Begin typing your search above and press return to search.
സൂചികകളില്‍ ഇടിവ് തുടരുന്നു; നിഫ്റ്റി 18,150ന് താഴെ
വന്‍കിട ഓഹരികളില്‍ ലാഭമെടുപ്പ് തകൃതിയായതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്നും നഷ്ടത്തിലേക്ക് വീണു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് നഷ്ടം നേരിടുന്നത്. സെന്‍സെക്‌സ് 128.90 പോയിന്റ് (0.21 ശതമാനം) നഷ്ടവുമായി 61,431.74ലാണ് വ്യാപാരാന്ത്യമുള്ളത്. നിഫ്റ്റി 58.05 പോയിന്റ് (0.28 ശതമാനം) കുറഞ്ഞ് 18,129.95ലും.
അമേരിക്കയില്‍ ഡെറ്റ് സീലിംഗ് വിഷയത്തില്‍ സമവായമുണ്ടാകുമെന്ന വിലയിരുത്തലുകളെ തുടര്‍ന്ന് ആഗോളതലത്തില്‍ ഇന്ന് ഓഹരി വിപണികള്‍ നേട്ടത്തിലായിരുന്നു. ടോക്കിയോ, ഹോങ്കോംഗ്, ഷാങ്ഹായ്, സിഡ്‌നി ഓഹരിവിപണികള്‍ മുന്നേറി. അമേരിക്കന്‍, യൂറോപ്പ്യന്‍ ഓഹരി വിപണികളും ഉയര്‍ച്ചയിലായിരുന്നു. ഇകിന്റെ ചുവടപിടിച്ച് ഇന്ത്യന്‍ ഓഹരിവിപണികളുടെയും തുടക്കം ഇന്ന് നേട്ടത്തോടെയായിരുന്നെങ്കിലും വന്‍കിട ഓഹരികളിലുണ്ടായ കനത്ത ലാഭമെടുപ്പ് തിരിച്ചടിയാവുകയായിരുന്നു.
നഷ്ടത്തിലേക്ക് വീണവര്‍
ഇന്ന് എസ്.ബി.ഐ മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടെങ്കിലും ബാങ്കിന്റെ ഓഹരികളില്‍ വലിയ ലാഭമെടുപ്പുണ്ടായി. ഇതിന് കാരണമായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത് - പ്രവര്‍ത്തനഫലം മികച്ചതായിരിക്കുമെന്ന് നേരത്തേ ഏവരും പ്രതീക്ഷിച്ചതാണ്. ബാങ്കിന്റെ ഓഹരികളാകട്ടെ ഉയര്‍ന്ന നിലയിലുമായിരുന്നു. പ്രതീക്ഷ തെറ്റിക്കാതെ പ്രവര്‍ത്തനഫലം മികച്ചതായതോടെ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റ് ലാഭമെടുത്തു.
ഐ.ടി.സി., എല്‍ ആന്‍ഡ് ടി., പവര്‍ഗ്രിഡ്, ടൈറ്റന്‍, ടാറ്റാ മോട്ടോഴ്‌സ്, എച്ച്.യു.എല്‍, അള്‍ട്രാടെക് സിമന്റ് എന്നിവയിലും ലാഭമെടുപ്പിന്റെ കാറ്റ് ഇന്ന് ആഞ്ഞടിച്ചു. പ്രമുഖ അദാനി ഓഹരികളും ഇന്ന് നഷ്ടത്തിലായിരുന്നു. അദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി പവര്‍, ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ്, ഗെയ്ല്‍ ഇന്ത്യ എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടത്. നാലാംപാദ ലാഭം 77 ശതമാനം ഇടിഞ്ഞതാണ് ഗെയ്‌ലിന് തിരിച്ചടിയായത്.
ബാങ്ക്, ധനകാര്യം, സ്വകാര്യബാങ്ക് എന്നിവയൊഴികെയുള്ള ഓഹരി വിഭാഗങ്ങളെല്ലാം ഇന്ന് നഷ്ടത്തിലാണ്. റിയല്‍റ്റി 2.32 ശതമാനം, പി.എസ്.യു ബാങ്ക് 1.9 ശതമാനം, ഫാര്‍മ 1.27 ശതമാനം, എഫ്.എം.സി.ജി 1.10 ശതമാനം എന്നിങ്ങനെ ഇടിഞ്ഞു. തുടര്‍ച്ചയായ മൂന്ന് ദിവസം നഷ്ടം നേരിട്ടതിനെ തുടര്‍ന്ന്, ബി.എസ്.ഇയുടെ നിക്ഷേപക മൂല്യത്തില്‍ നിന്ന് കൊഴിഞ്ഞത് 1.35 ലക്ഷം കോടി രൂപയുമാണ്.
നേട്ടത്തിലേറിയവര്‍
സൂചികകള്‍ നഷ്ടത്തിലായെങ്കിലും ഇന്ന് ബജാജ് ഫിനാന്‍സ്, കോട്ടക് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐ.സി.ഐ.സി.ഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്.സി.എല്‍ ടെക് എന്നിവ നേട്ടംകുറിച്ചു. ഹണിവെല്‍ ഓട്ടോമേഷന്‍, ദേവയാനി ഇന്റര്‍നാഷണല്‍, ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ്, എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, പൂനാവാല ഫിന്‍കോര്‍പ്പ് എന്നിവയാണ് ഏറ്റവുമധികം നേട്ടം കുറിച്ചത്.
9.28% ഉയര്‍ന്ന് കൊച്ചിന്‍ മിനറല്‍സ്
കേരളം ആസ്ഥാനമായ കമ്പനികളില്‍ ഇന്ന് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ 9.28 ശതമാനം മുന്നേറി. 4.44 ശതമാനം നേട്ടവുമായി വെര്‍ട്ടെക്‌സും മികച്ച പ്രകടനം നടത്തി. ഈസ്റ്റേണ്‍ 2.96 ശതമാനം നേട്ടം കുറിച്ചു. കേരള ആയുര്‍വേദ 4.11 ശതമാനം നഷ്ടത്തിലേക്ക് വീണു. വണ്ടര്‍ല, സ്‌കൂബിഡേ, റബ്ഫില, മുത്തൂറ്റ് ഫിനാന്‍സ്, കിറ്റെക്‌സ്, ആസ്റ്റര്‍, ധനലക്ഷ്മി ബാങ്ക് എന്നിവയും നഷ്ടം നേരിട്ടവയുടെ ശ്രേണിയിലാണുള്ളത്.
രൂപ തളര്‍ച്ചയില്‍
ഇന്നലെ 82.38വരെ ഡോളറിനെതിരെ ഉയര്‍ന്ന രൂപയുടെ മൂല്യം ഇന്ന് 82.60ലേക്ക് ഇടിഞ്ഞു. ക്രൂഡോയില്‍ വിലയും 0.10 ശതമാനത്തോളം നഷ്ടത്തിലാണ്. ബ്രെന്റ് വില ബാരലിന് 76.87 ഡോളറിലും ഡബ്ല്യു.ടി.ഐ ക്രൂഡ് വില 72.76ലുമാണുള്ളത്. സ്വര്‍ണവില രാജ്യാന്തരതലത്തില്‍ ഔണ്‍സിന് 1987 ഡോളറില്‍ നിന്ന് 1974 ഡോളറിലേക്കും താഴ്ന്നു. ഇന്ത്യയിലും ആഭ്യന്തരവില കുറഞ്ഞുനില്‍ക്കാന്‍ ഇത് സഹായിച്ചേക്കും.
Next Story
Videos