Begin typing your search above and press return to search.
ഉയർന്നിട്ടു ചാഞ്ചാട്ടം

ഉയർന്നു തുടക്കമിട്ട വിപണി പിന്നീട് ആ നേട്ടങ്ങൾ കൈവിടുന്ന താണ് ചൊവ്വാഴ്ച വിപണിയുടെ ആദ്യ മണിക്കൂറിൽ കണ്ടത്. ഒരു മണിക്കൂറിനു ശേഷം സൂചികകൾ ഗണ്യമായി തിരിച്ചു കയറി. നിഫ്റ്റി 15,000-നും സെൻസെക്സ് 50,800-നും മുകളിലായ ശേഷം വലിയ ചാഞ്ചാട്ടം കാണിച്ചു.
ബാങ്ക് ഓഹരികളാണ് ഇന്നും വിപണിയെ വലിച്ചു താഴ്ത്താൻ ശ്രമിക്കുന്നത്. തുടക്കത്തിൽ നിഫ്റ്റി ബാങ്ക് സൂചിക മുക്കാൽ ശതമാനത്തോളം താഴോട്ടു പോയി. പിന്നീടു തിരിച്ചു കയറി. വിദേശ നിക്ഷേപകർ നിഫ്റ്റി ബാങ്കിലെ ബുളളിഷ് ഓപ്ഷനുകൾ വിറ്റൊഴിഞ്ഞു വരികയാണ്. എസ് ബി ഐ, പഞ്ചാബ് നാഷണൽ ബാങ്ക്, കനറ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ബാങ്ക് എന്നിവ സ്വകാര്യവൽക്കരണ പട്ടികയിൽ ഇല്ലാത്തതു വിപണിയെ നിരാശപ്പെടുത്തി.
മഹാരാഷ്ട്രയിലും മറ്റും കോവിഡ് വ്യാപനം കൂടിയതും നിയന്ത്രണങ്ങൾ കടുപ്പിച്ചതും സിനിമാ തിയേറ്ററുകളിൽ വരുമാനം കുറച്ചു. പിവിആർ, ഇനോക്സ് തുടങ്ങിയ മൾട്ടിപ്ലെക്സ് കമ്പനികളുടെ ഓഹരി വില താഴോട്ടു പോയി.
വ്യാവസായിക ലോഹങ്ങളുടെ വിലക്കയറ്റം അൽപം താണത് ഹിൻഡാൽകോ പോലുള്ള ഓഹരികൾക്കു ക്ഷീണമായി. യൂറോപ്പിലെ സ്റ്റീൽ യൂണിറ്റുകളുടെ പ്രശ്നങ്ങൾ ടാറ്റാ സ്റ്റീലിനു ക്ഷീണമായി.
സ്വാഭാവിക റബർ വില
ഇന്ത്യയിലും ടോക്കിയോ, ഷാങ്ഹായ് വിപണികളിലും കുതിച്ചു കയറിയത് ടയർ ഓഹരികളുടെ വിലയിടിച്ചു. എട്ടുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയിലാണു റബർ ഇപ്പോൾ. ഫാക്ടറികളിലെ വർധിച്ച ആവശ്യത്തിനനുസരിച്ച് സ്വാഭാവിക റബർ കിട്ടാനില്ല.
ഡോളർ മൂന്നു പൈസ നേട്ടത്തിൽ 72.49 രൂപയിൽ തുടങ്ങിയെങ്കിലും താമസിയാതെ 72.42 രൂപയിലേക്കു താണു.
ലോക വിപണിയിൽ സ്വർണം 1735 ഡോളറിലാണ്. കേരളത്തിൽ പവൻ വില മാറ്റമില്ലാതെ 33,600 രൂപയിൽ തുടരുന്നു.
അമേരിക്കയിൽ സർക്കാർ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) താഴുന്ന വിധം വില ഉയർന്നിട്ടുണ്ട്. അതിൻ്റെ ചുവടുപിടിച്ച് ഇവിടെയും സർക്കാർ കടപ്പത്ര വില ഉയർന്നു. നിക്ഷേപനേട്ടം 6.198 ശതമാനമായി കുറഞ്ഞു. ആഴ്ചകൾക്കു ശേഷമാണ് നിക്ഷേപനേട്ടം 6.2 ശതമാനത്തിനു താഴെയാകുന്നത്.
Next Story