പിന്‍ ഇന്ത്യ 5.33 ശതമാനവും സ്‌കൂബിഡേ 4.46 ശതമാനവും മുത്തൂറ്റ് കാപ്പിറ്റല്‍ 4.14 ശതമാനവും നേട്ടമുണ്ടാക്കി. കേരള ആയുര്‍വേദ, വണ്ടര്‍ല എന്നിവ രണ്ട് ശതമാനത്തിലധികം ഉയര്‍ന്നു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഫെഡറല്‍ ബാങ്ക്, കിംഗ്‌സ് ഇന്‍ഫ്ര, നിറ്റ ജെലാറ്റിന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവ ഒരു ശതമാനത്തിലധികവും നേട്ടം രേഖപ്പെടുത്തി.
കേരള കമ്പനികളുടെ ഇന്നത്തെ പ്രകടനം

ഇന്നലെ പ്രവര്‍ത്തനഫലം പുറത്തുവിട്ട ഇന്‍ഡിട്രേഡ് കാപ്പിറ്റല്‍ 5.37 ശതമാനം ഇടിഞ്ഞു. പ്രവര്‍ത്തനഫലം പ്രഖ്യാപിച്ച കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈലും ആസ്റ്ററും രണ്ട് ശതമാനത്തിലധികം നഷ്ടത്തിലാണുള്ളത്. റബ്ഫിലയും രണ്ടു ശതമാനത്തിനുമേല്‍ താഴ്ന്നു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it