

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് ദൃശ്യമായത് കൂട്ടത്തകര്‍ച്ച. ബെഞ്ച്മാര്‍ക്ക് സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും ഒരു ശതമാനത്തോളം ഇടിഞ്ഞു. ഒറ്റ ദിവസംകൊണ്ട് നിക്ഷേപകരുടെ സമ്പത്തില്‍ നിന്ന് 7 ലക്ഷം കോടിയിലധികം രൂപ ഒലിച്ചു പോയി.
സെന്‍സെക്‌സ് 600 പോയിന്റിലധികം ഇടിഞ്ഞ് 885,102.69 എന്ന താഴ്ന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 225.90 പോയിന്റ് ഇടിഞ്ഞ് 25,960.55 ലേക്ക് കൂപ്പുകുത്തി.
ഓഹരികളിലെ കനത്ത വില്‍പ്പന ബിഎസ്ഇയുടെ മൊത്തം വിപണി മൂല്യംം 471 ലക്ഷം കോടി രൂപയില്‍ നിന്ന് 464 ലക്ഷം കോടി രൂപയായി കുറച്ചു. ചെറുകിട-ഇടത്തരം ഓഹരികളിലാണ് വില്‍പ്പന സമ്മര്‍ദ്ദം കൂടുതല്‍ രൂക്ഷമായത്. മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ 2 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി.
വിപണിയിലെ ഇന്നത്തെ കനത്ത വില്‍പന സമ്മര്‍ദ്ദത്തിന് പിന്നില്‍ അഞ്ച് പ്രധാന ഘടകങ്ങളാണ് വിദഗ്ദ്ധര്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ന്ന നിലയില്‍ തുടരുന്നതാണ് ഇതില്‍ പ്രധാനം. ഒരു ഡോളറിന് 90.15 രൂപയാണ് നിലവിലെ വിനിമയ നിരക്ക്. ക്രൂഡ് ഓയില്‍ വില വര്‍ധനവും വിദേശ നിക്ഷേപം പുറത്തേക്ക് ഒഴുകുന്നതുമാണ് രൂപയ്ക്ക് കനത്ത തിരിച്ചടിയായത്.
യുഎസ് ഫെഡ് നയതീരുമാനത്തെ കുറിച്ചുള്ള ആശങ്കകളും വിപണിയെ ബാധിച്ചു. ഡിസംബര്‍ 10-ന് പ്രഖ്യാപിക്കാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനത്തിനായി വിപണി കാത്തിരിക്കുകയാണ്. പലിശ നിരക്കില്‍ കുറവ് വരുത്തുമോ എന്ന കാര്യത്തിലുള്ള അവ്യക്തത നിക്ഷേപകരെ വില്‍പനയ്ക്ക് പ്രേരിപ്പിക്കുന്നു.
ഇതോടൊപ്പം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ സംബന്ധിച്ച അവ്യക്തത ഇപ്പോഴും നിലനില്‍ക്കുന്നതും വിപണിയെ ദുര്‍ബലപ്പെടുത്തുന്നു. വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്നതിനായി മുതിര്‍ന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന്‍ ഈ ആഴ്ച ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജാപ്പനീസ് സര്‍ക്കാരിന്റെ ബോണ്ട് യീല്‍ഡുകള്‍ കുതിച്ചുയര്‍ന്നത് 'യെന്‍ കാരി ട്രേഡ്' (Yen Carry Trade) തിരിച്ചുപോയേക്കാം എന്ന ആശങ്ക സൃഷ്ടിച്ചു. ഇത് ഇന്ത്യ പോലുള്ള വളര്‍ന്നുവരുന്ന വിപണികള്‍ക്ക് കനത്ത നെഗറ്റീവ് സൂചനയാണ് നല്‍കുന്നത്.
എഫ്‌ഐഐകളുടെ തുടര്‍ച്ചയായ വില്‍പനയാണ് മറ്റൊന്ന്. വിദേശ നിക്ഷേപക സ്ഥപനങ്ങള്‍ ജൂലൈ മുതല്‍ ഇതുവരെ 1.60 ലക്ഷം കോടിയിലധികം രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. ഡിസംബറിലെ ആദ്യ അഞ്ച് ദിവസങ്ങളില്‍ മാത്രം 10,404 കോടി രൂപയുടെ വില്‍പന നടത്തി.
