ഉയരത്തിൽ വിൽപന സമ്മർദം

വിപണിയിൽ വ്യാപാര ആരംഭം ഉണർവോടെ

യു എസ് ഫെഡ് നൽകിയ ഉത്തേജനത്തിൻ്റെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരി വിപണിയും നല്ല ഉണർവോടെ വ്യാപാരം തുടങ്ങി. സെൻസെക്സ് 360 പോയിൻ്റ് ഉയർന്നാണു വ്യാപാരമാരംഭിച്ചത്. എന്നാൽ വിൽപന സമ്മർദത്തിൽ സൂചികകൾ കുറേ താഴ്ന്നു.

പലിശ നിരക്ക് ഉടനെങ്ങും കൂടില്ലെന്ന് യു എസ് ഫെഡ് പറഞ്ഞെങ്കിലും കടപ്പത്ര വില ഒരിടത്തും ഉയർന്നില്ല. അമേരിക്കയിൽ നിക്ഷേപനേട്ടം 1.67 ശതമാനം വരുംവിധം വില താണു. ഇന്ത്യയിലും വില താഴുകയാണ്. ബാങ്ക് ഓഫ് ജപ്പാൻ കടപ്പത്ര നിക്ഷേപനേട്ടം കൂടാവുന്ന വിധം നടപടി എടുക്കുമെന്ന ഔദ്യാേഗിക റിപ്പോർട്ട് പുറത്തു വന്നു.പലിശചക്രം ദിശമാറുന്നതിൻ്റെ സൂചനയാണ് ഇതിലുള്ളത്. തീരെത്താഴ്ന്ന പലിശ നിരക്കിൻ്റെ കാലം മാറി വരികയാണ്.

എഡൽവൈസ് അസറ്റ് റീ കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്നു പ്രൊമോട്ടർമാർ പണം വകമാറ്റിയെന്ന് ആരോപണം. കമ്പനിയുടെ പാർട്നറും മുൻ അഡീഷണൽ സോളിസിറ്റർ ജനറലുമായ പരസ് കുഹാദ് പ്രധാനമന്ത്രിയുടെ ഓഫീസിനാണു പരാതി നൽകിയത്. കമ്പനിയുടെ കണക്കുകൾ പരിശോധിക്കാൻ കമ്പനി കാര്യ മന്ത്രാലയം നിർദേശം നൽകി.

രസേഷ് ഷാ നയിക്കുന്ന എഡൽവൈസ് ഗ്രൂപ്പിന് ഓഹരി ബ്രോക്കിംഗ്, മ്യൂച്വൽ ഫണ്ട്, ലൈഫ് ഇൻഷ്വറൻസ്, ജനറൽ ഇൻഷ്വറൻസ്, അസറ്റ് മാനേജ്മെൻ്റ്, മോർട്ഗേജ് വായ്പ, നിക്ഷേപ ബാങ്കിംഗ് തുടങ്ങിയ മേഖലകളിൽ സാന്നിധ്യമുണ്ട്.

ഡോളർ ഇന്ന് അൽപം താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. 72.44 രൂപയാണ് ഇന്നു ഡോളറിൻ്റെ നിരക്ക്.

ലോകവിപണിയിൽ സ്വർണം 1748- 1750 ഡോളർ മേഖലയിൽ നിൽക്കുന്നു. കേരളത്തിൽ പവനു 160 രൂപ കൂടി 33,760 രൂപയായി.

ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില അൽപം താണു. ബ്രെൻ്റ് ഇനത്തിന് 67.54 ഡോളർ ആയി.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it