Begin typing your search above and press return to search.
കോവിഡും കിംവദന്തികളും വില്ലനായി

ഇന്ത്യയിലെ കോവിഡ് വ്യാപനം ആശങ്കാജനകമാണെന്ന നീതി ആയോഗിൻ്റെ പ്രസ്താവന വിപണികളെ നിരാശപ്പെടുത്തി. വിദേശ ഹെഡ്ജ് ഫണ്ടുകളുടെ ഊഹക്കച്ചവടം ചില ഇന്ത്യൻ ഓഹരികളിലും ഉണ്ടെന്നും മാർജിൻ പണം വർധിപ്പിക്കേണ്ടി വന്നാൽ അവയിൽ വിൽപന സമ്മർദം ഉണ്ടാകുമെന്നും കിംവദന്തി പരന്നു. ഇതെല്ലാം ഇന്നു രാവിലെ ഇന്ത്യൻ വിപണിയെ വലിച്ചു താഴ്ത്തി.
ജപ്പാനും ചൈനയുമടക്കമുള്ള ഏഷ്യൻ ഓഹരി കമ്പോളങ്ങൾ തുടക്കത്തിലെ നേട്ടങ്ങൾ കളഞ്ഞു ഗണ്യമായി താഴോട്ടു പോന്നു. ഏഷ്യൻ രാജ്യങ്ങളിൽ ഈ വർഷത്തെ സാമ്പത്തിക വളർച്ച ഇംഗ്ലീഷിലെ കെ (K) ആകൃതിയിലാകുമെന്ന യുഎൻ റിപ്പോർട്ട് മേഖലയിലെ ആശങ്ക വർധിപ്പിക്കുന്നതായി. അമേരിക്കൻ സൂചികകളുടെ അവധി വില താഴോട്ടു പോയതും വിപണിയെ താഴ്ത്തി.
ഐ ടി, ബാങ്ക് ഓഹരികളാണു തകർച്ചയ്ക്കു നേതൃത്വം നൽകിയത്. എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ മൂന്നു ശതമാനത്തിലേറെ താണു. വിദേശ ഫണ്ടുകൾ വലിയ താൽപര്യം പ്രകടിപ്പിച്ചിരുന്ന ഇൻഫി, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയും ഇടിഞ്ഞു.
പാർട്ടിസിപ്പേറ്ററി നോട്ട് വഴി വിദേശ ഹെഡ്ജ് ഫണ്ടുകൾ നിക്ഷേപം നടത്തിയിട്ടുള്ള ഓഹരികളിൽ വലിയ വിൽപന സമ്മർദം ഉണ്ട്.
സ്വർണം അന്താരാഷ്ട്ര വിപണിയിൽ 1679 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 200 രൂപ കുറഞ്ഞ് 32,880 രൂപയായി. ഈ മാസം പവന് കുറഞ്ഞത് 1560 രൂപ.
ഡോളർ 21 പൈസ വർധിച്ച് 73.59 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 73.55 രൂപയിലേക്കു താണു.
Next Story