ഡിസംബര്‍ പാദത്തിലെ വരുമാനം പ്രതീക്ഷിച്ച നിലയില്‍ എത്തുകയും ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ അന്തിമമാകുകയും ചെയ്യുന്നതുവരെ വിപണി അസ്ഥിരമായി തുടരാനുള്ള സാധ്യതകളാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
മിഡ്കാപ് ഓഹരികളില്‍, ഭാരത് ഡൈനാമിക്‌സ്, ഫാക്ട്, ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് (Godrej Properties), ഹഡ്‌കോ എന്നിവയുടെ ഓഹരികള്‍ 5 മുതല്‍ 6 ശതമാനം വരെ ഇടിഞ്ഞു. പ്രവര്‍ത്തനം തടസപ്പെട്ടത് നിക്ഷേപകരില്‍ ആശങ്കയുണ്ടാക്കിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോയുടെ ഓപ്പറേറ്ററായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ഓഹരി 9 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്.
സ്‌മോള്‍ ഫിനാന്‍സ് ബാങ്കായി മാറാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചെങ്കിലും ഫിനോ പേയ്‌മെന്റ്സ് ബാങ്ക് 12 ശതമാനത്തിലധികം ഇടിഞ്ഞു. തുടര്‍ച്ചയായ നഷ്ടം നേരിടുന്ന കെയിന്‍സ് ടെക്‌നോളജി നാല് സെഷനുകളിലായി 30 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. ബ്ലോക്ക് ഡീലുകളിലൂടെ 0.5 ശതമാനം ഓഹരികള്‍ കൈമാറ്റം ചെയ്തതിനെത്തുടര്‍ന്ന് സൊമാറ്റോയുടെ മാതൃകമ്പനിയായ എറ്റേണലിന്റെ ഓഹരി 3 ശതമാനം ഇടിഞ്ഞു.
നവംബറിലെ ശക്തമായ ബിസിനസ് അപ്ഡേറ്റിനെ തുടര്‍ന്ന് നിവ ബൂപ്പ മൂന്ന് ശതമാനം നേട്ടം കൈവരിച്ചു. 5.5 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ബയോളജിക്‌സ് യൂണിറ്റ് ലയിപ്പിക്കുന്നതായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബയോകോണ്‍ മൂന്ന് ശതമാനം ഇടിഞ്ഞു. നവംബറിലെ വ്യവസായ ഡാറ്റ പുറത്തുവന്നതിനെത്തുടര്‍ന്ന് ലൈഫ് ഇന്‍ഷുറന്‍സ് ഓഹരികള്‍ ദുര്‍ബലമായി. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് രണ്ട് ശതമാനം ഇടിഞ്ഞു.
ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ (BMC) നിന്ന് 447 കോടി രൂപയുടെ അധിക ഓര്‍ഡര്‍ ലഭിച്ചതിനെ തുടര്‍ന്ന് അശോക ബില്‍ഡ്‌കോണ്‍ (Ashoka Buildcon) 2 ശതമാനം ഉയര്‍ന്നു.
കേരള കമ്പനികളെടുത്താല്‍ വിരലിലെണ്ണാവുന്ന ഓഹരികള്‍ മാത്രമാണ് ഇന്ന് നേട്ടത്തില്‍ നിലനിന്നത്. ഇന്ന് ഏറ്റവും വലിയ മുന്നേറ്റം കാഴ്ചവച്ചത് യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സാണ്. ഓഹരി വില 9.96 ശതമാനം ഉയര്‍ന്നു. പ്രൈമ അഗ്രോ ഓഹരിയും എട്ട് ശതമാനത്തിനു മുകളില്‍ ഉയര്‍ച്ചയിലാണ്.
ബി.പി.എല്‍ ആണ് നഷ്ടത്തില്‍ മുന്നില്‍. ഓഹരി വില 15 ശതമാനത്തിലധികം താഴ്ന്നു. കേരള ആയിര്‍വേദ ഓഹരികള്‍ എട്ട് ശതമാനവും ഫാക്ട് ഓഹരികള്‍ ഏഴ് ശതമാനത്തിനടുത്തും ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് കെ.എസ്.ഇ എന്നിവ അഞ്ച് ശതമാനത്തിനു മുകളില്‍ ഇടിവിലാണ്.
Read DhanamOnline in English
Subscribe to Dhanam Magazine