
ബജറ്റിനു മുമ്പേ ന്യായമായ തിരുത്തലിനു വിപണി തയാറെടുക്കുകയാണോ? തുടർച്ചയായ നാലാം ദിവസവും സൂചികകൾ ഇടിഞ്ഞു. സെൻസെക്സും നിഫ്റ്റിയും റിക്കാർഡ് ഉയരങ്ങളിൽ നിന്നു നാലര ശതമാനം താഴെ വരെ ഇന്നു രാവിലെ എത്തി. സാങ്കേതിക സപ്പോർട്ട് മേഖലയ്ക്കു താഴെയായി നിഫ്റ്റി. സെൻസെക്സ് 48,000-നു താഴെ ചെന്നിട്ട് തിരിച്ചു കയറി; വീണ്ടും താണു. 47,900 നു താഴെ എത്തിയ സൂചികയ്ക്ക് 47,595-ൽ ആണു സപ്പോർട്ട് നില.
മുൻ ദിവസങ്ങളിലേതുപോലെ ഇന്നും ബാങ്ക് ഓഹരികൾ ഇടിഞ്ഞു. നല്ല റിസൽട്ട് പുറത്തുവിട്ട കൊട്ടക് മഹീന്ദ്ര ബാങ്കും താഴ്ചയിലാണ്. ആക്സിസ് ബാങ്ക് ഇന്നു റിസൽട്ട് പുറത്തുവിടും. ആക്സിസിനും വില കുറഞ്ഞു.
റിലയൻസ് ഇന്നും താഴോട്ടു നീങ്ങി. ഫ്യൂച്ചറിൻ്റെ റീട്ടെയിൽ ബിസിനസ് ഏറ്റെടുക്കുന്നത് അനിശ്ചിതമായി നീണ്ടുപോകുമെന്ന ആശങ്കയും വിപണിയിലുണ്ട്.
എഫ്എംസിജി വിപണിയിലെ വമ്പനായ ഹിന്ദുസ്ഥാൻ യൂണിലിവർ മൂന്നാം പാദ റിസൽട്ട് ഇന്നു പ്രസിദ്ധീകരിക്കും. കമ്പനിയുടെ ഓഹരി വില ഇന്നും താണു.
ടാറ്റാ മോട്ടോഴ്സ്, ഐഷർ മോട്ടോഴ്സ്, അശോക് ലെയ്‌ലൻഡ്, ഹീറോ മോട്ടോഴ്സ്, ഹിൻഡാൽകോ, ഏഷ്യൻ പെയിൻ്റ്സ്, ബെർജർ പെയിൻ്റ്സ് തുടങ്ങിയവ ഇന്നു താഴോട്ടു പോയി. ഗ്രാസിം ഗണ്യമായ നേട്ടം കുറിച്ചു.
ലോകവിപണിയിൽ സ്വർണവില 1845 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 240 രൂപ കുറഞ്ഞ് 36,600 രൂപയായി.
ഡോളർ ആറു പൈസ താണ് 72.88 രൂപയിൽ വ്യാപാരം തുടങ്ങി.
Read DhanamOnline in English
Subscribe to Dhanam Magazine